05 November Tuesday

ഇന്ന്‌ പാകിസ്ഥാനോട്‌: ക്ഷീണം മാറ്റാൻ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ദുബായ്‌
ന്യൂസിലൻഡിനോടുള്ള ഞെട്ടിക്കുന്ന തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന്‌ പാകിസ്ഥാനോട്‌. വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക്‌ മികച്ച ജയം അനിവാര്യമാണ്‌. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.
ന്യൂസിലൻഡിനോട്‌ 58 റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി. കൂറ്റൻ തോൽവി റൺനിരക്കിനെയും ബാധിച്ചു. –-2.900 റൺനിരക്കുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്‌. പാകിസ്ഥാനെ കൂടാതെ ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളെയും ഗ്രൂപ്പ്‌ എയിൽ ഇന്ത്യക്ക്‌ നേരിടാനുണ്ട്‌. ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ് യോഗ്യത.

കിവി വനിതകൾക്കെതിരെ എല്ലാ മേഖലയിലും ഒരുപോലെ പരാജയപ്പെട്ടു. ബാറ്റിങ്‌ നിരയിലെ പരീക്ഷണങ്ങൾ മൊത്തം പാളി. 19 ഓവറിൽ 102 റണ്ണിനാണ്‌ കൂടാരം കയറിയത്‌. ഒരു ബാറ്റർക്കും 15 റണ്ണിനുമുകളിൽ നേടാനായില്ല. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറിന്‌ മൂന്നാംനമ്പറിൽ സ്ഥാനക്കയറ്റം നൽകിയ നീക്കം പൊളിഞ്ഞുപോയി. ക്യാപ്‌റ്റന്‌ 14 പന്തിൽ 15 റണ്ണാണ്‌ നേടാനായത്‌. നാലാം നമ്പറിൽ മികച്ച പ്രകടനം നടത്തുന്ന ഹർമൻപ്രീത്‌ മുമ്പ്‌ 19 തവണ മൂന്നാംനമ്പറിൽ ഇറങ്ങിയിട്ടുണ്ട്‌. ഒരു അർധസെഞ്ചുറിപോലുമുണ്ടായില്ല.

ബൗളിങ്‌ നിരയിലെ പരീക്ഷണങ്ങൾക്കും ഫലംകിട്ടിയില്ല. ഈ വർഷം ട്വന്റി20യിലെ മികച്ച മൂന്നാമത്തെ വിക്കറ്റ്‌ വേട്ടക്കാരിയായ പൂജ വസ്‌ത്രാക്കർക്ക്‌ ഒരോവർമാത്രമാണ്‌ നൽകിയത്‌. ആദ്യ ഓവറിൽ ഒമ്പതു റൺ വഴങ്ങിയ പൂജയെ പിന്നെ പരിഗണിച്ചില്ല. ബാറ്റിങ്‌ നിരയിൽ ദയാലൻ ഹേമലത ഇടംപിടിക്കാൻ സാധ്യതയുണ്ട്‌. ബൗളർമാരിൽ മലയാളിതാരം ആശ ശോഭനയും മീഡിയം പേസർ രേണുക സിങ്ങും മാത്രമാണ്‌ തിളങ്ങിയത്‌.
പാകിസ്ഥാൻ ആദ്യകളിയിൽ ലങ്കയോട്‌ തകർപ്പൻ ജയമാണ്‌ നേടിയത്‌. ക്യാപ്‌റ്റൻ ഫാത്തിമ സന ബാറ്റിലും പന്തിലും മികച്ച കളി പുറത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top