14 October Monday

ഇനിയൊരു ബോൾട്ട് ജനിക്കുമോ

എ എൻ രവീന്ദ്രദാസ്‌Updated: Wednesday Jul 24, 2024

ഉസൈൻ ബോൾട്ട്‌

മൂന്ന് ഒളിമ്പിക്‌സിൽ സ്പ്രിന്റ് ഡബിൾ നേടുകയെന്നത് അവിശ്വസനീയവും അമ്പരപ്പ് ഉളവാക്കുന്നതുമാണ്. 1896 ൽ തുടങ്ങിയ ആധുനിക ഒളിമ്പിക്‌സിന്റെ നാൾവഴികളിൽ ആണായോ പെണ്ണായോ മറ്റാരും ഈ നേട്ടം കൈവരിച്ചിട്ടില്ല. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യകുലത്തിൽ കറുപ്പിൽ കടഞ്ഞെടുത്ത ഈ ജമൈക്കൻ പ്രതിഭാസത്തേക്കാൾ വലിയൊരു വേഗക്കാരനെ ലോകം കണ്ടിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് ശാസ്ത്രലോകവും കരുതുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഈ വേഗപ്പറവയ്ക്ക് അവകാശപ്പെട്ടതാണ്. ശാരീരീകശേഷി കൂട്ടാൻ മരുന്നുകളും സ്റ്റിറോയ്‌ഡുകളും ഉപയോഗിക്കുകയും കായികതാരങ്ങളെ ലബോറട്ടറികളിൽ വാർത്തെടുക്കുകയും ചെയ്യുന്ന കാലത്ത്, തന്റെ പേശികളുടെ ബലത്തിൽ വിശ്വാസമർപ്പിച്ച് ട്രാക്കിൽ പോരാടിയ ഉസൈൻ ബോൾട്ട് അത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.


എ എൻ രവീന്ദ്രദാസ്‌

എ എൻ രവീന്ദ്രദാസ്‌

ഒളിമ്പിക്സിന്റെ ജീവൻ അത്‌ല‌റ്റിക്‌സാണെങ്കിൽ ട്രാക്കിലെ ഏറ്റവും ആകർഷകമായ  ഇനം 100 മീറ്റർ ആണ്. വിശ്വകായികമേളയുടെ  പരിണാമഘട്ടങ്ങളിലൂടെ  രൂപഭേദം  പ്രാപിച്ച ഹൃദയഹാരിയായ  മത്സരമാണ് 100 മീറ്റർ സ്പ്രിന്റ്.  അത്‌ലറ്റിക്‌സിന്റെ ഈ ആകർഷകത്വം  ഒരുപക്ഷേ  ഫുട്ബോളിനൊഴിച്ച്  മറ്റൊരു  ഗെയിമിനുമില്ല. പേരിനു പത്ത് സെക്കൻഡ്  മാത്രം നീണ്ടുനിൽക്കുന്ന പന്തയം. ആ പത്ത് സെക്കൻഡിലേയ്ക്കും മനുഷ്യശക്തിയുടെ  പാരമ്യത  മുഴുവൻ സ്ഫോടനാത്മകമായ  നിലയിലെത്തുന്നു.

മനുഷ്യശരീരത്തിന്റെ  ഈ സ്ഫോടനകശക്തി  അനുദിനം വർധിച്ചുവരികയായിരുന്നു. ഒളിമ്പിക് ചരിത്രത്തിൽ മാത്രമല്ല,  അത്‌ലറ്റിക്സിൽ ആദ്യമായി  മനുഷ്യൻ 10 സെക്കൻഡിൽ താഴെ  100 മീറ്റർ ഓടിയെത്തിയത്  1968ൽ മെക്സിക്കോ സിറ്റിയിൽ വച്ചാണ്. അമേരിക്കക്കാരൻ ജിം  ഹൈൻസാണ്  (9.9 സെക്കൻഡ്) ആ നേട്ടത്തിനുടമ.

ഓരോ പത്ത് മീറ്ററിനും ജിം ഹയ്‌ൻസ് ഓരോ  സെക്കൻഡു പോലും എടുത്തിരുന്നില്ല. അതിനും എട്ടു വർഷം മുമ്പ്  1960ലെ  റോം  ഒളിമ്പിക്സിൽ ജർമനിയുടെ  മിക്കവാറും അജ്ഞാതനായ  ആർമിൻ ഹാരി കുറിച്ച 19.2 സെക്കൻഡ്  ഹ്രസ്വ

ജിം  ഹൈൻസ്‌

ജിം ഹൈൻസ്‌

സ്പ്രിന്റിലെ  വരാനിരിക്കുന്ന സമയവിസ്ഫോടനത്തിന്റെ  സൂചന നൽകിയിരുന്നു.

മനുഷ്യന്  കൂടുതൽ  വേഗത്തിൽ ഓടാൻ ശാരീരികമായി  കഴിയുമോ  എന്ന ചോദ്യം  അലട്ടിയിരുന്ന അത്‌ലറ്റിക് വിദഗ്‌ധരും  ശാസ്ത്രലോകവും  ജിം ഹൈൻസ്‌  9.9  സെക്കൻഡ്  കുറിച്ചപ്പോൾ  അമ്പരന്നിരിക്കാം. ഇരുപത്തിയെട്ടു കൊല്ലത്തിനു ശേഷം  1996ൽ  അറ്റ്‌ലാന്റയിൽ കാനഡയുടെ ഡോണോ വൻ ബെയ്‌ലി 9.84 സെക്കൻഡിലെത്തി ലോക റെക്കോർഡു തകർത്തു. പിന്നാലെ  ഒളിമ്പിക്സിനു പുറത്ത് അമേരിക്കയുടെ  മൗറിസ് ഗ്രീൻ  9.79 സെക്കൻഡോടെ  ആ സമയം  പുതുക്കി.

100 മീറ്റർ വേഗപ്പോരിന്റെ പരിണാമ  വ്യതിയാനങ്ങൾ  മനോഹരമാണ്.  1936ൽ  ബർലിനിൽ ജെസ്സി ഓവൻസിന് നാല്  ഒളിമ്പിക്  സ്വർണം നേടി  നാസിസത്തെ  തലതാഴ്ത്തിക്കാനായെങ്കിലും 100 മീറ്ററിൽ  തന്റെ തൊട്ടു മുൻഗാമി  എ ഡി ടോലന്റെ ലോസ് ഏയ്ഞ്ചൽസിലെ  10.3  സെക്കൻഡിനപ്പുറമെത്താനായില്ല.

രണ്ടാം  ലോകയുദ്ധം  മുടക്കിയ  രണ്ടു  ഒളിമ്പിക്സുകൾക്കുശേഷം  1948ൽ  ലണ്ടനിൽ പുനരാരംഭിച്ച  ഗെയിംസിൽ  വേഗക്കാരനായ  അമേരിക്കയുടെ  ഹാരിസൻ ഡില്ലാർഡിനും തന്റെ  പ്രശസ്തരായ  മുൻഗാമികളും നാട്ടുകാരുമായ  ടോലനെയോ ഓവൻസിനേയോ  കടത്തിവെട്ടാനായില്ല. സമയം  ഒളിമ്പിക്  റെക്കോർഡിനൊപ്പമെത്തിയ 10.3  സെക്കൻഡ് തന്നെ.

നൂറ് മീറ്ററിന്റെ സമയരേഖകളുടെ  കണക്കുപുസ്തകം  തന്നെയാണ്  1968ൽ ജിം  ഹൈൻസ് തരിപ്പണമാക്കിയത്.  1908 മുതൽ  1948 വരെ  ആദ്യം  10.8 സെക്കൻഡിലും പിന്നെ 10.6 സെക്കൻഡിലും കറങ്ങുകയായിരുന്ന ലോക റെക്കോഡിനാണ് ജിം പുതിയ ജീവവായുയേകിയത്.

സ്പ്രിന്റ്  വസന്തത്തിന്റെ പുതിയൊരദ്ധ്യായം എഴുതിച്ചേർത്ത  1976 മോൺട്രിയലിൽ ട്രിനിഡാഡുകാരൻ ഹെയ്‌സ്‌ലി ക്രാഫോഡിനോ (10.06),  ബ്രിട്ടൻ ബഹിഷ്കരിച്ച 1980 മോസ്കോ ഗെയിംസിൽ വ്യക്തിഗതമായി പങ്കെടുത്ത അലൻ വെൽസിനോ  (10.25)  നിലവിലെ റേക്കോർഡിനടുത്തെങ്ങുമെത്താനായില്ല.

കാൾ ലൂയിസ്‌

കാൾ ലൂയിസ്‌

1984 ലോസ് എയ്ഞ്ചൽസ് മുതൽ 1992 ബാ‌ഴ്‌സ‌ലോണ വരെ  അമേരിക്കയുടെ  സൂപ്പർതാരം  കാൾ ലൂയിസിന്റെ  യുഗമായിരുന്നു. പറക്കും ഫിൻ എന്ന പാവോ നൂർമിയുടെ  ഒമ്പത്  ഒളിമ്പിക്  സ്വർണ മെഡലുകൾക്കൊപ്പമെത്തിയതിനു പുറമേ, ലോക അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ എട്ട് രജതമുദ്രകളും കരസ്ഥമാക്കിയ  കാൾ ലൂയിസ്  വേഗരാജനും ചാട്ടക്കാരനുമായിരുന്നു. 

1984ൽ  9.99 സെക്കൻഡിൽ  നൂറ് മീറ്റർ  സ്വർണം.  1988 സോൾ  ഗെയിംസിൽ  കാനഡക്കാരൻ ബെൻ ജോൺസൺ ലോക റെക്കോർഡ് നേടിയ സ്വർണം മരുന്നടിയിൽ ഒലിച്ചുപോയപ്പോൾ, ഒളിമ്പിക് റെക്കോർഡോടുകൂടി  അത് ലൂയിസി (9.92) ന്റേതായി.

1991 ലെ ടോക്കിയോ  ലോക ചാമ്പ്യൻഷിപ്പിലാണ്  കാൾ ലൂയിസിന്റെ ലോകറെക്കോർഡ് പിറന്നത്. അന്ന് 9.96 സെക്കൻഡിൽ സ്വർണവും ലോകരേഖയും സ്വന്തമാക്കിയ അമേരിക്കക്കാരനു പിന്നിൽ മറ്റു ഏഴിൽ ആറ്

ബെൻജോൺസൺ

ബെൻജോൺസൺ

പ്രതിയോഗികളും ഒപ്പത്തിനൊപ്പം കുതിച്ചപ്പോൾ ലോകം  കണ്ട എക്കാലത്തെയും വലിയ  ഓട്ടപ്പന്തയമായി അത് ചരിത്രത്തിലേക്കു കയറി.

1992ൽ ബ്രിട്ടന്റെ ലിൻഫോർഡ് ക്രിസ്റ്റിയും (9.96 സെക്കൻഡ്)  1996ൽ കനഡയുടെ  ഡോണോ വൻ ബെയ്‌ലിയും (9.84 ലോക റെക്കോർഡ്) ആണ്  ഒളിമ്പിക്സിലെ വേഗക്കാരായത്.

യു എസിന്റെ ഓട്ടക്കാരായ  മൗറിസ് ഗ്രീൻ 2000ത്തിലും (9.87 സെക്കൻഡ്)  ജസ്റ്റിൻ ഗാറ്റ്‌ലിൻ 2004 ലും  (9.85) വേഗത്തിന്റെ തേരു തെളിച്ചപ്പോൾ 2008 ബെയ്ജിങ്‌  മുതൽ  2016 റിയോ വരെ  ജമൈക്കക്കാരൻ  ഉസൈൻ ബോൾട്ടിന്റെ  വിസ്മയവേഗങ്ങൾ കണ്ട്  ലോകം  അന്തിച്ചുപോയ  നൂറ് മീറ്റർ പന്തയങ്ങളുടെ  സുരഭിലനാളുകളാണ്. അത് ഒളിമ്പിക്സ്   ട്രാക്കിൽ മാത്രം  വീശിയതല്ല,  ലോക ചാമ്പ്യൻഷിപ്പിലും റെക്കോഡുകളിൽ നിന്ന് റെക്കോഡുകളിലേക്ക് പറന്ന വേഗഗണിതങ്ങളാണ്.

ബെയ്‌ജിങ്ങിൽ വീശിയ കൊടുങ്കാറ്റ്


‘‘ജമൈക്ക എഴുന്നേറ്റു നിൽക്കൂ. ഇത് എന്റെ  ജനതയ്ക്കുള്ളതാണ്.’’  നിരനിരയായി  മൂന്നാമത്തെ ഒളിമ്പിക്സിലും  വേഗരാജാവായതിനു ശേഷം  ഉസൈൻ സെന്റ്  ലിയോ ബോൾട്ട്  റിയോയിൽ ട്വിറ്ററിൽ  കുറിച്ചത്   ഇങ്ങനെയായിരുന്നു. അത്‌ലറ്റിക്

ഉസൈൻ ബോർട്ടിന്റെ വിജയമുദ്ര

ഉസൈൻ ബോർട്ടിന്റെ വിജയമുദ്ര

 ലോകം  ഇതുവരെ  കണ്ടതിൽ വച്ച് ഏറ്റവും വലിയ മിന്നൽപ്പിണരിനു മുന്നിൽ ജമൈക്ക മാത്രമല്ല ലോകം  മുഴുവൻ എഴുന്നേറ്റു നിന്നു.

ബ്രസീലിൽ റിയോ ഡി ജനിറോയിലെ ജാവോ ഹാവലാഞ്ച്  ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് എല്ലാ കണ്ണുകളും ഒഴുകിയിറങ്ങിയ ദിവസം–2016 ഓഗസ്റ്റ് 15. പത്തു നിമിഷങ്ങൾ. അതിനൊടുവിൽ 2008 ബെയ്‌ജിങിലും  2012 ലണ്ടനിലും  കണ്ട അതേ കാഴ്ചകൾ. എതിരാളികൾ മാത്രമേ  മാറിയുള്ളൂ; അവരുടെ സ്ഥാനങ്ങളും. ഒന്നാം സ്ഥാനക്കാരന് മാറ്റമില്ല.

ഒളിമ്പിക്സ് തുടങ്ങും മുമ്പേ  ലോകത്തിന്റെ ശ്രദ്ധ മുഴുവൻ തന്നിലേക്കാവാഹിച്ച ഉസൈൻ ബോൾട്ടിനു തന്റെ മൂന്നാമത്തെ ഒളിമ്പിക്‌സായ റിയോയിൽ വിജയം മറ്റു രണ്ട്  ഗെയിംസിലെയും പോലെ  അനായാസമായിരുന്നില്ല. ശക്തനായ  പ്രതിയോഗി  ജസ്റ്റിൻ ഗാറ്റ്‌ലിനെ അവസാന 25 മീറ്ററിൽ കൊടുങ്കാറ്റിനെ വെല്ലുന്ന കുതിപ്പിൽ പിന്നിലാക്കി,  ഒന്നയഞ്ഞ്  ബോൾട്ട് ഫിനിഷിങ് ലൈൻ തൊടുമ്പോൾ സമയം 9.81 സെക്കൻഡ്. 

9.89 ന് ഗാറ്റ്‌ലിൻ രണ്ടാമനും കാനഡയുടെ ആന്ദ്രെ ഡിഗ്രാസ്  മൂന്നാമനുമായി. റിയോയിലേക്കുള്ള  തയ്യാറെടുപ്പിൽ  ബോൾട്ടിനേക്കാൾ മികച്ച സമയത്തിൽ ഗാറ്റ്‌ലിൻ  ഓടിയിരുന്നു. എന്നാൽ  ഫൈനലിന്  ഒന്നേകാൽ മണിക്കൂർ മുമ്പ് പൂർത്തിയാക്കിയ സെമി ഫൈനലിൽ ഏറ്റവും  മികച്ച സമയം  ബോൾട്ടിന്റെ (9.86 സെക്കൻഡ്) തായിരുന്നു.

ഉസൈൻ ബോൾട്ട്‌

ഉസൈൻ ബോൾട്ട്‌

മൂന്നാമത്തെ  ഒളിമ്പിക്‌സിലും  വേഗത്തിന്റെ കിരീടം  കൈവിടാതെ കാത്ത ആറടി അഞ്ചിഞ്ചുകാരന്റെ നീളൻ ചുവടുകൾക്കും കുതിപ്പിനും വിജയപ്രകടനങ്ങൾക്കും  മാറ്റമുണ്ടായില്ല.  ഒതുങ്ങിയ  ഇടുപ്പും വിരിഞ്ഞ ചുമലും  കൊടുങ്കാറ്റുപോലുള്ള വരവും  അവസാനം  അനായാസ താളത്തിൽ രണ്ടും കൈയും  വിടർത്തി ലോകത്തെ  പുണരുന്ന ഭാവവും  വിരിഞ്ഞ  ചിരിയും  അതേപടി തന്നെ.  വർഷങ്ങൾ കടന്നുപോയിട്ടും ഈ ജമൈക്കൻ കരുത്തിന്റെ  കാലുകൾക്കും മനസ്സിനും  ബലം വർധിച്ചതേയുള്ളു.

അസഫ പവൽ

അസഫ പവൽ

സ്പ്രിന്റ് രാജാവിന്റെ  ഒളിമ്പിക്‌സിലെ   യാത്ര  റിയോയിൽ പൂർത്തിയായി.  മറ്റു രണ്ടു വേഗപ്പോരുകളായ  200 മീറ്ററിലും 4 X 100 മീറ്ററിലും പ്രഭാവശാലിയായത്  ബോൾട്ട് തന്നെ. 200 മീറ്ററിൽ 19.32 സെക്കൻഡിൽ രണ്ടാം സ്വർണം. 

തുടർച്ചയായ രണ്ടാമത്തെ ഒളിമ്പിക്സിലും  യുഎസ്  ടീം അയോഗ്യരായ 4 X 100  മീറ്റർ റിലേയിൽ  അസഫ പവലിൽ തുടങ്ങി  യൊഹാൻ ബ്ലേക്ക്,  നിക്കൽ ആഷ്‌മിഡ് എന്നിവരിലൂടെ ബോൾട്ടിലേക്ക് ബാറ്റൺ എത്തിയപ്പോൾ സ്റ്റേഡിയം ഇരമ്പിമറിഞ്ഞു. 

37.27 സെക്കൻഡിന്  ജമേക്ക  നേടിയപ്പോൾ  ബോൾട്ടിന് ഒമ്പതാം  സ്വർണം. (2008 ബെയ്‌ജി‌ങ്  ഒളിമ്പിക്‌സിൽ ബോൾട്ട്  ഉൾപ്പെട്ട  ജമൈക്കൻ ടീം റിലേ സ്വർണം നേടിയെങ്കിലും നെസ്റ്റർ കാർട്ടർ മരുന്നു കഴിച്ചതായി  തെളിഞ്ഞതിനാൽ  പിന്നീട് മെഡൽ തിരിച്ചെടുത്തു.  അതോടെ  ബോൾട്ടിന്  ഒരു സ്വർണമെഡൽ  നഷ്ടമായി).

ബെയ്‌ജിങിലെ  പക്ഷിക്കൂട്  സ്റ്റേഡിയത്തിൽ ബോൾട്ട്  100 മീറ്റർ ക്വാർട്ടർ ഫൈനൽ  9.92  സെക്കൻഡിൽ  ഓടിയെത്തി. സെമിയിൽ  9.58  സെക്കൻഡ്.  ഫൈനലിൽ  9.69 സെക്കൻഡിന്റെ പുതിയ  ഒളിമ്പിക് റെക്കോർഡ്.  രണ്ടാമതെത്തിയ റിച്ചാർഡ്  തോംസൺ  9.89  സെക്കൻഡിനാണ്  ഫിനിഷ് ചെയ്തത്. കാറ്റിന്റെ ആനുകൂല്യം  തീരെ  ഉണ്ടായിരുന്നില്ലെങ്കിലും  ഫിനിഷിൽ ബോൾട്ട് വേഗം കുറച്ചു.  ആദ്യത്തെ 60 മീറ്ററിലെ ഓട്ടം കണക്കാക്കിയാൽ 9.52 സെക്കൻഡിൽ എത്താമായിരുന്നു.

ബെയ്ജിങിലെ  പക്ഷിക്കൂട്  സ്റ്റേഡിയത്തിൽ ബോൾട്ട്  100 മീറ്റർ ക്വാർട്ടർ ഫൈനൽ  9.92  സെക്കൻഡിൽ  ഓടിയെത്തി.  സെമിയിൽ  9.58  സെക്കൻഡ്.  ഫൈനലിൽ  9.69 സെക്കൻഡിന്റെ പുതിയ  ഒളിമ്പിക് റെക്കോർഡ്.  രണ്ടാമതെത്തിയ  റിച്ചാർഡ്  തോംസൺ  9.89  സെക്കൻഡിനാണ്  ഫിനിഷ് ചെയ്തത്. 

കാറ്റിന്റെ  ആനുകൂല്യം  തീരെ  ഉണ്ടായിരുന്നില്ലെങ്കിലും  ഫിനിഷിൽ ബോൾട്ട് വേഗം കുറച്ചു. ആദ്യത്തെ 60 മീറ്ററിലെ ഓട്ടം കണക്കാക്കിയാൽ 9.52 സെക്കൻഡിൽ എത്താമായിരുന്നു.

200 മീറ്ററിൽ  ബോൾട്ട് ഒരു ചുഴലിക്കാറ്റ്‌ വീശുന്നതുപോലെ 19.30 സെക്കൻഡിൽ ഓടിയെത്തി സ്വർണം ചൂടിയപ്പോൾ  തകർന്നത്  മൈക്കൽ  ജോൺസണിന്റെ ലോക റെക്കോർഡാണ് (19.32). 4 X 100  മീറ്ററിൽ 37.10 സെക്കൻഡിൽ ജമൈക്ക വിജയക്കുതിപ്പ്‌ നടത്തിയപ്പോൾ  ഒരാഴ്ചക്കുള്ളിൽ ഉസൈൻ ബോൾട്ടിന്റെ ഷോ കേസിലെത്തിയത്  മൂന്ന് റെക്കോർഡ്, മൂന്ന് സ്വർണം.

യൊഹാൻബ്ലേക്ക്

യൊഹാൻബ്ലേക്ക്

 2012 ലണ്ടൻ  ഒളിമ്പിക്സിനു പതിന്മടങ്ങു പ്രഭാവത്തോടെയെത്തിയ  ബോൾട്ടിനൊപ്പം 100 മീറ്റർ പോരാട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പ്രിന്റർമാർ ഓടാനുണ്ടായിരുന്നു. അമേരിക്കയുടെ ടൈസൻ ഗേ,  ജസ്റ്റിൻ ഗാറ്റ്‌ലിൻ, ഡോണോവൻ ബെയ്‌ലി‌, ട്രിനിഡാഡിന്റെ റിച്ചാർഡ്  തോംസൺ, ജമൈക്കയുടെ തന്നെ യൊഹാൻ ബ്ലേക്ക്, ഹോളണ്ടിന്റെ ചുരാണ്ടി എന്നിവരൊക്കെ.

ടൈസൻ ഗേ പേശിവലിവു മൂലം കഴിഞ്ഞ  ഒളിമ്പിക്‌സിസിൽ മത്സരിച്ചില്ല. ഗാറ്റ്‌ലിനാകട്ടെ മരുന്നുപയോഗത്തിന്  വിലക്കു കഴിഞ്ഞ് തിരിച്ചത്തെിയതാണ്. എല്ലാവരും  ഫൈനലിലെത്തിയപ്പോൾ ഏഴാം ലൈനിൽ ഓടിയ ബോൾട്ടിന്  9.63  സെക്കൻഡിൽ ഒളിമ്പിക് റെക്കോർഡോടെ  സ്വർണം. ബ്ലേക്ക് രണ്ടാമതും ഗാറ്റ്‌ലിൻ മൂന്നാമതുമെത്തി.

പിന്നാലെ  200 മീറ്ററിൽ  19.32 സെക്കൻഡിൽ ഒന്നാമനായ  ഉസൈൻ  ബോൾട്ട്  ഒളിമ്പിക്സിൽ രണ്ട്  തവണ  സ്പ്രിന്റ്  ഡബ്ൾ നേടുന്ന ആദ്യ അത്‌ലിറ്റ് എന്ന  ചരിത്ര നേട്ടത്തിനുടമയായി.  4x100  മീറ്ററിൽ  ഗാറ്റ്‌ലിനും  ടൈസൻ ഗേയും  ഉൾപ്പെട്ട  അമേരിക്കൻ  ടീമിനെ മത്സരത്തിൽ  അയോഗ്യരായി പ്രഖ്യാപിച്ചു.

അത്  വിവാദത്തിനിടയാക്കിയെങ്കിലും   ഭൂലോകത്തിൽ   വേഗമുണ്ടെങ്കിൽ അത് ജമെക്കൻ നാട്ടുകാർക്കെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  നെസ്റ്റർ കാർട്ടറും മൈക്കേൽ ഫ്രേറ്ററും യൊഹാൻ ബ്ലേക്കും  ഉസൈൻ ബോൾട്ടും ഉൾപ്പെട്ട  ടീം തങ്ങളുടെ ഒളിമ്പിക്  റെക്കോർഡ്  തിരുത്തിയെഴുതി (36.84 സെക്കൻഡ്).

2008 ഓഗസ്റ്റ് 16ന് ബെയ്‌ജിങ്  ഒളിമ്പിക്സിന്റെ  മുഖ്യവേദിയായ  പക്ഷിക്കൂട് സ്റ്റേഡിയത്തിലേക്ക് ലോകത്തിന്റെ മുഴുവൻ  ശ്രദ്ധയും ഒഴുകിയിറങ്ങിയ കാഴ്ച  അവസാനിച്ചത്, ഒൻപതാണ്ടിനൊടുവിൽ 2017ലെ  ലണ്ടൻ  ലോക അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ ബോൾട്ട് സ്‌പൈക്ക്  അഴിച്ചുവെച്ചപ്പോഴാണ്. 

ബോർട്ടിന്റെ വിജയകുതിപ്പ്‌

ബോർട്ടിന്റെ വിജയകുതിപ്പ്‌

വേഗപ്പോരിന്റെ രാജാധിരാജനായ  ഉസൈൻ സെന്റ് ലിയോ ബോൾട്ട്  ലണ്ടൻ ലോകമീറ്റിൽ തന്റെ അവസാന മത്സരത്തിൽ കാലിടറി വീണപ്പോൾ ആ കാഴ്‌ച കാണാനാവാതെ  ലോകം കണ്ണു പൊത്തിപ്പോയി.  ഇനി കീഴടക്കാൻ  അതിരുകളൊന്നുമില്ലാത്ത മനുഷ്യപ്പറവയ്ക്ക് എതിരാളികൾ പോലും ഇങ്ങനെയൊരു  വിടവാങ്ങൽ ആഗ്രഹിച്ചിട്ടില്ല.

അവസാന മത്സരമായ 4 X 100  മീറ്റർ റിലേയിൽ  മത്സരം പൂർത്തിയാക്കാനാവാതെ വീണുപോയ  ബോൾട്ടിനു തന്റെ അവസാന  ലോക ചാമ്പ്യൻഷിപ്പിൽ  ലണ്ടനിലെ  ട്രാക്കിൽ നിന്നു കിട്ടിയത്  100 മീറ്ററിലെ  വെങ്കല മെഡൽ മാത്രം.

ജമൈക്കയിലെ ഷെർവുഡ്  കണ്ടന്റിൽ നിന്ന് ഉദിച്ചുയർന്ന് അത്‌ലറ്റിക്‌സിന്റെ  മല്ലീശ്വരൻ കുന്നിലേറി നിത്യവിസ്മയമായി  മാറിയ  ഉസൈൻ ബോൾട്ട്  മുപ്പതാം വയസ്സിൽ  അവസാന അങ്കത്തിനിറങ്ങുമ്പോൾ  സുവർണ വിടവാങ്ങൽ കാത്തിരുന്നവരെ ഞെട്ടിച്ചാണ്  റിലേയുടെ അവസാന പാദത്തിൽ  പേശിവലിവിനെത്തുടർന്ന് കാലിടറി വീണത്. 

യൊഹാൻ ബ്ലേക്കിൽ നിന്ന് ബാറ്റൺ സ്വീകരിച്ച്  മുന്നിലോടിയ  ബ്രിട്ടന്റെയും  അമേരിക്കയുടെയും  താരങ്ങളെ പിന്തുടർന്ന ബോൾട്ട്  അവസാന  മുപ്പത്  മീറ്റർ മാത്രം ബാക്കിയിരിക്കേ ട്രാക്കിലേക്ക് പിടഞ്ഞുവീണു.  പിന്നെ മലക്കം മറിഞ്ഞ് തന്റെ കൈകൾക്കിടയിലേക്കു തലയൊളിപ്പിച്ചു കിടന്നു. 

പിടിച്ചുയർത്തിയ  കൂട്ടുകാരുടെ ചുമലിൽ താങ്ങി  ഇടംകാൽ  അമർത്തിപ്പിടിച്ച്   ബോൾട്ട്  എന്ന എക്കാലത്തെയും  മഹാനായ  സ്പ്രിന്റർ മത്സരം  പൂർത്തിയാക്കാനാവാതെ  വിടചൊല്ലി. തികഞ്ഞ  ആത്മവിശ്വാസത്തോടെ എത്തിയ താരം  കൂട്ടുകാരോട് ആവർത്തിച്ചു ക്ഷമ ചോദിച്ചു വേദനയോടെ വിടവാങ്ങുമ്പോൾ കായികലോകവും  ആ ദുഃഖം ഏറ്റുവാങ്ങി.

ചുവപ്പുവര വീഴാത്ത സമയ രേഖകൾ


2008 ബെ‌യ്‌‌ജിങ് ഒളിമ്പിക്‌സിലും 2009 ബർലിൻ ലോക ചാമ്പ്യൻഷിപ്പിലും ബോൾട്ട് കുറിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ 100 മീറ്റർ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ  പിന്നീട്  കുറിക്കപ്പെട്ടതൊന്നും മികച്ച സമയങ്ങളല്ലെന്ന നിലപാടാണ് കായികലോകത്തിന്റേത്.

ജെസ്സി  ഓവൻസ്

ജെസ്സി ഓവൻസ്

ബെയ്‌ജി‌ങ്ങിൽ താൻ വിസ്‌മയമായി പറന്നിറങ്ങിയ അതേ ഓഗസ്റ്റ് പതിനാറിനാണ്  ബർലിനിലും  ബോൾട്ട് അതിശയ വേഗത്തിന്റെ തേരിലേറിയത്.  ഹിറ്റ്‌ലറുടെ  ആര്യവർഗ മേധാവിത്വത്തെ വെല്ലുവിളിച്ച് 73 വർഷം മുമ്പ്  ജെസ്സി  ഓവൻസ്  സൃഷ്ടിച്ച ചതുർസ്ഫോടനത്തിന്റെ സ്മരണകളിരമ്പുന്ന ബർലിൻ  ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്ന് ലോക റെക്കോർഡുകളുമായി  ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ യുവാവും അനശ്വരതയിലേക്ക് കുതിച്ചു.

ബെയ്‌ജിങിലെന്നപോലെ  ബർലിനിലും  മനുഷ്യന്  അസാധ്യമെന്നു കരുതിയ  അസ്ത്രവേഗത്തോടെ 100 മീറ്റർ ഓടിയ ബോൾട്ട്  (9.58 സെക്കൻഡ്) സ്വന്തം ലോക റെക്കോർഡിൽ നിന്ന് 0.11  സെക്കൻഡാണ് ചീന്തിക്കളഞ്ഞത്.

മത്സരം ഇരുപത്  മീറ്റർ പിന്നിട്ടതോടെ ലീഡു നേടിയ ബോൾട്ട് അവസാന മീറ്ററുകളിൽ എല്ലായ്പ്പോഴുമെന്ന പോലെ പൊട്ടിത്തെറിച്ചപ്പോൾ ടൈസൻ ഗേയ്ക്ക് ഏറെ പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് (9.71) പിന്മാറേണ്ടി വന്നു. എന്നിട്ടും അമേരിക്കൻ താരത്തിന്റെ സമയം എക്കാലത്തെയും മികച്ച മൂന്നാമത്തേതായപ്പോഴാണ് ഈ പന്തയം എത്രത്തോളം ഭയാനകമായിരുന്നെന്നറിയുക.

മുൻ ലോക റെക്കോർഡുകാരൻ ജമൈക്കയുടെ തന്നെ അസഫ പവലിനായിരുന്നു വെങ്കലം (9.84). ഒരു വർഷത്തിനുള്ളിൽ ബോൾട്ട് 9.69ൽ നിന്ന് 100 മീറ്ററിലെ സമയം 9.58ലേക്ക് ചുരുക്കിയതുതന്നെ സ്പ്രിന്റിൽ അത്യപൂർവമായി. 1987ലെ ലോകമീറ്റിലും 88 ലെ ഒളിമ്പിക്സിലും ബെൻ ജോൺസണും കാൾ ലൂയിസും തമ്മിൽ നടന്ന 100 മീറ്റർ പന്തയത്തിനുശേഷം ലോകം ഉദ്വേഗത്തോടെ കാത്തിരുന്ന നിമിഷമായിരുന്നു അത്.

ചിറകില്ലാതെയും ബോൾട്ട് പറന്നു. 41 കാൽക്കുതിപ്പിൽ 100 മീറ്റർ കടന്നു. ഫിനിഷിങ് ലൈനിലേക്കുള്ള പൊട്ടിത്തെറിയിൽ ഏറ്റവും കുറച്ചു തവണ മണ്ണിൽ തൊടുന്നയാൾ. ബോൾട്ട് ഒറ്റക്കുതിപ്പിൽ പിന്നിടുന്നത് 2.43 മീറ്റർ. മറ്റൊരു സ്പ്രിന്റർക്കും ഇതേവരെ കഴിയാത്ത ദൂരം. സ്വിച്ചിട്ടാൽ അതിവേഗം ഗമിക്കുന്ന ഒരു യന്ത്രം  കണക്കെ ഒരൊറ്റച്ചുവടിൽ വേഗതയെ സ്വന്തം പര്യായമാക്കുന്നവനാണ് ഈ ജമൈക്കക്കാരൻ.

200 മീറ്ററിൽ സ്റ്റാർട്ടിങ് ബ്ലോക്കിലെ വിസ്ഫോടനത്തിൽ നിന്ന് ലീഡിലേക്കു പാഞ്ഞ ബോൾട്ടിന് ഒരു ഘട്ടത്തിലും എതിർപ്പു നേരിടേണ്ടി വന്നില്ല. തന്റെ തന്നെ മുൻ റെക്കോർഡിൽ (19.30) നിന്ന് 0.11 സെക്കൻഡാണ് (19.19) മുറിച്ചുകടന്നത്. സ്പ്രിന്റ് ഇനങ്ങളിൽ ബോൾട്ടിന്റെ തുടർച്ചയായ റെക്കോർഡുകൾ ഉത്തേജകത്തിന്റെ സംശയമുണർത്തി.

അഭ്യൂഹങ്ങൾക്ക് പിന്നെയും ആഴം കൂട്ടി കുറഞ്ഞ സമയങ്ങൾ ബോൾട്ട് കണ്ടെത്തിക്കൊണ്ടിരുന്നു. തുടർച്ചയായി ജയിക്കുന്നതോടെ ഇത്തരം സംശയങ്ങൾ അസ്ഥാനത്തായിത്തീരുമെന്നാണ് അന്ന് ഇരുപത്തിമൂന്നുകാരനായ  ബോൾട്ട് പറഞ്ഞത്.

100 മീറ്ററിലെ ഏറ്റവും മികച്ച സമയങ്ങൾ 2009 ലെ ബോൾട്ടിന്റെ 9.58 സെക്കൻഡ് മുതൽ 2010 ലെ ടൈസൻ ഗേയുടെ 9.80 സെക്കൻഡ് വരെയുള്ള സമയങ്ങളാണ്. ആ കാലയളവിലെ 28 അതിവേഗ സമയങ്ങളിൽ (10 സെക്കൻഡിൽ താഴെയുള്ളവ) ഒൻപതും ബോൾട്ടിന്റെ പേരിലാണ്. എന്നാൽ സമയരേഖകളിൽ ചുവപ്പുവര വീഴാത്ത ഒരേയൊരു ഓട്ടക്കാരനും ബോൾട്ട് തന്നെ.

ഏറ്റവും കൂടുതൽ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയനായ ഓട്ടക്കാരനാണ് ബോൾട്ടെങ്കിലും ഒരിക്കലും മരുന്നിന്റെ കറ പുരളാതെ തന്റെ കായികസപര്യ മുന്നോട്ടു കൊണ്ടുപോയി. ജസ്റ്റിൻ ഗാറ്റ്‌ലിൻ, ടൈസൻ ഗേ, അസഫ പവൽ, യൊഹാൻ ബ്ലേക്ക് എന്നീ അതിവേഗക്കാരുടെ സമയങ്ങൾക്കുമേൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ചുവപ്പ് പടർന്നിട്ടുണ്ട്.

ബോൾട്ടിന്റെ ജന്മനാടായ ജമൈക്ക സ്പോർട്സിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ്. അവിടെ ക്രിക്കറ്റാണ് പ്രധാന കായികരൂപമെങ്കിലും അത്‌ലറ്റിക്‌സും ഫുട്ബോളും റഗ്‌ബിയും അതിന്റെ സിരകളിലുണ്ട്.

കോളനിവത്കരണത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ സമ്മാനിച്ച ക്രിക്കറ്റിനോട് ബോൾട്ടിന് ആത്മാർത്ഥമായ പ്രണയമായിരുന്നു. എന്നാൽ, ബ്രയൻ ലാറയെയും കോട്നി വാഷിനെയും പോലുള്ള ക്രിക്കറ്റ് താരങ്ങളെ ആരാധിച്ചു നടന്ന ബോൾട്ട് ട്രാക്കിലെത്തുന്നത് അപ്രതീക്ഷിതമായാണെന്നു മാത്രം.

ഉസൈൻ ബോൾട്ട്‌

ഉസൈൻ ബോൾട്ട്‌

 വടക്കു പടിഞ്ഞാറൻ ജമൈക്കയിലെ ട്രെലോണി പാരിഷ് എന്ന സാധാരണ നഗരത്തിലെ ഷെർവുഡ് എന്ന ഗ്രാമത്തിൽ പലചരക്കു കച്ചവടക്കാരനായ വെല്ലസ്‌ലി‌ ബോൾട്ടിന്റെയും രണ്ടാം ഭാര്യയായ ജെന്നിഫറിന്റെയും മകനായാണ് 1986 ഓഗസ്റ്റ് 21ന് ഉസൈൻ ബോൾട്ട് ജനിക്കുന്നത്. ബോൾട്ടിന് ഷെറിൻ എന്ന അനുജത്തിയുമുണ്ട്.

വാൽഡനേഷ്യ പ്രൈമറി സ്കൂളിൽ കായികാധ്യാപകനും ഒളിമ്പ്യനുമായ പാബ്ലോ മക്‌നീലിന്റെയും സഹപരിശീലകൻ എഡ്വെയൻ യാറേറ്റിന്റെയും നിരീക്ഷണത്തിൽപ്പെട്ടതോടെയാണ് ബോൾട്ടിന്റെ കായികജീവിതത്തിന് വഴിത്തിരിവായത്. 2001 ൽ ബാർബഡോസിലെ കാരിഫാറ്റ് ഗെയിംസിൽ 400 മീറ്ററിലും 200 മീറ്ററിലും രണ്ടാം സ്ഥാനക്കാരനായ കൗമാരക്കാരൻ 2002 ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 4 X 100, 4 X 400 മീറ്റർ റിലേകളിൽ ജമൈക്കൻ ടീമിന്റെ ദേശീയ റെക്കോർഡിട്ട സ്വർണനേട്ടങ്ങളിൽ മുഖ്യപങ്കാളിയായി.

ബോൾട്ടിന് ജമൈക്ക ഒരു വികാരമാണ്. അമേരിക്കയിലെ സർവകലാശാലകളിൽ നിന്ന് സ്കോളർഷിപ്പ് വാഗ്‌ദാനമുണ്ടായെങ്കിലും അതെല്ലാം വേണ്ടെന്നുവച്ച് ബോൾട്ട് നാട്ടിൽത്തന്നെ ജീവിതം തുടർന്നു.

2008 മെയ്  31ന് ന്യൂയോർക്കിൽ റീബൂക്ക് ഗ്രാൻ പ്രീ മീറ്റിൽ 9.72 സെക്കൻഡിൽ ഓടി 100 മീറ്ററിൽ അസഫ പവലിന്റെ റെക്കോർഡ് തിരുത്തിക്കയറിയ ബോൾട്ടിൽ ഒളിമ്പിക് ചാമ്പ്യനെ ദർശിച്ച വിഖ്യാത പരിശീലകൻ ഗ്ലെൻ മിൽസിനു തെറ്റിയില്ല. ഉസൈൻ സെന്റ് ലിയോ ബോൾട്ട് ഇരുപത്തിയൊന്നാം വയസ്സിൽ സൂപ്പർ താരമായതും ഒളിമ്പിക്, ലോകമെഡലുകൾ വാരിയണിഞ്ഞ് സ്പ്രിന്റിലെ സർവാധിപതിയായി വാണതും പിന്നീടുള്ള ചരിത്രം.

രണ്ടിനങ്ങളിൽ ഇത്രയും കാലം അനായാസമായി വിജയിച്ച ഒരു ഓട്ടക്കാരൻ വേറെയില്ല. തന്റെ ഓട്ടത്തെ നിർണയിച്ചും കൃത്യതയോടെ നടപ്പാക്കിയും വേഗഗണിതങ്ങളെ തിരുത്തിക്കുറിച്ചവനാണ് ഈ മനുഷ്യൻ. സമർപ്പണത്തിൽ, അച്ചടക്കത്തിൽ, ലക്ഷ്യബോധത്തിൽ എല്ലായിടത്തും ബോൾട്ട് അനുകരണീയമായ ഒരു മാതൃകയാണ്. ട്രാക്കിൽ ഈ ജമൈക്കക്കാരന് വെല്ലുവിളിയുയർത്താൻ പോന്ന ഒരാൾ ഉണ്ടായിട്ടില്ല.

അതൊരുപക്ഷേ രമണീയമായ ബോൾട്ട് യുഗത്തിന്റെ ഒരു കുറവ് തന്നെയാകാം. കറ പുരളാത്ത കായികജീവിതത്തിൽ ബോൾട്ട് സ്വന്തമാക്കിയത് എട്ട് ഒളിമ്പിക് സ്വർണമെഡലുകളും പതിനൊന്ന് ലോകചാമ്പ്യൻഷിപ്പ് സ്വർണവുമടക്കം 22 മെഡലുകളുമാണ്. 100ലും 200ലും 4 X X100 മീറ്റർ റിലേയിലും ലോക റെക്കോർഡുകളുമുണ്ട്.

ഒമ്പത് സ്വർണം നേടിയ പാവോ നൂർമിക്കും ബർലിൻ ഒളിമ്പിക്സിൽ ആര്യ ശരീരത്തിന്റെ മേധാശക്തിയിൽ ഊറ്റംകൊണ്ട സ്വേച്ഛാധിപതിക്ക് നാല് മെഡലുകൾകൊണ്ട് മറുപടി നൽകിയ ജെസ്സി ഓവൻസിനുമൊപ്പം ചരിത്രത്തിൽ നിറയുന്ന ഇതിഹാസമാനമാണ് ഈ ജമൈക്കക്കാരൻ. കാൾ ലൂയിസ് ഈ ഗണത്തിലുണ്ടെങ്കിലും മരുന്നടിച്ചുവെന്ന കുറ്റസമ്മതം ആ മഹത്വത്തെ ഇല്ലാതാക്കുന്നു.

മൂന്ന് ഒളിമ്പിക്‌സിൽ സ്പ്രിന്റ് ഡബിൾ നേടുകയെന്നത് അവിശ്വസനീയവും അമ്പരപ്പ് ഉളവാക്കുന്നതുമാണ്. 1896 ൽ തുടങ്ങിയ ആധുനിക ഒളിമ്പിക്‌സിന്റെ നാൾവഴികളിൽ ആണായോ പെണ്ണായോ മറ്റാരും ഈ നേട്ടം കൈവരിച്ചിട്ടില്ല. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യകുലത്തിൽ കറുപ്പിൽ കടഞ്ഞെടുത്ത ഈ ജമൈക്കൻ പ്രതിഭാസത്തേക്കാൾ വലിയൊരു വേഗക്കാരനെ ലോകം കണ്ടിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് ശാസ്ത്രലോകവും കരുതുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഈ വേഗപ്പറവയ്ക്ക് അവകാശപ്പെട്ടതാണ്. ശാരീരീകശേഷി കൂട്ടാൻ മരുന്നുകളും സ്റ്റിറോയ്‌ഡുകളും ഉപയോഗിക്കുകയും കായികതാരങ്ങളെ ലബോറട്ടറികളിൽ വാർത്തെടുക്കുകയും ചെയ്യുന്ന കാലത്ത്, തന്റെ പേശികളുടെ ബലത്തിൽ വിശ്വാസമർപ്പിച്ച് ട്രാക്കിൽ പോരാടിയ ബോൾട്ട് അത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.

എല്ലാ കളികളുടെയും മാതാവായ അത്‌ലറ്റിക്സിൽ ആരാണ് ഏറ്റവും വേഗം കൂടിയ പുരുഷൻ അല്ലെങ്കിൽ വനിത എന്നത് കോടി സ്വപ്നങ്ങൾ നിറച്ചുവച്ച ചോദ്യമാണ്. അതിമാനുഷിക തലത്തിലേക്കുയരുന്ന പ്രകടനങ്ങളിലൂടെ പാരീസിൽ മുപ്പത്തിമൂന്നാമത് ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാൻ അവർ ഒരുങ്ങിക്കഴിഞ്ഞു.

ഹോമോസാപിയൻസിന് ഇത്ര വേഗമോ എന്ന് ശാസ്ത്രജ്ഞരെയും അത്‌ലറ്റിക് വിദഗ്‌ധരെയും ഒരുപോലെ ചിന്തിപ്പിച്ച ഉസൈൻ സെന്റ് ലിയോ ബോൾട്ടിന് പാരീസിലെ ട്രാക്കിൽനിന്ന് ഒരു പിൻഗാമി പിറക്കുമോ..

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top