16 January Saturday

മിന്നിത്തിളങ്ങി നടരാജ വിസ്മയം

സ്‌പോര്‍ട്‌സ് ഡെസ്‌ക്Updated: Wednesday Dec 2, 2020

കാന്‍ബെറ > തങ്കരസു നടരാജന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേരെഴുതി ചേര്‍ത്തു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അപകടകാരിയായ മാര്‍ണസ് ലബുഷെയ്ന്റെ കുറ്റി പിഴുത് അരങ്ങേറ്റം. പിന്നെ നിര്‍ണായക ഘട്ടത്തില്‍ ആഷ്ടണ്‍ ആഗറെ പുറത്താക്കി കളിഗതി തിരിച്ച നിമിഷം. കാന്‍ബെറയിലെ ഏറ്റവും തിളക്കമുള്ള കാഴ്ചയായി അത് മാറി. കളിയില്‍ ഇന്ത്യ പത്ത് റണ്ണിന് ജയിച്ചപ്പോള്‍ നടരാജനും അതില്‍ മിന്നി.  

പേസ് നിരയുടെ പുതിയ മുഖമാണ് ഈ തമിഴ്നാട്ടുകാരന്‍. വാഴ്‌ത്തുപാട്ടുകളിലൊന്നും ഈ പേരുണ്ടായിരുന്നില്ല. സേലത്തിനടുത്തുള്ള ചേരിയില്‍നിന്ന് ഇല്ലായ്മകളോട് പൊരുതിയായിരുന്നു വരവ്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വെള്ളിവെളിച്ചത്തില്‍ ഇരുപത്തൊമ്പതുകാരന്‍ തിളങ്ങിനില്‍ക്കുന്നു. സിനിമയേക്കാള്‍ സംഭവബഹുലമായിരുന്നു ആ യാത്ര.

ഇടംകൈയില്‍നിന്ന് അസ്ത്രവേഗത്തില്‍ തെറിക്കുന്ന യോര്‍ക്കറുകളാണ് പ്രധാന ആയുധം. ഈ സീസണ്‍ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ തൊടുത്തത് നടരാജനാണ്. എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ എബി ഡിവില്ലിയേഴ്സിന്റെ വിക്കറ്റുകള്‍ പിഴുത യോര്‍ക്കര്‍, ഈ ടൂര്‍ണമെന്റിലെതന്നെ ഏറ്റവും മികച്ച പന്താണെന്ന് വിലയിരുത്തപ്പെട്ടു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് നടരാജന്റെ ഇടംകൈയില്‍നിന്ന് പന്ത് പറക്കുക.

നിര്‍മാണത്തൊഴിലാളിയുടെ മകന് ചെറുപ്പത്തില്‍ ഭക്ഷണത്തിനുവേണ്ടിയാണ് പൊരുതേണ്ടിവന്നത്. ക്രിക്കറ്റ് എല്ലാം മറക്കാനുള്ള മരുന്നായിരുന്നു. ആവേശമായിരുന്നു  ക്രിക്കറ്റ്. ഒപ്പം എല്ലാ വേദനകളില്‍നിന്നുള്ള മോചനവും. ടെന്നീസ് പന്തുകൊണ്ട് സ്റ്റമ്പുകള്‍ പിഴുതു. പിന്നെ തുകല്‍പ്പന്ത് കൈയില്‍ കിട്ടി. തമിഴ്നാട് പ്രീമിയര്‍ ലീഗും കര്‍ണാടക പ്രീമിയര്‍ ലീഗുമാണ് നടരാജനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. ആ യോര്‍ക്കറുകള്‍ക്ക് ആളുണ്ടായി. ഐപിഎലിലേക്ക് വാതില്‍ തുറക്കുന്നത് അങ്ങനെയാണ്.

2017ലെ ഐപിഎല്‍ ലേലത്തില്‍ 10 ലക്ഷം രൂപയായിരുന്നു നടരാജന്റെ അടിസ്ഥാനവില. മൂന്നുകോടി രൂപവരെ ഉയര്‍ന്നു. കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. എന്നാല്‍, ആദ്യസീസണ്‍ നിരാശയുടേതായി. ആറു കളിയില്‍ നേടിയത് മൂന്ന് വിക്കറ്റുമാത്രം. നന്നായി റണ്ണും വഴങ്ങി. അടുത്ത സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക്. അവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍, ഈ സീസണില്‍ നടരാജന്‍ തെളിയിച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഈ പേസറില്‍ നല്ല വിശ്വാസമായിരുന്നു. ആ വിശ്വാസം നടരാജന്‍ കാത്തു.

ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന കളിയിലെ ജയം ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കും. ഇന്ത്യ 5--302; ഓസ്ട്രേലിയ 289. ഹാര്‍ദിക് പാണ്ഡ്യ (76 പന്തില്‍ 92), രവീന്ദ്ര ജഡേജ (50 പന്തില്‍ 66) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. ബൗളര്‍മാരില്‍ ശര്‍ദുള്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയും നടരാജനും രണ്ട് വീതം വിക്കറ്റും നേടി.
മൂന്ന് മത്സര ട്വന്റി--20 പരമ്പര ഡിസംബര്‍ നാലിന് തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top