09 October Wednesday

ടൈറ്റിൽ സ്‌പോൺസറായി അദാനി; കൊമ്പനെ നയിക്കും പാട്രിക്‌ മോട്ട

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം> പ്രഥമ സൂപ്പർ ലീഗ്‌ കേരളയുടെ തലസ്ഥാനത്തിന്റെ ടീമായ തിരുവനന്തപുരം കൊമ്പൻസിനെ ബ്രസീലിയൻ താരം പാട്രിക്‌ മോട്ട നയിക്കും. മുഖ്യ പരിശീലകൻ സെർജിയോ അലെക്‌സാൻദ്രെയാണ്‌ പാട്രിക് മോട്ടയെ ക്യാപ്റ്റനായി വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചത്. മോട്ടയുടെ കഴിവും അനുഭവസമ്പത്തും ടീമിന് ഉപകാരപ്പെടുമെന്നും ടീമുമായി നല്ല ബന്ധം സ്ഥാപിച്ചു കഴിഞ്ഞതായും അലെക്‌സാൻദ്രെ പറഞ്ഞു. കൊമ്പൻസിനെ നയിക്കുന്നതിൽ അഭിമാനമുണ്ടെന്നും കളി തുടങ്ങാൻ കാത്തിരിക്കുകയാണെന്നും പാട്രിക് മോട്ട  പറഞ്ഞു. ​ചൊവ്വാഴ്ച കോഴിക്കോട് കലിക്കറ്റ് എഫ്‌സിക്കെതിരെയാണ് കൊമ്പന്മാരുടെ ആദ്യ മത്സരം.
അദാനി ഗ്രൂപ്പാണ് കൊമ്പൻസ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ. കൊമ്പൻസും അദാനിയും തമ്മിലുള്ള മൂന്ന് വർഷത്തേക്കുള്ള സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ലോഗോ അവതരിപ്പിച്ചു. ആന്റണി രാജു എംഎൽഎ ഫ്രാഞ്ചൈസിയുടെ നായകനെ പ്രഖ്യാപിച്ചു. ടൈറ്റിൽ സ്‌പോൺസറായ അദാനിക്കുവേണ്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ മുഖ്യ വിമാനത്താവള ഓഫീസർ രാഹുൽ ഭക്തകോടി, സഹ-സ്‌പോൺസറും ഹെൽത്ത്‌കെയർ പങ്കാളിയുമായ കിംസ് ഹെൽത്ത്‌കെയറിനെ പ്രതിനിധീകരിച്ച് സിഇഒ ജെറി ഫിലിപ്പ്, തിരുവനന്തപുരം കൊമ്പൻസിന്റെ മാനേജിങ് ഡയറക്ടർ കെ സി ചന്ദ്രഹാസൻ, കിംസ് ഹെൽത്ത്കെയറിന്റെ സ്ഥാപകൻ ഡോ. എം ഐ സഹദുള്ള, കൊമ്പൻസിന്റെ ബോർഡ് അംഗം ജി വിജയരാഘവൻ, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ  ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ സിഇഒ അശ്വനി ഗുപ്ത എന്നിവരും പങ്കെടുത്തു.

എല്ലാ പിന്തുണയും: മന്ത്രി വി ശിവൻകുട്ടി

കേരളത്തിന്റെ കായികമേഖലയ്ക്ക് സൂപ്പർ ലീഗ് കരുത്ത് പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കൊമ്പൻസിന് എല്ലാ പിന്തുണയും നൽകും. കൊമ്പൻസ് ക്ലബ് എപ്പോഴും വിജയികളാകട്ടേയെന്നും മന്ത്രി ആശംസിച്ചു.

ടിക്കറ്റുകൾ വാങ്ങാം

ചൊവ്വാഴ്ച കോഴിക്കോട് കലിക്കറ്റ് എഫ്‌സിക്കെതിരെ കൊമ്പന്മാരുടെ ആദ്യ മത്സരത്തിന്റെ  ടിക്കറ്റുകൾwww.kombansfc.com എന്ന  വെബ്‌സൈറ്റിൽ ലഭിക്കും.  https://insider.in/online എന്ന വെബ്‌സൈറ്റിലും ടിക്കറ്റുകൾ വാങ്ങാം. 50 രൂപ,100, 350 എന്നിങ്ങനെയാണ് ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top