23 January Wednesday

രോഹിതിന്റെ സെഞ്ച്വറി പാഴായി; സിഡ്‌‌‌നി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

സിഡ്‌നി > സെഞ്ചറിയുമായി തിളങ്ങിയ രോഹിത് ശര്‍മയ്‌‌ക്കും പൊരുതിനിന്ന എം എസ് ധോണിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കരുത്തറിയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ഓസീസ് മുന്നിലെത്തി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ നിശ്ചിത 50 ഓവറില്‍ 254 റണ്‍സിന് പുറത്തായി.

129 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്‌സും സഹിതം 133 റണ്‍സെടുത്ത രോഹിത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോയ്‌നിസിന്റെ പന്തില്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി. ഏകദിനത്തിലെ 68-ാം അര്‍ധസെഞ്ചുറി നേടിയ ധോണി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിനിന്നത്. 96 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം ധോണി 51 റണ്‍സെടുത്തു. ബെഹ്റന്‍ഡോഫ് ധോണിയെ പുറത്താക്കിയതോടെ ഇന്ത്യന്‍ പതനം പൂര്‍ത്തിയായി.

രോഹിത് ശര്‍മയും എം എസ് ധോണിയും ചേര്‍ന്ന് കൂട്ടുകെട്ടില്‍ 137 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ 20 മത്സരങ്ങള്‍ക്ക് ശേഷമാണ് ധോണി അര്‍ധസെഞ്വറി നേടിയതും. ജൈ റിച്ചാര്‍ഡ്‌സന്‍ജേസണ്‍ ബെഹ്‌റന്‍ഡ്രോഫ് സഖ്യത്തിന്റെ ഉജ്വല ബോളിങ് പ്രകടനമാണ് മല്‍സരം ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്.

നേരത്തേ ഓസീസ് നിരയില്‍ മൂന്നു താരങ്ങള്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 73 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സോംബാണ് ഓസീസിന്റെ ടോപ്സ്‌കോറര്‍. 61 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്സ്. ഉസ്മാന്‍ ഖവാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) മികച്ച പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. മാര്‍ക്കസ് സ്റ്റോയ്ണിസ് പുറത്താവാതെ 47 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതമെടുത്തു. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു.

രോഹിതിനും ധോണിക്കും നേട്ടം

ഇന്ത്യയ്‌‌ക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ധോണി മാറി. ഏകദിനത്തില്‍ ധോണി 10,000 റണ്‍സ് നേരത്തെ തന്നെ പിന്നിട്ടതാണെങ്കിലും അതില്‍ ലോക ഇലവന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കായി നേടിയ റണ്‍സും ഉള്‍പ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യയ്ക്കായി മാത്രം ധോണി നേടിയ റണ്‍സ് 10,000 കടന്നു.

ഇന്ത്യ- ഓസ്‌‌‌ട്രേലിയ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മയും മാറി. 1622 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ആഡം ഗില്‍ക്രിസ്റ്റിനെയാണ് രോഹിത് മറികടന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (3077), റിക്കി പോണ്ടിങ് (2164) എന്നിവരാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top