24 May Friday

കോഹ്‌ലി നയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കൊൽക്കത്ത
ഇന്ത്യൻ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ (100) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ‌്സിന‌് മികച്ച സ‌്കോർ. കൊൽക്കത്ത നൈറ്റ‌് റൈഡേഴ‌്സിനെതിരായ ഐപിഎൽ ക്രിക്കറ്റ‌് മത്സരത്തിൽ ബാംഗ്ലൂർ നാല‌് വിക്കറ്റ‌് നഷ‌്ടത്തിൽ 213- റണ്ണെടുത്തു. ഓപ്പണർ പാർഥീവ‌് പട്ടേലിനും (11) അക്ഷദ്വീപ‌് നാഥിനും (13) തിളങ്ങാനായില്ല. മോയിൻ അലിയിലാണ‌് ഇന്ത്യൻ ക്യാപ‌്റ്റൻ യഥാർഥ കൂട്ടുകാരനെ കണ്ടെത്തിയത‌്.

40 പന്തിൽ കോഹ‌്‌ലി അർധസെഞ്ചുറി നേടി. മറുഭാഗത്ത‌് ഇംഗ്ലീഷ‌് ബാറ്റ‌്സ‌്മാനായ മോയിൻ അലി വെടിക്കെട്ടാണ‌് നടത്തിയത‌്. സ‌്പിന്നർ കുൽദീപ‌് യാദവിന്റെ ഓവറിൽ 27 റണ്ണടിച്ചുകൂട്ടി. 28 പന്തിൽ 66 റണ്ണുമായി അതേ ഓവറിൽ മടങ്ങുമ്പോൾ ബാംഗ്ലൂർ മികച്ച സ‌്കോറിലേക്കുള്ള വഴിയിലായിരുന്നു.  കൊൽക്കത്ത ബൗളർമാരെ കണക്കറ്റ‌് ശിക്ഷിച്ച ബാറ്റിൽ പിറന്നത‌് അഞ്ച‌് ഫോറും ആറ‌് സിക‌്സറും. ഈ കൂട്ടുകെട്ട‌് 90 റൺ നേടി.

അലി പോയതോടെ വെടിക്കെട്ടിന്റെ ചുമതല കോഹ‌്‌ലി ഏറ്റെടുത്തു. അവസാന ഓവറുകളിൽ കൊൽക്കത്തയെ അതിർത്തിക്കപ്പുറത്തേക്ക‌് പറത്തി. കോഹ‌്‌ലിയും മാർകസ‌് സ‌്റ്റോയിനിസും (എട്ട‌് പന്തിൽ പുറത്താകാതെ 17) ബൗളർമാരെ കശക്കി. അവസാന അഞ്ച‌് ഓവറിൽ 91 റണ്ണടിച്ചു. കോഹ‌്‌ലി 58 പന്തിൽ 100 റണ്ണെടുത്ത‌് അവസാന പന്തിൽ പുറത്തായി. അഞ്ചാം ഐപിഎൽ സെഞ്ചുറിയാണ‌്. ഇന്ന‌് രാജസ്ഥാൻ റോയൽസ‌് മുംബൈ ഇന്ത്യൻസിനെയും ഡൽഹി ക്യാപിറ്റൽസ‌് കിങ‌്സ‌് ഇലവൻ പഞ്ചാബിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top