18 January Monday

കൊവിഡ് കാലത്തെ കായിക ലോകം : മാറുന്ന രീതിശാസ്ത്രം

ഡോ. അജീഷ് പി ടിUpdated: Tuesday Jan 12, 2021

ഫയല്‍ ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

ഡോ. അജീഷ് പി ടി

ഡോ. അജീഷ് പി ടി

കളിക്കളങ്ങളിലും ഗ്യാലറികളിലും ആരവങ്ങളും ആര്‍പ്പുവിളികളും കൂടുതല്‍ കരുത്തോടെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമേവരും. തീവ്ര കോവിഡ് വ്യാപനത്തിനിടയിലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഐ.പി.എല്‍ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്  ഏറെ പ്രതീക്ഷ നല്‍കുന്നു. രോഗവ്യാപന സ്ഥിതിഗതികള്‍ അനുദിനം സങ്കീര്‍ണമാകുന്നുണ്ടെങ്കിലും ജനങ്ങള്‍ കോവിഡിനോടൊപ്പം മുന്നോട്ട് നീങ്ങുന്നു. വരും ദിനങ്ങളില്‍ ഘട്ടംഘട്ടമായി കായികമേഖലയും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. വളരെ ഊര്‍ജസ്വലതയോടെയും താത്പര്യത്തോടെയും കായിക മികവിനായി പ്രയത്നിച്ചിരുന്ന താരങ്ങള്‍ക്ക് ഒന്‍പതു മാസത്തെ പരിശീലന ഇടവേള സമ്മാനിക്കുന്നത് ഭാവിയെപ്പറ്റിയുള്ള ആകുലതകള്‍ മാത്രമാണ്. നിരന്തരം കായിക പരിശീലനത്തിലേര്‍പ്പെട്ട് കായികക്ഷമത നിലനിര്‍ത്തുകയും മത്സരങ്ങള്‍ക്കായി തയാറെടുക്കുകയും ചെയ്തിരുന്നവര്‍ക്ക് കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യം കടുത്ത ശാരീരിക, മാനസിക ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. സുരക്ഷിതരായി വീട്ടിലിരിക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന വ്യക്തിഗത ഓണ്‍ലൈന്‍ കായിക പരിശീലനത്തിനും നിര്‍ദേശങ്ങള്‍ക്കും പരിമിതിയുണ്ട്. വീട്ടില്‍ ലഭ്യമാകുന്ന സൗകര്യങ്ങളില്‍  കായികോപകരണങ്ങളുടെ സംവിധാനമില്ലാതെ പരിശീലനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എത്രത്തോളം കായിക ക്ഷമതയും മികവും നിലനിര്‍ത്താനാകും എന്നതിനെ സംബന്ധിച്ച സംശയവും ആകുലതയും പ്രമുഖരായ കായിക പരിശീലകര്‍ക്കുവരെയുണ്ട്. പ്രായോഗികമായി ആര്‍ജിക്കേണ്ട കഴിവുകളും ശേഷികളും ശരിയായ രീതിയില്‍ പൂര്‍ണതയോടെ നേടുന്നതിന് നിലവിലുള്ള രീതി അപ്രായോഗികമാണ്.
    
സാമൂഹികവും, വൈകാരികവുമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും ജീവിതനൈപുണികള്‍ സ്വാംശീകരിക്കുന്നതിലും നിര്‍ണായ പങ്കു വഹിക്കുന്ന ഇടങ്ങളാണ് കളിക്കളങ്ങള്‍. മികച്ച സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കുന്ന കളിക്കളങ്ങളില്‍ നിന്നുള്ള താത്കാലിക പിന്‍മാറ്റം  ഉള്‍ക്കൊള്ളുവാന്‍ കായികതാരങ്ങള്‍ക്ക് സാധിക്കുന്നില്ല.  ഓരോ ഇനവുമായി ബന്ധപ്പെട്ട പ്രകടന സംബന്ധിയായ കായികക്ഷമതയിലും  കായികനൈപുണികളിലുമുള്ള പ്രാവീണ്യത്തില്‍ താരങ്ങളെല്ലാം പിന്നോട്ട് പോകുമെന്ന് ഉറപ്പാണ്. കായിക വിദ്യാഭ്യാസ പഠനം ലൈവ് രീതിയിലൂടെയും റെക്കോര്‍ഡ് ചെയ്തും നല്‍കുന്ന വിദ്യാലയങ്ങളിലും കുട്ടികള്‍ കാട്ടുന്ന താത്പര്യത്തില്‍ അനുദിനം കുറവ് വരുന്നു എന്ന് മനസ്സിലാക്കുന്നു. നേരിട്ടുള്ള മുഖാമുഖ പരിശീലനത്തിനു ബദലായി ഓണ്‍ലൈന്‍ കായിക പരിശീലന പരിപാടിയെ പരിഗണിക്കുവാന്‍ കഴിയില്ല എന്നാണ് അധ്യാപകരുടെ വാദം. നിലവില്‍ പിന്തുടരുന്ന ഡിജിറ്റല്‍ കായിക പഠനരീതി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സംതൃപ്തി നല്‍കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. കായിക താരങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുവാന്‍  പ്രത്യേക വെബിനാറുകള്‍, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്നത് അഭികാമ്യമാണ്. താരങ്ങളും പരിശീലകരും ടീം മാനേജ്മെന്‍റും തമ്മിലുള്ള ബന്ധം ഒരു പരിധിവരെ നിലനിര്‍ത്തിപ്പോകുന്നതിനും ഇതിലൂടെ സാധിക്കും.
    
ദീര്‍ഘകാലം പരിശീലനത്തിലും മത്സരങ്ങളിലും പങ്കെടുക്കാതിരുന്നതിനുശേഷം കളിക്കളത്തിലേക്ക് വീണ്ടുമിറങ്ങിയാല്‍ പരിക്കുണ്ടാകുവാന്‍ സാധ്യത  വളരെ കൂടുതലാണ്. ആയതിനാല്‍ പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്തുന്നത് അഭികാമ്യമാണ്. പൂര്‍ണമായും ശാരീരികവും കായികവുമായ
ക്ഷമത വീണ്ടെടുത്ത് കളിക്കളത്തില്‍ തിരികെയെത്തുന്നതാണ് താരങ്ങളുടെ കായിക ഭാവിക്ക് നല്ലത്. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന കായിക മത്സരങ്ങളില്‍ പലതും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചാണ് നടത്തപ്പെടുത്തുന്നത്. ആളൊഴിഞ്ഞ ഗ്യാലറികള്‍ക്കു മുന്നില്‍ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ കാണികള്‍ നല്‍കാറുള്ള ബാഹ്യ പ്രചോദനത്തിന്‍റെ കുറവ് കായിക മികവിനേയും ബാധിക്കുമെന്നുറപ്പാണ്. ഇത്തരം സാഹചര്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനും കായികതാരങ്ങള്‍ തയാറാകേണ്ടതുണ്ട്.
    
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെ സാധ്യതയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മത്സരങ്ങളും ടൂര്‍ണമെന്‍റുകളും അരങ്ങേറുന്നത് കോവിഡിനെ അതീജീവിച്ചുകൊണ്ടും മനുഷ്യന് മുന്നോട്ട് പോകാന്‍ കഴിയും എന്നതിന്‍റെ തെളിവാണ്. ടീം ഇനങ്ങളിലും ബോഡി കോണ്ടാക്റ്റ് വരുന്ന ഗെയിമുകളിലും ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച മാര്‍ഗരേഖ വെവ്വേറെ പുറത്തിറക്കണം. കോവിഡ് വ്യാപനഭീതി, ഉത്കണ്ഠ എന്നിവയുള്ള കായിക താരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ, കരുതല്‍, പിന്തുണ എന്നിവ ഉറപ്പാക്കി കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടു വരണം. പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ഘട്ടംഘട്ടമായി ആരാധകര്‍ക്ക് കളി കാണുന്നതിന് അവസരമൊരുക്കുന്നതിലൂടെ ഗ്യാലറികളില്‍ ആവേശം അലയടിക്കുകയും താരങ്ങളുടെ പ്രകടനത്തെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യും.
    
തൊണ്ടപൊട്ടിയുള്ള അലര്‍ച്ചയോടെയും കരഘോഷത്തോടെയും പ്രതികരിക്കുന്ന ആരാധകര്‍ ഓരോ കായികമേളകളുടെയും ആകര്‍ഷണമാണ്. കാണികളുടെയും ആരാധകരുടെയും ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ കായിക മത്സരങ്ങളും ടൂര്‍ണമെന്‍റുകളും പുര്‍ണതയിലെത്തില്ലെന്നാണ് പൊതുവായ വാദം. എന്നിരുന്നാലും തകര്‍ച്ചയുടെ പടിവാതിലില്‍ നില്‍ക്കുന്ന കായിക രംഗത്തിന് കൈത്താങ്ങേകി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. കായിക ലോകത്ത് അപ്രാപ്യമായ നേട്ടങ്ങള്‍ കരസ്ഥമാക്കുവാനാഗ്രഹിക്കുന്ന ഇന്ത്യയിലെ പല ദേശീയ ടീമുകളും കൊറോണയെ അതിജീവിച്ച് പരിശീലന ക്യാമ്പുകളിലാണ് ചെലവഴിക്കുന്നത്. സമൂഹവുമായോ കുടുംബാംഗങ്ങളോടൊപ്പമോ സമയം ചെലവഴിക്കുവാന്‍  കഴിയാതെയുള്ള കഠിന പരിശ്രമം. അകലം പാലിച്ചുള്ള ഭക്ഷണം കഴിക്കല്‍, ഒരു മുറിയില്‍ ഒറ്റക്ക് താമസിക്കുക തുടങ്ങി നിരവധി പ്രാഥമിക മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ പാലിച്ചുകൊണ്ടിരിക്കുന്ന കായിക നിയമാവലിയില്‍ താത്ക്കാലികമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് മത്സരങ്ങള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിനും ചില കായിക സംഘടനകള്‍ ഇടപെടുന്നുണ്ട്.
    
സെപ്തംബര്‍ 19 ന് യു.എ.ഇ.യില്‍ നടന്ന ഐ.പി.എല്ലിലെ മുഴുവന്‍ താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അതിശക്തമായ കോവിഡ് പ്രതിരോധ സുരക്ഷയാണ് ഒരുക്കിയത്. കോണ്ടാക്ട് ട്രേസിങ്ങ് ഇലക്ട്രോണിക് ബാഡ്ജുകള്‍ നല്‍കിക്കൊണ്ട് ഐ.പി.എല്ലിന്‍റെ ഭാഗമായ മുഴുവന്‍ പേരുടെയും സമ്പര്‍ക്ക വിവരം അനായാസം അറിയുവാന്‍ സാധിക്കും. ബ്ലൂടൂത്തുമായി കണക്ട് ചെയ്യുന്ന ഈ ബാഡ്ജിലൂടെ താരങ്ങളുടെ സമ്പര്‍ക്കപ്പട്ടികയുടെ വിവരം നേരിട്ട് ലഭ്യമാകുകയും  അനായാസം മറ്റുള്ളവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കുവാനും കഴിഞ്ഞിരുന്നു. സമാനമായ മാതൃക മറ്റു കായിക ഇനങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പായും സ്വീകരിക്കാവുന്നതാണ്. ഫുട്ബോള്‍ സംഘടനയായ ഫിഫ 5 സബ്സ്റ്റിറ്റ്യൂഷന്‍ സമ്പ്രദായം നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ട്. കൂടാതെ മൈതാനത്തിന് പുറത്തിരിക്കുന്ന കളിക്കാരും പരിശീലകരും ടീം അധികൃതരും വന്‍സുരക്ഷാ തന്ത്രങ്ങള്‍ സ്വീകരിക്കുവാനും പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കുവാനും നിര്‍ദേശിക്കുന്നു. ഇതുവരെയില്ലാത്ത കോവിഡ് അതിജീവന തന്ത്രങ്ങളുമായി ക്രിക്കറ്റ് അതികായകരായ ഐ.സി.സി.യും രംഗത്ത് എത്തിയിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂട്ട് രീതി ക്രിക്കറ്റിലും പരീക്ഷിക്കുവാന്‍ ആലോചിക്കുന്നതിലൂടെ കളിക്കിടയില്‍ ഏതെങ്കിലും താരം അസുഖബാധിതനായാല്‍ ഇതിനെ പ്രയോഗവത്ക്കരിക്കാനാകും. ബൗളര്‍മാര്‍ പന്തുകളില്‍ ഉമിനീര്‍ ഉപയോഗിക്കുന്ന പ്രയോഗം നിരോധിച്ചുകഴിഞ്ഞു. കൂടാതെ കളിക്കിടയിലുള്ള ഹസ്തദാനം, ആലിംഗനം, എന്നിവയും മൈതാനത്ത് ഇടക്ക് തുപ്പുന്ന ശീലം തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുവാനും നിര്‍ദേശിച്ചു കഴിഞ്ഞു. കൂടാതെ വ്യക്തിഗത കായിക ഉപകരണങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതെ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ടീം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് സാമൂഹിക അകലം പാലിച്ചിട്ടാകണമെന്നാണ് പൊതു നിര്‍ദേശം. ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ താരങ്ങള്‍ക്കു മാത്രമല്ല മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യല്‍സിനും മറ്റു സാങ്കേതിക സംവിധാനം ഒരുക്കുന്നവര്‍ക്കും ബാധകമായിരിക്കും. നവംബര്‍ 20 ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ (ഐ.എസ്.എല്‍) ഏഴാം എഡിഷന്‍ മത്സരങ്ങള്‍ വളരെയധികം സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് ഗോവയിലെ 3 സ്റ്റേഡിയങ്ങളില്‍ മാത്രമാക്കി മത്സരങ്ങള്‍ നടത്തുന്നത് പരിമിതപ്പെടുത്തി. അതിനാല്‍ കാണികളുടെയും ആരാധകരുടേയും നേരിട്ടുള്ള പിന്തുണ ടീമുകള്‍ക്ക് ലഭിക്കില്ല. നിലവിലുള്ള പകര്‍ച്ചവ്യാധി സാധ്യതകള്‍ പരിഗണിച്ച് കളിക്കാരുടെ കായികക്ഷമതയും സുരക്ഷിതത്വവും കണക്കിലെടുത്ത് പകരക്കാരായുള്ള പരമാവധി കളിക്കാരുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ച് ആയി ഉയര്‍ത്തുകയും ഇവരെ വ്യത്യസ്ത ഇടവേളകളില്‍ ഉപയോഗിക്കുവാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുകയും  ചെയ്യുന്നു.
    
പൊതു ഇടങ്ങളിലും മൈതാനങ്ങളിലും കായിക പ്രവര്‍ത്തനങ്ങളും വ്യായാമവും  ചെയ്യാന്‍ നിലവില്‍ അനുമതി ലഭ്യമായെങ്കിലും സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചു മാത്രമേ ഇതില്‍ പങ്കെടുക്കാന്‍ കഴിയൂ.  മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്വാസകോശത്തിലേക്ക് കൂടുതല്‍ വായു എത്തുന്നു. മാസ്ക് വയ്ക്കുന്നതിലൂടെ വായുവിന്‍റെ ശരിയായ സഞ്ചാര പഥത്തിന് തടസമുണ്ടാകുന്നു. ഇത് ക്ഷീണം, പെട്ടെന്നുള്ള തളര്‍ച്ച എന്നിവയ്ക്കു കാരണമാകുന്നു. ജീവിതശൈലി രോഗങ്ങളായ രക്ത സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയുള്ളവരെ ഈ രീതി കൂടുതലായി ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍  ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഉള്‍പ്പെടുന്ന ശരീരവ്യവസ്ഥകളാണ് ഇതില്‍ പ്രധാനമായും ഭാഗമാകുന്നത്. വായുവിന്‍റെ ഉള്ളിലേക്കുള്ള സഞ്ചാരത്തില്‍ കുറവ് വന്നാല്‍ ഊര്‍ജോത്പാദനത്തെയും സാരമായി ബാധിക്കും. അതിനാല്‍ ശ്വാസകോശത്തിന് കൂടുതല്‍ സമ്മര്‍ദം  നല്‍കാത്ത വ്യായാമ മുറകള്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാകും. വീട്ടില്‍തന്നെ ലഭ്യമാകുന്ന സൗകര്യങ്ങളില്‍ വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയാണെങ്കില്‍ മാസ്ക് ഉപയോഗിക്കുക എന്ന ശ്രമകരമായ പ്രവൃത്തിയില്‍ നിന്നും ഒഴിവാകുവാന്‍ സാധിക്കും.
    
ജനസംഖ്യയില്‍ യുവജനങ്ങളുടെ എണ്ണത്തിലുള്ള മുന്‍തൂക്കം ഇന്ത്യക്ക് കായിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് അനുകൂലമാണ്. കായിക വിദ്യാഭ്യാസത്തിലൂടെ പുതുതലമുറയെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിലൂടെ മാനവവിഭവ ശേഷിയുടെ വളര്‍ച്ചയില്‍ ദ്രൂതഗതിയിലുള്ള പുരോഗതിയുണ്ടാക്കുന്നതിന് സാധിക്കും. വിദ്യാഭ്യാസ പ്രക്രിയയില്‍ ആരോഗ്യമുള്ള ശരീരത്തിന്‍റെയും കായിക വിദ്യാഭ്യാസത്തിന്‍റെയും സ്പോര്‍ട്സിന്‍റെയും പ്രധാന്യത്തെപ്പറ്റി മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ പറഞ്ഞ വാക്കുകള്‍ പ്രായോഗിക തലത്തില്‍ അര്‍ത്ഥവത്താക്കേണ്ടതുണ്ട്. കോവിഡ് നാളുകളില്‍ കായിക ക്ഷമത നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ താത്പര്യപൂര്‍വം സ്വീകരിക്കണം. ഗ്രാമീണ മേഖലയില്‍ കായിക വികസനത്തില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുവാന്‍ കായികമേഖലയിലെ അധികാരികള്‍ തയാറാകണം. ഇതിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ പ്രാദേശികമായി കഴിവുള്ള ധാരാളം പുതിയ പ്രതിഭകളെ കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും സാധിക്കും. നൂതനവും ശാസ്ത്രീയവുമായ ടാലന്‍റ് ഐഡന്‍റിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ കായിക വളര്‍ച്ചയിലെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ നടപ്പില്‍ വരുത്തണം. കോവിഡിനോടൊപ്പമുള്ള കായിക ലോകത്തിന്‍റെ മന്ദഗതിയിലുള്ള പ്രയാണത്തില്‍ കാര്യക്ഷമമായ ശാക്തീകരണം അടിസ്ഥാനതലം മുതല്‍ നടത്തി മുന്നോട്ട് നയിക്കേണ്ടത് കാലത്തിന്‍റെ ആവശ്യകതയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടും ജാഗ്രത പാലിച്ചുകൊണ്ടും കൊറോണയോടൊപ്പമുള്ള കായിക വേദികളെ സജീവമാക്കണം. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലും കേവലം പ്രാതിനിധ്യം മാത്രം അറിയിക്കുന്നതിനുപകരം മെഡല്‍ നേട്ടംകൈവരിക്കുന്ന നിലയിലേക്ക് ഇന്ത്യയിലെ കായിക മേഖല ഉയരങ്ങളിലേക്ക് കൂടുതല്‍ കരുത്താര്‍ജിക്കട്ടെ.

(എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ആണ് ലേഖകന്‍)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top