കേപ്‌ടൗൺ
കാത്തിരുന്ന സെഞ്ചുറി 21 റണ്ണകലെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്-ലി മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയെ രക്ഷിച്ചു. ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223 റണ്ണിനാണ് കൂടാരം കയറിയത്. കോഹ്-ലി 79 റണ്ണെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റെടുത്തു. മാർകോ ജാൻസെൺ മൂന്നും.
മറുപടിക്കെത്തിയ ദക്ഷിണാഫ്ര-ിക്കയ്ക്ക് 17 റണ്ണിന് ഒരു വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ഡീൻ എൽഗറെ (3) ജസ്പ്രീത് ബുമ്ര പുറത്താക്കി. പരിക്കുകാരണം രണ്ടാം ടെസ്റ്റ് നഷ്ടമായ കോഹ്-ലി കേപ്ടൗണിൽ തിരിച്ചെത്തി. ടോസ് നേടി ബാറ്റിങ്ങും തെരഞ്ഞെടുത്തു. എന്നാൽ, ദക്ഷിണാഫ്രിക്കൻ പേസർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ കോഹ്-ലിയും ചേതേശ്വർ പൂജാരയും (43) ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. കോഹ്-ലിയുടേത് മികച്ച ചെറുത്തുനിൽപ്പായിരുന്നു. 201 പന്തുകൾ നേരിട്ടു. ഒരു സിക്സറും 12 ഫോറും പായിച്ചു. മികച്ച പ്രകടനമില്ലാതെ ഉഴറുകയായിരുന്ന കോഹ്-ലി തന്റെ 99–ാം ടെസ്റ്റിൽ ഒന്നാന്തരം കളിയാണ് കെട്ടഴിച്ചത്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബൗളർമാർ നിരന്തരം വീഴ്ത്താൻ ശ്രമിച്ചെങ്കിലും ഈ വലംകെെയൻ പിടിച്ചുനിന്നു. എന്നാൽ, സഹതാരങ്ങളുടെ പിന്തുണ കിട്ടാത്തത് തിരിച്ചടിയായി. പത്താമനായാണ് മടക്കം. റബാദയുടെ പന്തിൽ പുറത്തായി.
ഓപ്പണർമാരായ ലോകേഷ് രാഹുലും (12) മായങ്ക് അഗർവാളും (15) പെട്ടെന്ന് മടങ്ങിയപ്പോൾ ഭാരം മുഴുവൻ മധ്യനിരയ്ക്കായി. പൂജാര–കോഹ്-ലി സഖ്യം നല്ലരീതിയിൽ മുന്നേറി. പൂജാര മോശം പന്തുകളെ ശിക്ഷിച്ച് വേഗത്തിൽ റണ്ണടിച്ചപ്പോൾ കോഹ്-ലി ക്ഷമയോടെ ക്രീസിൽനിന്നു. ഈ സഖ്യം 62 റണ്ണടിച്ചു. ഉച്ചഭക്ഷണത്തിനുശേഷം പൂജാര പെട്ടെന്ന് മടങ്ങി. ജാൻസെൺ പുറത്താക്കി. അജിൻക്യ രഹാനെ (9) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. റബാദയുടെ കുത്തി ഉയർന്ന പന്തിൽ രഹാനെയ്ക്ക് മറുപടി ഉണ്ടായില്ല. ഋഷഭ് പന്ത് (27) പ്രതീക്ഷ നൽകിയശേഷം അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ആർ അശ്വിനും (2) ശർദുൾ താക്കൂറിനും (12) ക്യാപ്റ്റന് പിന്തുണ നൽകാൻ കഴിഞ്ഞില്ല. ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് ഷമി (7), ഉമേഷ് യാദവ് (4) എന്നീ വാലറ്റക്കാർക്കും കാര്യമായ റണ്ണടിക്കാനായില്ല.
അവസാന ആറ് വിക്കറ്റ് വെറും 56റണ്ണിനാണ് വീണത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളായിരുന്നു. കോഹ്-ലി തിരിച്ചെത്തിയപ്പോൾ ഹനുമ വിഹാരി പുറത്തിരുന്നു. മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..