07 July Tuesday

ചാമ്പ്യന്മാരെ വീഴ്‌‌‌‌ത്തി വരവറിയിച്ചു; വനിതാ ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

സിഡ്‌നി > വനിതകളുടെ ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഉജ്വല വിജയം നേടി ഇന്ത്യ. നിലവിലെ ലോക ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ 17 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് വിക്കറ്റിന് 132 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. പുറത്താകാതെ 49 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 46 പന്തില്‍ 3 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ദീപ്തി ശര്‍മ്മ 49 റണ്‍സ് നേടിയത്.

ദീപ്തി ശര്‍മ്മയ്‌ക്ക് പുറമേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മ, ജെ ഐ റോഡ്രിഗസ് എന്നിവരും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഷഫാലി വര്‍മ്മ 29 റണ്‍സ് നേടി. 26 റണ്‍സാണ് ജെ ഐ റോഡ്രിഗ്സിന്റെ സമ്പാദ്യം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യ ബൗളിങ് മികവ് അറിഞ്ഞു. ഒരു പന്ത് ബാക്കിനില്‍ക്കെ 115 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. ഓസീസ് നിരയില്‍ ഓപ്പണര്‍ അലീസ്സ ഹീലി (51), ആഷ്ലെ ഗാര്‍ഡ്നര്‍ (34) എന്നിവരൊഴികെ മറ്റൊരും രണ്ടക്കം കടന്നില്ല. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് ഹീലി ഓസീസിന്റെ ടോപ്സ്‌കോററായത്.

നാലു വിക്കറ്റെടുത്ത പൂനം യാദവും മൂന്നു വിക്കറ്റ് പിഴുത ശിഖ പാണ്ഡെയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പൂനം നാലു പേരെ പുറത്താക്കിയത്.

ഇതുവരെ നടന്ന ആറു ലോകകപ്പുകളില്‍ നാലു തവണയും ഓസീസിനായിരുന്നു കിരീടം. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ ജേതാക്കളായി. ഇന്ത്യ മൂന്നു വട്ടം സെമി ഫൈനലില്‍ കടന്നു.


പ്രധാന വാർത്തകൾ
 Top