22 November Friday

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

പി വി സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്‌

ബേസൽ > ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം. സ്വിറ്റ്‌സർലൻഡിലെ ബേസലിൽ ആഗസ്‌ത്‌ 25 വരെയാണ്‌ ലോക പേരാട്ടം.
പി വി സിന്ധുവും സൈന നെഹ്‌വാളും  ഉൾപ്പെടുന്ന ഇന്ത്യൻനിര പ്രതീക്ഷയോടെയാണ്‌ ഇറങ്ങുന്നത്‌. പുരുഷന്മാരിൽ മുൻ ലോക ഒന്നാം നമ്പർ കിഡംബി ശ്രീകാന്ത്‌, മലയാളി താരം എച്ച്‌ എസ്‌ പ്രണോയ്‌, സായ്‌ പ്രണീത്‌ എന്നിവരും മെഡൽ സാധ്യതയിലുണ്ട്‌. തായ്‌ലൻഡ്‌ ഓപ്പൺ കിരീടം ചൂടിയ പുരുഷ ഡബിൾസ്‌ സഖ്യമായ സാത്വിക്‌സായ്‌രാജ്‌ രങ്കി റെഡ്ഡി–-ചിരാഗ്‌ ഷെട്ടി അവസാന നിമിഷം പിൻമാറിയത്‌ തിരിച്ചടിയായി. 

ചൈനയിലെ നാൻജിങ്ങിൽ നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ വെള്ളിനേട്ടത്തിൽ ഇന്ത്യ ആശ്വസിച്ചു. ഫൈനലിൽ സ്‌പെയ്‌നിന്റെ കരോളിന മരിനോട്‌ കീഴടങ്ങുകയായിരുന്നു. 2017ലും ഫൈനലിൽ ജപ്പാന്റെ നസോമി ഒകുഹാരയോട്‌ തോറ്റ്‌ വെള്ളിയുമായി മടങ്ങുകയായിരുന്നു ഹൈദരാബാദുകാരി. സൈനയുടെ പോരാട്ടം ക്വാർട്ടർ വരെയായിരുന്നു.  പുരുഷന്മാരിൽ നേട്ടമില്ല. ക്വാർട്ടറിലെത്തിയ സായിയുടേതാണ്‌ മികച്ച പ്രകടനം. ശ്രീകാന്തിന്‌ പ്രാഥമികഘട്ടം താണ്ടാനായില്ല. ഡബിൾസിൽ നിന്നും നേട്ടമുണ്ടാക്കാനായില്ല.

ഇത്തവണ സിന്ധുവും ശ്രീകാന്തുമാണ്‌ ഇന്ത്യൻ നിരയിലെ കരുത്തർ. ലോക അഞ്ചാം റാങ്കുകാരിയായ സിന്ധു ഇന്തോനേഷ്യൻ ഓപ്പണിൽ ജപ്പാന്റെ അകാനെ യമുഗാച്ചിയോട്‌ കീഴടങ്ങി. ജപ്പാൻ ഓപ്പണിലും യമുഗാച്ചിയുടെ മുന്നിൽ തുടക്കത്തിൽ വീണു. തായ്‌ലൻഡ്‌ ഓപ്പണിൽനിന്ന്‌ പിന്മാറി. എട്ടാം റാങ്കുകാരിയായ സൈനയും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്‌. സിന്ധുവും സൈനയും നേരിട്ട്‌ രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്‌. യമുഗാച്ചിയാണ്‌ വനിതകളിൽ നിലവിലെ ഒന്നാം റാങ്കുകാരി. ഒളിമ്പിക്‌ ചാമ്പ്യൻ പരിക്കുകാരണം പിന്മാറി.

പുരുഷ റാങ്കിങ്ങിൽ പത്താമതാണ്‌ ശ്രീകാന്ത്‌. അയർലൻഡിന്റെ നാത്‌ എൻഗുയേനാണ്‌ ആദ്യ റൗണ്ടിലെ എതിരാളി. സായ്‌, പ്രണോയ്‌, സമീർ വർമ എന്നിവരും പുരുഷ സിംഗിൾസിൽ കളത്തിലിറങ്ങും. ഡബിൾസിൽ അശ്വിനി പൊന്നപ്പ–-സാത്വിക്‌, പൊന്നപ്പ–-സിക്കി എൻ റെഡ്ഡി സഖ്യത്തിലും ഇന്ത്യ സ്വപ്‌നം കാണുന്നു.


പ്രധാന വാർത്തകൾ
 Top