27 September Sunday

അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌; ജപ്പാനെ 41 റൺസിന്‌ പുറത്താക്കി ഇന്ത്യക്ക്‌ 10 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ബ്ലോംഫൊണ്ടെയ്‌ൻ > ക്രിക്കറ്റിൽ ജപ്പാന് സന്തോഷമില്ല. അണ്ടർ 19 ലോകകപ്പ്‌ ക്രിക്കറ്റിൽ അവർ ഇന്ത്യൻ കൗമാരപ്പടയ്‌ക്ക്‌ മുന്നിൽ തണുത്തുറഞ്ഞു. വെറും 41 റണ്ണിനാണ്‌ ജപ്പാൻകാർ കൂടാരം കയറിയത്‌. 29 പന്തിൽ ഇന്ത്യ വിക്കറ്റൊന്നും പോകാതെ 42 റൺ അടിച്ചെടുത്തു. രണ്ടാം ജയത്തോടെ ഇന്ത്യ നേരിട്ട്‌ ക്വാർട്ടർ ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റണ്ണിന്‌ കീഴടക്കിയിരുന്നു ഇന്ത്യ. സ്‌കോർ: ജപ്പാൻ 41 (22.5), ഇന്ത്യ 0–-42 (4.5).

മാൻഗ്വങ്‌ ഓവൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ജപ്പാന്‌ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്യാനിറങ്ങി. ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചപ്പോൾ 11 ബാറ്റ്‌സ്‌മാൻമാർ കൂടി നേടിയത്‌ 22 റൺ. ബാക്കി 19 റൺ എക്‌സ്‌ട്രാസ്‌. ജപ്പാൻ നിരയിൽ ഒരാളും രണ്ടക്കം കടന്നില്ല. അഞ്ചുപേർ റണ്ണെടുക്കാതെ മടങ്ങി. അണ്ടർ 19 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്‌.നാല്‌ വിക്കറ്റെടുത്ത സ്‌പിന്നർ രവി ബിഷ്‌ണോയ്‌ ആയിരുന്നു ജപ്പാനെ വെള്ളം കുടിപ്പിച്ചത്‌. 1.5 ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെയാണ്‌ ബിഷ്‌ണോയ്‌ നാല്‌ വിക്കറ്റെടുത്തത്‌. 8–-3–-5–-4 എന്ന രീതിയിലാണ്‌ ബിഷ്‌ണോയ്‌ ബൗളിങ്‌ അവസാനിപ്പിച്ചത്‌.പേസർ കാർത്തിക്‌ ത്യാഗി മൂന്ന്‌ വിക്കറ്റെടുത്തു.

നാലാം ഓവറിൽ ക്യാപ്‌റ്റൻ മാർകസ്‌ തുർഗാട്ടെയുടെ കുറ്റിപിഴുത്‌ ത്യാഗി വേട്ടയ്‌ക്ക്‌ തുടക്കമിട്ടു. മൂന്നാം നമ്പറിലിറങ്ങിയ നീൽ ദാതെ മുതൽ ഏഴാം നമ്പറുകാരൻ ആഷ്‌ലി തുർഗാടെ വരെയുള്ളവർ റൺ കണ്ടില്ല. ഏഴ്‌ റണ്ണെടുത്ത ഓപ്പണർ ഷു നഗൂച്ചിയും കെന്റൊ ഡൊബെല്ലുമാണ്‌ ഉയർന്ന സ്‌കോറർമാർ. ആകെ പായിച്ചത്‌ രണ്ട്‌ ബൗണ്ടറികൾ. കെന്റൊയെ സിദ്ദേഷ്‌ വീറിന്റെ കൈകളിലെത്തിച്ച്‌ ആകാശ്‌ സിങ്‌ ജപ്പാനെ അവസാനിപ്പിച്ചു. ഇന്ത്യക്കായി പന്തെടുത്തവരെല്ലാം വിക്കറ്റുമായി മടങ്ങി. ത്യാഗിയാട്ടെ ആറോവറിൽ വഴങ്ങിയത്‌ വെറും 10 റൺ.

ലക്ഷ്യത്തിലേക്ക്‌ അനായാസം ബാറ്റേന്തി ഇന്ത്യ. യശ്വസി ജെയ്‌സ്വാൾ (18 പന്തിൽ 29) കുമാർ കുശാഗ്ര (11 പന്തിൽ 13) എന്നിവർ 271 പന്തുകൾ ബാക്കിനിൽക്കേ അവസാനിപ്പിച്ചു.  മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ സ്‌കോട്‌ലൻഡിനെ കീഴടക്കി.ജയത്തോടെ ഗ്രൂപ്പ്‌ എയിൽ നാല്‌ പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. വെള്ളിയാഴ്‌ച ന്യൂസിലൻഡുമായാണ്‌ ഗ്രൂപ്പിലെ അവസാന മത്സരം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top