30 November Tuesday

ഇനി കിവി ലക്ഷ്യം ; ടോസ് ഘടകമെന്ന്‌ കോഹ്‌ലി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

photo credit T20 World Cup / twitterദുബായ്‌
ട്വന്റി–-20 ലോകകപ്പ്‌ ആദ്യ കളിയിൽ പാകിസ്ഥാനോട്‌ തോറ്റതോടെ ഇന്ത്യക്ക്‌ ന്യൂസിലൻഡുമായുള്ള കളി നിർണായകമായി. 31നാണ്‌ കളി. ആറ്‌ ദിവസത്തെ ഇടവേളയുണ്ട്‌ ടീമിന്‌. തോൽവിയിലെ പാഠം പഠിച്ച്‌ തിരിച്ചുവരുമെന്ന്‌ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി വ്യക്തമാക്കി.

ഗ്രൂപ്പ്‌ രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്‌ ടീമുകൾക്കൊപ്പം അഫ്‌ഗാനിസ്ഥാൻ, നമീബിയ, സ്‌കോട്‌ലൻഡ്‌ എന്നീ സംഘങ്ങളാണുള്ളത്‌. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ ടീമുകൾക്കാണ്‌ സെമി പ്രവേശം. അതിനാൽത്തന്നെ അടുത്ത ഞായറാഴ്‌ച ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക്‌ സെമി പ്രതീക്ഷ സജീവമാക്കാം.
പാകിസ്ഥാനെതിരെ ഇന്ത്യ എല്ലാ മേഖലയിലും പിന്തള്ളപ്പെട്ടു. മഞ്ഞ്‌ കാരണം ബൗളർമാർക്ക്‌ നിയന്ത്രണം കിട്ടിയില്ലെന്ന്‌ കോഹ്‌ലി പറഞ്ഞു. ടോസ്‌ നിർണായക ഘടകമാണ്‌. ഇതൊന്നും തോൽവിക്കുള്ള ന്യായീകരണമല്ല. പാകിസ്ഥാൻ എല്ലാ തരത്തിലും മേധാവിത്തം നേടി. നന്നായി പന്തെറിഞ്ഞ്‌ ചെറിയ സ്‌കോറിലൊതുക്കി. ഒരിക്കൽപ്പോലും അവർക്ക്‌ സമ്മർദമുണ്ടായില്ല. മനോഹരമായി കളിച്ചു. അടുത്തമത്സരത്തിന്‌ വലിയ ഇടവേളയുണ്ട്‌. അത്‌ കളിക്കാരെ സഹായിക്കും–- ക്യാപ്‌റ്റൻ വ്യക്തമാക്കി.

പാക്‌ പേസർ ഷഹീൻ അഫ്രീദിയുടെ പന്തുകളായിരുന്നു ഇന്ത്യൻ ബാറ്റർമാരെ വിഷമിപ്പിച്ചത്‌. കോഹ്‌ലിയൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. ബാറ്ററായി മാത്രം ടീമിൽ ഉൾപ്പെടുത്തിയ ഹാർദിക്‌ പാണ്ഡ്യയുടെ പ്രകടനം ചർച്ചയായി. അഞ്ച്‌ ബൗളർമാരുമായാണ്‌ ഇന്ത്യ കളിക്കാനിറങ്ങിയത്‌. മൂന്ന് പേസർമാരും രണ്ട്‌ സ്‌പിന്നർമാരും.

ഭുവനേശ്വർ കുമാറിന്‌ തുടക്കത്തിൽത്തന്നെ താളം നഷ്ടപ്പെട്ടു. മുഹമ്മദ്‌ ഷമിക്കും പതിവു പ്രകടനത്തിലെത്താനായില്ല. ജസ്‌പ്രീത്‌ ബുമ്ര നന്നായി തുടങ്ങിയെങ്കിലും വിക്കറ്റ്‌ വീഴ്‌ത്താനുള്ള വീര്യമുണ്ടായില്ല. വരുൺ ചക്രവർത്തിക്കും സ്വാധീനമുണ്ടാക്കാനായില്ല. രവീന്ദ്ര ജഡേജയും മങ്ങി. ഒരു അധിക ബൗളറില്ലാത്തതിന്റെ ബുദ്ധിമുട്ടും ടീം അനുഭവിച്ചു.

ന്യൂസിലൻഡിനെതിരെ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്‌. സന്നാഹമത്സരത്തിലുൾപ്പെടെ നിറംകെട്ട ഭുവനേശ്വറിന്‌ വീണ്ടും അവസരം കിട്ടുമോയെന്ന്‌ സംശയമാണ്‌. പാണ്ഡ്യക്ക്‌ പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്താനും ആവശ്യമുയരുന്നുണ്ട്‌. ബാറ്റിങ് മികവുകൂടി പരിഗണിച്ച്‌ പേസർ ശർദുൾ താക്കൂറിനെ പരിഗണിക്കാനും സാധ്യതയുണ്ട്‌.

ഓപ്പണർമാരുടെ മികവിലാണ്‌ ഇന്ത്യ മുന്നേറാറുള്ളത്‌. ഫോമിലുള്ള ലോകേഷ്‌ രാഹുലിലായിരുന്നു പ്രതീക്ഷ. എന്നാൽ പാകിസ്ഥാനെതിരെ രാഹുൽ പെട്ടെന്ന്‌ പുറത്തായത്‌ വലിയ തിരിച്ചടിയായി. രോഹിത്‌ ശർമയും മങ്ങി.

കോഹ്‌ലി അരസെഞ്ചുറി തികച്ചെങ്കിലും ആധികാരികത ബാറ്റിൽ പ്രകടമാകുന്നില്ല. കൂറ്റനടികൾക്ക് ശ്രമിച്ച്‌ പുറത്താകുന്നു. നാലാംനമ്പറിൽ സൂര്യകുമാർ യാദവ്‌ താളം കണ്ടെത്തുമെന്നാണ്‌ പ്രതീക്ഷ. ഞായറാഴ്‌ച ദുബായിൽത്തന്നെയാണ്‌ ഇന്ത്യയുടെ അടുത്തമത്സരം. ടോസ്‌ നിർണായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top