25 May Monday

കണ്ണീരല്ല, ഇനി കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 9, 2020

കണ്ണീരണിഞ്ഞ ഷഫാലിയെ ആശ്വസിപ്പിക്കുന്ന ഹർലീൻ. മന്ദാന സമീപം

മെൽബൺ > പാഴാക്കിയ ക്യാച്ചുകളുടെ നിരാശയിലാണ്‌ ഇന്ത്യൻ ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ. എങ്കിലും ആത്മവിശ്വാസമുണ്ട്‌ ക്യാപ്‌റ്റന്‌. ഈ ടീമിൽ പൂർണമായും വിശ്വാസമുണ്ടെന്നായിരുന്നു പ്രതികരണം. ചെറുപ്പമാണ്‌ ടീമിന്‌. രണ്ട്‌ പേർ 16 വയസ്സിലെത്തിയതേയുള്ളൂ. നാളെ ഇന്ത്യൻ ക്രിക്കറ്റിനെ  ഇവർ നയിക്കും. ഒന്നരവർഷം കഴിഞ്ഞാണ്‌ അടുത്ത ലോകകപ്പ്‌. ടീമിലെ അഞ്ചുപേർ മാത്രമാണ്‌ 25 വയസ്സിന്‌ മുകളിലുള്ളവർ.

ഫൈനലിൽ ആലിസ ഹീലിയുടെ നിർണായക ക്യാച്ച്‌ പാഴാക്കിയെങ്കിലും ഈ ലോകകപ്പിൽ ഇന്ത്യയുടെ തുരുപ്പുചീട്ട്‌ ഷഫാലിയായിരുന്നു. ഫൈനലിൽ മാത്രമാണ്‌ മങ്ങിയത്‌. ലീഗ്‌ ഘട്ടത്തിൽ എല്ലാ കളിയിലും ഈ പതിനാറുകാരി റണ്ണടിച്ചുകൂട്ടി. ഹർമൻപ്രീതും സൂപ്പർതാരം സ്‌മൃതി മന്ദാനയും പൂർണമായും മങ്ങിയപ്പോൾ ഷഫാലി ഒറ്റയ്‌ക്കാണ്‌ ബാറ്റിങ്‌ നിരയെ തോളേറ്റിയത്‌. ലോകകപ്പ്‌ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്‌ ഷഫാലി.

പത്തൊമ്പതുകാരി ജമീമ റോഡ്രിഗസും ടീമിന്‌ മുതൽക്കൂട്ടാണ്‌. മൂന്നാം നമ്പറിൽ സ്ഥിരത കാട്ടുന്ന ജമീമയ്‌‌ക്ക്‌ ഫൈനലിൽ കാലിടറി. മൂന്ന്‌ കളിയിൽ ആറ്‌ വിക്കറ്റ്‌ നേടിയ രാധാ യാദവും ഭാവിയിലേക്കുള്ള താരമാണ്‌. ശ്രീലങ്കയുമായുള്ള കളിയിൽ നാല്‌ വിക്കറ്റായിരുന്നു ഈ പത്തൊമ്പതുകാരി നേടിയത്‌.റിച്ച ഘോഷാണ്‌ മറ്റൊരു കൗമാരതാരം. ലോകകപ്പിൽ രണ്ട്‌ മത്സരങ്ങളിൽ ഈ പതിനാറുകാരി ഇറങ്ങി. ഹർലീൻ ഡിയോൾ, പൂജ വസ്‌ട്രാക്കർ എന്നിവരും അടുത്ത ലോകകപ്പിലേക്കുള്ള താരങ്ങളാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top