23 April Friday

ദേശീയ വോളി ഭുവനേശ്വറിൽ; കിരീടം തേടി കേരളം

ജിജോ ജോർജ്‌Updated: Wednesday Mar 3, 2021

മലപ്പുറം > ദേശീയ വോളിബോളിൽ ഹാട്രിക് കിരീടം നേടാൻ കേരളത്തിന്റെ വനിതാടീമും രണ്ടുതവണ കൈവിട്ട ചാമ്പ്യൻപട്ടം തിരികെ പിടിക്കാൻ പുരുഷടീമും ഒരുങ്ങുന്നു. അഞ്ചുമുതൽ 11 വരെ ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടാനുള്ള കഠിനപരിശീലനത്തിലാണ് ഇരുടീമും.

പുരുഷടീം എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും വനിതാടീം തൃശൂർ തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിലുമാണ് പരിശീലനം. ടീം നാളെ ഭുവനേശ്വറിലേക്ക്‌ പുറപ്പെടും.

പരിചയസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ് പുരുഷടീം. രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അഖിൻ ജാസ്, അജിത് ലാൽ, ഷോൺ ടി ജോൺ എന്നിവർക്കൊപ്പം പരിചയസമ്പന്നരായ ലിബറോ സി കെ രതീഷ്, സെറ്റർ എൻ ജിതിൻ എന്നിവർകൂടി ചേരുന്നതോടെ ടീം എതിരാളികളുടെ പേടിസ്വപ്നമാകും.

മുത്തുസാമി, എം മുഹമ്മദ് ഇക്ബാൽ, അനു ജയിംസ്, മുജീബ്, മിസ്ഹബ് എന്നീ യുവതാരങ്ങളും അടങ്ങുന്നതാണ് ടീം. അജിത് ലാലാണ് ക്യാപ്റ്റൻ. കിരീടം തിരിച്ചുപിടിക്കാൻ ടീം സജ്ജമാണെന്ന്‌ പരിശീലകരായ അബ്ദുൾ റസാഖും ബിജോയ് ബാബുവും പറഞ്ഞു.

കഴിഞ്ഞ രണ്ടുതവണയും റെയിൽവേസിനെ കീഴടക്കി കിരീടം നേടിയ ആത്മവിശ്വാസവുമായാണ് വനിതാടീം വണ്ടികയറുന്നത്. ഇത്തവണയും കിരീടം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്ന് പരിശീലകരായ സി എസ് സദാനന്ദനും പി രാധികയും പറയുന്നു.

കെഎസ്ഇബിയുടെ ഏഴും കേരള പൊലീസിന്റെ നാലും പാലാ അൽഫോൻസ കോളേജ്‌ താരവുമാണ് ടീമിലുള്ളത്. കെഎസ്ഇബിയുടെ രാജ്യാന്തര താരം കെ എസ് ജിനിയാണ് ക്യാപ്റ്റൻ. ജിനിക്കുപുറമെ അഞ്ജു ബാലകൃഷ്ണൻ, എം ശ്രുതി, കെ പി അനുശ്രീ, എസ് സൂര്യ, അശ്വതി രവീന്ദ്രൻ, മായ തോമസ് എന്നിവരാണ് മറ്റ് കെഎസ്ഇബി താരങ്ങൾ. എൻ എസ് ശരണ്യ, അഞ്ജുമോൾ, അനഘ, എം ആർ ആതിര എന്നിവരാണ് പൊലീസ്‌ പ്രതിനിധികൾ. അൽഫോൻസ കോളേജിലെ കെ ബി ബിജിനയാണ് ടീമിലെ പുതുമുഖം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top