21 November Thursday

വീരൻ കോഹ്‌ലി; ഏഴാം ഇരട്ട സെഞ്ചുറിയുമായി ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

പുണെ > വിരാട്‌ കോഹ്‌ലിയുടെ വീറിനുമുന്നിൽ ദക്ഷിണാഫ്രിക്ക വിരണ്ടു. ഏഴാം ഇരട്ട സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്‌റ്റൻ നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. 254 റണ്ണുമായി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സ്‌ അഞ്ചിന്‌ 601 റണ്ണിന്‌ ഡിക്ലയർ ചെയ്‌തു. രവീന്ദ്ര ജഡേജയും (104 പന്തിൽ 91) ഇന്ത്യയെ നയിച്ചു.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്നിന്‌ 36 എന്ന നിലയിൽ പരുങ്ങുകയാണ്‌.

ഒന്നാം ദിനം മായങ്ക്‌ അഗർവാളായിരുന്നെങ്കിൽ രണ്ടാം ദിനം കോഹ്‌ലിക്കു മുമ്പിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അടിയറവ്‌ പറഞ്ഞു. 336 പന്തിൽ 254 റൺ. 33 ബൗണ്ടറികൾ, രണ്ട്‌ സിക്‌സർ. രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറുകളിൽ കോഹ്‌ലി പരീക്ഷിക്കപ്പെട്ടു. മൂന്ന്‌ തവണയാണ്‌ സ്ലിപ്പിൽ ദക്ഷിണാഫ്രിക്കക്കാർക്ക്‌ അവസരം നൽകിയത്‌. ഫാഫ്‌ ഡു പ്ലെസിക്കും സംഘത്തിനും ഫീൽഡിങ്‌ പിഴവുകൾ തിരിച്ചടിയായി.

മൂന്നിന്‌ 273 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം ശ്രദ്ധയോടെയായിരുന്നു. കോഹ്‌ലി പതിയെ റണ്ണുയർത്തി. അജിൻക്യ രഹാനെ (59) വിഷമിച്ചു.  ക്രീസിലുറച്ച കോഹ്‌ലി പിന്നെ തിരിഞ്ഞു നോക്കിയില്ല. ഉച്ചഭക്ഷണത്തിനുമുമ്പെ സെഞ്ചുറി തികച്ച വലംകൈയൻ അനായാസം റൺ നേടി. രഹാനെയ്‌ക്ക്‌ അധികം പിടിച്ചു നിൽക്കാനായില്ല. മഹാരാജിന്‌ മുന്നിൽ വീണു. 178 റണ്ണാണ്‌ നാലാം വിക്കറ്റിൽ പിറന്നത്‌.

സ്ഥാനക്കയറ്റം കിട്ടിയ ജഡേജ എത്തിയതോടെ ഇന്ത്യയുടെ കളി ടോപ്‌ഗിയറിലായി. പന്തുകൾ ബൗണ്ടറി കടന്നു കൊണ്ടിരുന്നു. ചായ കഴിഞ്ഞെത്തിയ ഉടൻ കോഹ്‌ലി ഇരുന്നൂറ്‌ തികച്ചു. പിന്നാലെ ജഡേജ അരസെഞ്ചുറിയും കണ്ടെത്തി. സെഞ്ചുറിക്ക്‌ ഒമ്പത്‌ റണ്ണകലെ സെനുറൻ മുത്തുസാമി ജഡേജയെ മടക്കി. 237 പന്തുകളിൽ നിന്ന്‌  225 റണ്ണാണ്‌ ഇരുവരും അടിച്ചെടുത്തത്‌. ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിങ്‌സ്‌ ഡിക്ലയർ ചെയ്‌തു. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറുമായി കോഹ്‌ലി മടങ്ങി.

മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്കയെ ഉമേഷ്‌ യാദവ്‌ വിരട്ടി. ഡീൻ എൽഗർ (6) എയ്‌ദെൻ മാർക്രം (0) എന്നിവരെ ഉമേഷ്‌ മടക്കി. ടെംബ ബവുമ (8) മുഹമ്മദ്‌ ഷമിക്ക്‌ മുന്നിലും വീണു. രാത്രി കാവൽക്കാരൻ ആന്ദ്രേ നോർത്യേയും (2) തിയുനിസ്‌ ഡി ബ്രന്ദ്രോണുമാണ്‌ (20) ക്രീസിൽ.

കാത്തിരിപ്പിനൊടുവിൽ ഇരട്ട സെഞ്ചുറി

പുണെ > പത്തുമാസത്തെ കാത്തിരിപ്പ്‌ വിരാട്‌ കോഹ്‌ലി അവസാനിപ്പിച്ചു. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്‌റ്റൻ അവസാനമായി മൂന്നക്കം കടന്നത്‌ ഡിസംബറിൽ പെർത്തിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി അടിച്ചാണ്‌ മുപ്പതുകാരൻ ഈ കാത്തിരിപ്പിന്‌ അവസാനമിട്ടത്‌. എൺപത്തൊന്നാം ടെസ്റ്റിൽനിന്ന്‌ ഇരുപത്താറാം സെഞ്ചുറിയും ഏഴാം ഇരട്ട സെഞ്ചുറിയും കുറിച്ചു വലംകൈയൻ.

ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരവുമായി കോഹ്‌ലി. പിന്നിലാക്കിയത്‌ സച്ചിൻ ടെൻഡുൽക്കറെയും വിരേന്ദർ സെവാഗിനെയും (6). ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏഴായിരം റണ്ണും തികച്ചു. 138 ഇന്നിങ്സുകളിലാണ്‌ ഈ നേട്ടം. ഏഴായിരം റൺ വേഗത്തിൽ നേടുന്ന നാലാമത്തെ ബാറ്റ്‌സ്‌മാനുമായി.

ക്യാപ്‌റ്റനായി ഏറ്റവും കൂടുതൽ തവണ 150ൽ കൂടുതൽ റൺ നേടുന്ന കളിക്കാരനുമായി കോഹ്‌ലി. ഡോൺ ബ്രാഡ്‌മാനെ മറികടന്നു. ബ്രാഡ്‌മാൻ എട്ട്‌ പ്രാവശ്യമാണ്‌ ക്യാപ്‌റ്റനായിരിേക്ക 150ൽ കൂടുതൽ റൺ നേടിയത്‌. കോഹ്‌ലി ഒമ്പത്‌ തവണയും.


പ്രധാന വാർത്തകൾ
 Top