27 May Wednesday

ഇനി മിന്നൽ ക്രിക്കറ്റ്‌; ഇന്ത്യ– ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ബൈജൂസ് ആപ്പിന്റെ ലോഗോയുള്ള ജഴ്സിയണിഞ്ഞ് രോഹിത് ശർമ, വിരാട് കോലി, രവി ശാസ്ത്രീ എന്നിവർ

ധർമശാല  >  വിരാട്‌ കോഹ്‌ലിയുടെയും കൂട്ടരുടെയും നോട്ടം ട്വന്റി–-20 ലോകകപ്പിലാണ്‌. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന്‌ മത്സര ട്വന്റി–-20 പരമ്പരയ്‌ക്കിറങ്ങുമ്പോൾ അടുത്ത വർഷം ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ അരങ്ങേറുന്ന ടൂർണമെന്റിലേക്കുള്ള ഒരുക്കം ഗംഭീരമാക്കാനൊരുങ്ങുകയാണ്‌ ഇന്ത്യ. ഇന്ന്‌ രാത്രി ഏഴിന്‌ ധർമശാലയിലാണ്‌ ആദ്യ ട്വന്റി–-20.

 ഏകദിന ലോകകപ്പിലെ സെമിഫൈനൽ പുറത്താകലിനു പിന്നാലെ നടന്ന വെസ്റ്റിൻഡീസ്‌ പര്യടനത്തിൽ സമ്പൂർണ ജയം പിടിച്ച ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ ആഫ്രിക്കൻ കരുത്തിനെ നേരിടാനൊരുങ്ങുന്നത്‌. ട്വന്റി–-20ക്ക്‌ പുറമേ മൂന്ന്‌ ടെസ്റ്റ്‌ പരമ്പരയുമുണ്ട്‌.

 പരിമിത ഓവർ ലോകകപ്പിന്‌ മുന്നോടിയായി ഇനി വരുന്ന 13 മാസം 27 ട്വന്റി–-20യാണ്‌  ഇന്ത്യ കളിക്കുന്നത്‌. ഇതിനിടയിൽ ഐപിഎലും അരങ്ങേറും. ഫെബ്രുവരി മുതൽ ഒക്‌ടോബർവരെ ഒരു ടെസ്റ്റ്‌ പോലും ഇന്ത്യ കളിക്കുന്നില്ല. ലക്ഷ്യം വ്യക്തമാണ്‌. ഓസ്‌ട്രേലിയ കണക്കാക്കി കരുക്കൾ നീക്കിക്കഴിഞ്ഞു ബിസിസിഐ. ഇന്ത്യൻ പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയിൽ രവി ശാസ്‌ത്രിക്കും പരിശീലക സംഘത്തിനും മികച്ച ജയം അനിവാര്യമാണ്‌.

 വിൻഡീസിനെതിരെ കളിച്ച ടീമിൽനിന്ന്‌ ഒരു മാറ്റവുമായാണ്‌ ഇന്ത്യ എത്തുന്നത്‌. വിശ്രമം അനുവദിച്ചിരുന്ന ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ തിരിച്ചെത്തി. പേസർ ഭുവനേശ്വർ കുമാറാണ്‌ പുറത്തുപോയത്‌. ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ വിശ്രമം അനുവദിച്ചിരിക്കുകയാണ്‌. കോഹ്‌ലി നയിക്കുന്ന ബാറ്റിങ്‌ നിരയിൽ ശ്രേയസ്‌ അയ്യറും മനീഷ്‌ പാണ്ഡെയും മധ്യനിരയിലെത്തും. മഹേന്ദ്രസിങ്‌ ധോണിക്ക്‌ പകരം ഋഷഭ്‌ പന്ത്‌ തന്നെയാണ്‌ വിക്കറ്റിന്‌ പിന്നിലെ കാവൽക്കാരൻ. ബുമ്രയുടെയും ഭുവനേശ്വറിന്റെയും അഭാവത്തിൽ വിൻഡീസിൽ തിളങ്ങിയ നവ്‌ദീപ്‌ സെയ്‌നിയാണ്‌ പേസിങ്‌ നിര നയിക്കുന്നത്‌.

 ഹാഷിം അംലയും ഫാഫ്‌ ഡു പ്ലെസിസുമില്ലാത്ത ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌ നിരയെ നയിക്കുന്നത്‌ ക്യാപ്‌റ്റൻ ക്വിന്റൺ ഡി കോക്കാണ്‌. ഇന്ത്യയിൽ മികച്ച റെക്കോഡാണ്‌ ഇടംകൈയനുള്ളത്‌. കഴിഞ്ഞ ഐപിഎലിൽ റൺവേട്ടക്കാരിൽ മൂന്നാമനായിരുന്നു ഈ വിക്കറ്റ്‌ കീപ്പർ. കഗീസോ റബാദയാണ്‌ പേസർമാരിലെ ഉശിരൻ.

 ഇന്ത്യ ‘ബൈജൂസിൽ’

  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുക ബൈജൂസ്‌ ലേണിങ് ആപ്പിന്റെ  ജേഴ്‌സിയിൽ. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോയ്‌ക്ക്‌ പകരമായാണ്‌ ഓൺലൈൻ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ബൈജൂസ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്‌പോൺസർമാരായത്‌. ബംഗളൂരു ആസ്ഥാനമായാണ് ബൈജൂസ് ആപ്പിന്റെ പ്രവർത്തനം. കണ്ണൂർ  സ്വദേശി ബൈജു രവീന്ദ്രനാണ്‌ ഉടമ.
 


പ്രധാന വാർത്തകൾ
 Top