14 November Thursday

വെങ്കല‘തിര’ ; ഇന്ത്യയുടെ അഭിമാനമുയർത്തി ഷൂട്ടർമാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

image credit Team India facebook


പാരിസ്‌
ആദ്യം മനു ഭാകർ. പിന്നീട്‌ മനുവിനൊത്ത്‌ സരബ്‌ജോത്‌ സിങ്‌. ഇപ്പോൾ സ്വപ്‌നിൽ കുശാലെ. പാരിസിലെ ഷൂട്ടിങ്ങിൽ റേഞ്ചിൽ ഇന്ത്യ തീർക്കുന്നത്‌ വെങ്കലത്തിര. ഷൂട്ടിങ്ങിൽ മൂന്നു വെങ്കലവുമായി ഷൂട്ടർമാർ ഇന്ത്യയുടെ അഭിമാനമുയർത്തി. 21 അംഗ ഷൂട്ടിങ്‌ ടീമിൽനിന്ന്‌ ഇനിയും മെഡലുകൾ പ്രതീക്ഷിക്കാം. ഒളിമ്പിക്‌സ്‌ ചരിത്രത്തിൽ ഷൂട്ടർമാർ നേടുന്ന ഏഴാം മെഡലാണ്‌. ഒറ്റ ഒളിമ്പിക്‌സിൽ രണ്ടിൽക്കൂടുതൽ ഷൂട്ടിങ് മെഡലുകളും ആദ്യം.

മെഡൽ എളുപ്പമല്ലാത്ത 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ്‌ ഇരുപത്തെട്ടുകാരനായ സ്വപ്‌നിലിന്റെ നേട്ടം. തുടക്കത്തിൽ ആറാംസ്ഥാനത്തും മത്സരം പാതിവഴി പിന്നിട്ടപ്പോൾ അഞ്ചും സ്ഥാനത്തായിരുന്ന സ്വപ്‌നിൽ അവസാനറൗണ്ടിൽ ഏകാഗ്രതയും മനഃസാന്നിധ്യവും കൈമുതലാക്കി മെഡലിലേക്ക്‌ ഉന്നംവച്ചു. നീലിങ്, പ്രോൺ, സ്‌റ്റാൻഡിങ് എന്നീ പൊസിഷനുകളിലാണ്‌ മത്സരം. ആദ്യ 15 ഷോട്ടുകൾ ഉൾപ്പെട്ട നീലിങ് പൊസിഷൻ പൂർത്തിയാകുമ്പോൾ 153.3 പോയിന്റുമായി ആറാംസ്ഥാനമായിരുന്നു. അടുത്ത 15 ഷോട്ടുകൾ ഉൾപ്പെട്ട പ്രോൺ പൊസിഷനിൽ അഞ്ചാംസ്ഥാനത്തേക്ക്‌ ഉയർന്നു. സ്‌റ്റാൻഡിങ്‌ പൊസിഷന്റെ തുടക്കത്തിൽത്തന്നെ 361.2 പോയിന്റുമായി നാലാംസ്ഥാനത്തേക്ക്‌ ഉയർന്നു. അടുത്ത അഞ്ചു ഷോട്ടുകൾ നിർണായകമായി. 10.6, 10.3, 9.1, 10.1, 10.3 പോയിന്റുകൾ കരസ്ഥമാക്കി മെഡൽ പട്ടികയിലേക്ക്‌ കയറി. 411.6 പോയിന്റോടെ മൂന്നാംസ്ഥാനം. അടുത്ത എലിമിനേഷൻ റൗണ്ടുകളിൽ മങ്ങിയെങ്കിലും നാലാംസ്ഥാനത്തുള്ള ചെക്ക്‌ താരം ജിറി ഏറെ പിറകിലായിരുന്നത്‌ തുണയായി. ജിറി പുറത്തായ റൗണ്ടിൽ സ്വപ്‌നിലിന്‌ 9.9 പോയിന്റാണ്‌ സാധ്യമായത്‌. അവസാന ഷോട്ടിൽ 10 തികച്ച്‌ 451.4 പോയിന്റുമായി മൂന്നാംസ്ഥാനം ഉറപ്പിച്ചു.

തുടക്കത്തിൽ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന നോർവേയുടെ ജോൺ ഹെർമൻ ഹെഗ്‌ അഞ്ചാമതായി. വനിതകളുടെ പ്രകടനം നിരാശയായിരുന്നു. അൻജും ലൗഡ്‌ഗിലിനും സിഫ്‌റ്റ്‌ കൗർ സമ്രക്കും ഫൈനലിലേക്ക്‌ മുന്നേറാനായില്ല. അൻജും പതിനെട്ടാമതായി. സിഫ്‌റ്റ്‌ 31–-ാംസ്ഥാനത്ത്‌.

സ്വപ്‌നിലിന്റെ സ്വപ്‌നങ്ങൾ
ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ്‌ കലക്‌ടറാണ്‌ സ്വപ്‌നിൽ കുശാലെ. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ദേശീയ ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞിട്ടും സ്വന്തമായൊരു തോക്ക്‌ ഇരുപതുകാരനുണ്ടായിരുന്നില്ല. ഷൂട്ടിങ്‌ റേഞ്ചിലെ കൂട്ടുകാരിൽനിന്ന്‌ കടമെടുത്തായിരുന്നു തുടക്കം. പിന്നീട്‌ മഹാരാഷ്‌ട്ര സർക്കാർ അനുവദിച്ച തോക്കിലുമായി ഉന്നംപിടിത്തം. 2015ൽ റെയിൽവേയിൽ ടിടിഇയായി നിയമനം ലഭിച്ചതോടെ സ്വപ്നം സാക്ഷാൽക്കരിച്ചു. ഏഴുമാസത്തെ ശമ്പളം ചേർത്തുവച്ച്‌ മൂന്നുലക്ഷം രൂപയ്‌ക്ക്‌ തോക്ക്‌ വാങ്ങി. ‘മഹേന്ദ്രസിങ്‌ ധോണിയാണെന്റെ ആരാധനാപാത്രം. ഉന്നംപിടിക്കുമ്പോൾ ശാന്തനാകാനും ക്ഷമയോടെ നിൽക്കാനും പഠിച്ചത്‌ ധോണിയിൽനിന്നാണ്‌. അദ്ദേഹവും റെയിൽവേയിൽ ടിടിഇയായിരുന്നു’–- വെങ്കലനേട്ടത്തിനുശേഷം സ്വപ്‌നിൽ പ്രതികരിച്ചു.

മഹാരാഷ്‌ട്രയിലെ കോലാപുരിലാണ്‌ സ്വപ്‌നിൽ ജനിച്ചത്‌. അച്ഛൻ: സുരേഷ്‌. അമ്മ: അനിത. പത്താംവയസ്സിൽ സർക്കാരിന്റെ സ്‌പോർട്‌സ്‌ ഹോസ്റ്റലിൽ പ്രവേശിച്ചതാണ്‌ ജീവിതം മാറ്റിയത്‌. 14–-ാംവയസ്സിൽ സർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെട്ട്‌ ഷൂട്ടിങ്ങിലേക്ക്‌ തിരിഞ്ഞു. പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2015ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തി. 2012 ലണ്ടൻ ഒളിമ്പിക്‌സ്‌ വെങ്കല ജേതാവ്‌ ഗഗൻ നാരംഗിനെയും ഏഷ്യൻ ജേതാവ്‌ ചയിൻ സിങ്ങിനെയും മറികടന്ന്‌ സ്വർണം നേടി. പിന്നാലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞു.

കഴിഞ്ഞവർഷങ്ങളിൽ നിരാശയായിരുന്നു. 2022 ലോക ചാമ്പ്യൻഷിപ്പിലും 2023 ഏഷ്യൻ ഗെയിംസിലും നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എന്നാൽ, പാരിസിൽ ആ തോക്ക്‌ വെങ്കലമുഴക്കത്തോടെ സന്തോഷമേകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top