Deshabhimani

പ്രതീക്ഷയറ്റത്‌ ചരിത്ര നിമിഷത്തിന്‌ മണിക്കൂറുകൾ മുൻപ്‌; കഠിന വ്യായാമവും ഫലം കണ്ടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 02:07 PM | 0 min read

പാരിസ്‌ > ഒളിമ്പിക്‌സ്‌ ചരിത്രത്തിലെ സ്വർണ മെഡൽ നേടിയവരുടെ പട്ടികയിലേക്ക്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ വിനേഷ്‌ ഫോഗട്ടിന്‌ ഒരു മത്സരത്തിന്റെ ദൂരം കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നൂള്ളൂ. എന്നാൽ ഫൈനലിന്‌ തൊട്ട്‌ മുമ്പുള്ള ഭാര പരിശോധനയിൽ താരം പരാജയപ്പെട്ടതോടെ വിനേഷ്‌ ഫോഗട്ടും ഇന്ത്യയും നീങ്ങിയിരിക്കുന്നത്‌ കടുത്ത നിരാശയിലേക്കാണ്‌. ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്ന വിനേഷിന്റെ ഫൈനൽ പ്രവേശനം സമരം പോലെ തന്നെ സംഭവബഹുലമായിരുന്നു.

പരിക്ക്‌ അടക്കം നിരവധി പ്രതിസന്ധികൾ തരണംചെയ്‌ത്‌ പാരിസിലെത്തിയ വിനേഷ്‌ ഒരിക്കലും കൈവിടാത്ത പോരാട്ടവീര്യമാണ്‌ ഗെയിംസിൽ പുറത്തെടുത്തത്‌. ഗെയിംസിൽ വിനേഷ്‌ ആദ്യം നേരിട്ടത്‌ 82 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ ജപ്പാന്റെ ഒന്നാംസീഡ്‌ താരം യുയു സുസാക്കിയെ ആയിരുന്നു. 53 കിലോവിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ്‌ ഇത്തവണ 50 കിലോയിലേക്ക്‌ മാറിയതോടെയാണ്‌ ആദ്യ പോരിൽ എതിരാളിയായി സുസാക്കി എത്തിയത്‌. ടോക്യോയിൽ ഒരു പോയിന്റ്‌ പോലും വഴങ്ങാതെ സ്വർണം നേടിയ സുസാക്കി മത്സരം അവസാനിക്കാൻ അഞ്ചുസെക്കൻഡ്‌ ശേഷിക്കുംവരെ 0–-2ന്‌ മുന്നിലായിരുന്നു. മത്സരത്തിനിടെ താക്കീത്‌ കിട്ടിയപ്പോഴും അമിതമായ ആക്രമണത്തിലേക്ക്‌ പോകാതെ പ്രതിരോധിച്ച്‌ അവസരത്തിനായി കാത്തുനിന്ന വിനേഷ്‌  സുസാക്കിയെ അവസാന നിമിഷം 3–-2ന്‌ വീഴ്‌ത്തുകയായിരുന്നു.

ക്വാർട്ടറിൽ  ഉക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ തോൽപ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. അഞ്ചിനെതിരെ ഏഴ്‌ പോയിന്റുകൾ നേടിയാണ്‌ വിനേഷ്‌ സെമി ബെർത്ത്‌ ഉറപ്പിച്ചത്‌. സെമിയിൽ ഇന്ത്യൻ താരം പുറത്തെടുത്തത്‌ തീർത്തും ആധികാരികമായ പ്രകടനവും. പാൻ അമേരിക്കൻ ചാമ്പ്യൻ ക്യൂബയുടെ യുസ്‌നീലിസ്‌ ഗുസ്‌മാൻ ലോപസിനെ സെമി ഫൈനലിൽ 5–-0നാണ്‌ വിനേഷ്‌ മറികടന്നത്‌. ക്യൂബൻതാരം വരുത്തിയ പിഴവിൽ ഒരു പോയിന്റ്‌ നേടിയ വിനേഷ്‌ തുടർന്ന്‌ നാല്‌ പോയിന്റുകൂടി നേടി മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വെെകുന്നേരത്തോടെ സെമി ഫെെനലിന് ശേഷം നടന്ന പരിശോധനയിൽ വിനേഷിന് രണ്ട് കിലോയിലധികം ഭാരം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന് ബുധനാഴ്ച പുലർച്ച വരെ ഭാരം കുറയ്‌ക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു വിനേഷ്‌. ഒടുവിൽ മുടി മുറിക്കാനുള്ള ശ്രമം വരെയെത്തി കാര്യങ്ങൾ. എന്നാൽ രാവിലെയോടെ ഭാരം കുറയ്ക്കാനുള്ള വിനേഷിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

വിനേഷ്‌ ഫോഗട്ട്‌ പാരിസ്‌ ഒളിമ്പിക്‌സിൽ മത്സരിക്കുന്നു എന്നതുതന്നെ അത്‌ഭുതമായിരുന്നു. അത്രമേൽ കഠിനമായിരുന്നു കഴിഞ്ഞ 18 മാസത്തെ അവരുടെ ജീവിതം. ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടത്തിന്റെ വേദിയിൽ നിന്നാണ്‌ താരം പാരിസിലെത്തിയത്‌. വിനേഷ്‌ ഫോഗട്ട്‌ ഫൈനലിലെത്തിയപ്പോൾ ആ സമരത്തിലെ ആവേശവും പ്രകടമായിരുന്നു. ഇപ്പോൾ താരം അയോഗ്യയായതോടെ കായിക ലോകം മാത്രമല്ല ആ പോരാട്ടത്ത പിന്തുണച്ചവരുടെ പ്രതീക്ഷ കൂടിയാണ്‌ നഷ്ടപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home