21 August Wednesday

ഇനി ടെസ്‌റ്റ്‌ ലോകകപ്പ്‌; ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‌ ആഷസോടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

ലണ്ടൻ > ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിന്റെ ആരവങ്ങൾ നിലയ്‌ക്കുംമുമ്പേ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിന്‌ തുടക്കമാകുന്നു. എഡ്‌ജ്‌ബാസ്റ്റണിൽ വ്യാഴാഴ്‌ച ആരംഭിക്കുന്ന ഇംഗ്ലണ്ട്‌–-ഓസ്‌ട്രേലിയ ആഷസ്‌ പരമ്പരയോടുകൂടി രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‌ അരങ്ങൊരുങ്ങും. പുത്തൻ ഘടനയിലും പോയിന്റ്‌ രീതിയിലുമാണ്‌ ചാമ്പ്യൻഷിപ്പെത്തുന്നത്‌.

ഇന്ത്യ, ന്യൂസിലൻഡ്‌, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്‌, ബംഗ്ലാദേശ്‌ എന്നീ റാങ്കിങിൽ ആദ്യത്തെ ഒമ്പത്‌ ടീമുകളാണ്‌ ടെസ്റ്റ്‌ ചാമ്പ്യൻ പട്ടത്തിനായി പോരടിക്കുന്നത്‌. ആകെ 27 പരമ്പരകളുണ്ടാകും. രണ്ടുമുതൽ അഞ്ചുവരെ മത്സരങ്ങളാണ്‌ ഒരു പരമ്പരയിലുണ്ടാവുക.

ചില ടീമുകൾ ആറ്‌ ടീമുകളുമായി പരമ്പര കളിക്കും. ആറ്‌ ടീമുകളെ നേരിടാൻ അവസരം ലഭിക്കാത്ത മറ്റ്‌ ടീമുകൾ വിവിധ രാജ്യങ്ങളുമായി സ്വന്തം നാട്ടിലും എതിരാളിയുടെ നാട്ടിലുമായി (മൂന്നുവീതം) ആറ്‌ പരമ്പരകൾ കളിക്കും. ഒരു പരമ്പരയിൽനിന്ന്‌ ഒരു ടീമിന്‌ പരമാവധി നേടാവുന്നത്‌ 120 പോയിന്റാണ്‌. പട്ടികയിൽ മുന്നിലെത്തുന്ന രണ്ട്‌ ടീമുകൾ 2021 ജൂൺ 10ന്‌ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ കിരീടത്തിനായി ഏറ്റുമുട്ടും.

ആഷസിൽ അഞ്ച്‌ മത്സരങ്ങളാണുള്ളത്‌. ഇതിനു പിന്നാലെ ആഗസ്‌ത്‌ പതിനാലിന്‌, ശ്രീലങ്ക–-ന്യൂസിലൻഡ്‌ പരമ്പരയ്‌ക്കും 22ന്‌ ഇന്ത്യ–-വിൻഡീസ്‌ പരമ്പരയ്‌ക്കും തുടക്കമാകും. ഇന്ത്യക്ക്‌  ആറ്‌ ടീമുകളുമായി മത്സരമുണ്ട്‌. നിലവിൽ ഇന്ത്യയാണ്‌ ലോകറാങ്കിങ്ങിൽ ഒന്നാമത്‌. പേരും നമ്പറും പതിച്ച കുപ്പായമണിഞ്ഞാണ്‌ കളിക്കാർ മത്സരങ്ങൾക്കിറങ്ങുക. കുറഞ്ഞ ഓവർ നിരിക്കിന്‌ ക്യാപ്‌റ്റൻമാർക്ക്‌ ശിക്ഷ നൽകുന്നതും ഒഴിവാക്കി. ടീമിന്‌ മൊത്തമായി പിഴയോ പോയിന്റ്‌ പിൻവലിക്കുകയോ ആകും കുറഞ്ഞ ഓവർ നിരക്ക്‌ വരുത്തിയാലുണ്ടാകുന്ന ശിക്ഷ.


പ്രധാന വാർത്തകൾ
 Top