17 September Tuesday

സൂപ്പർ ബൂട്ടുമായി വിനീത് വീണ്ടും ; സൂപ്പർ ലീഗിനെക്കുറിച്ചും ഫുട്‌ബോൾ വിശേഷങ്ങളെക്കുറിച്ചും താരം മനസ്സു തുറക്കുന്നു

അജിൻ ജി രാജ്Updated: Thursday Sep 5, 2024

തൃശൂർ എഫ്സി താരം 
സി കെ വിനീത് പരിശീലനത്തിൽ


കൊച്ചി
കേരള ഫുട്‌ബോളിലെ സൂപ്പർതാരമാണ്‌ സി കെ വിനീത്‌. ഐഎസ്‌എല്ലിൽ മലയാളികളെ ത്രസിപ്പിച്ച കളിക്കാരൻ. ബംഗളൂരു എഫ്‌സിക്കൊപ്പവും കേരള ബ്ലാസ്‌റ്റേഴ്‌സിനുമൊപ്പവുമെല്ലാം നിറഞ്ഞാടിയ മുപ്പത്താറുകാരൻ ഒരിടവേളയ്‌ക്കുശേഷം വീണ്ടും ബൂട്ടുകെട്ടുകയാണ്‌. രണ്ട്‌ വർഷംമുമ്പാണ്‌ അവസാനമായി പ്രൊഫഷണൽ ഫുട്‌ബോളിൽ കളിച്ചത്‌. ഐ ലീഗിൽ പഞ്ചാബ്‌ എഫ്‌സിയുടെ താരമായിരുന്നു. പിന്നീട്‌ അക്കാദമി പ്രവർത്തനങ്ങളുമായി തിരക്കിലായി കണ്ണൂരുകാരൻ. പ്രഥമ സൂപ്പർ ലീഗ്‌ കേരളയുടെ മുഖമായി വിനീത്‌ എത്തുകയാണ്‌. തൃശൂർ മാജിക്‌ എഫ്‌സിയുടെ പടനായകനായാണ്‌ വരവ്‌. സൂപ്പർ ലീഗിനെക്കുറിച്ചും ഫുട്‌ബോൾ വിശേഷങ്ങളെക്കുറിച്ചും വിനീത്‌ മനസ്സു തുറക്കുന്നു...

ഇടവേള മനപ്പൂർവമല്ല
രണ്ടു വർഷമായി കളിക്കളത്തിൽ ഉണ്ടായിരുന്നില്ല എന്നത്‌ വലിയ കാര്യമല്ല. ഫുട്‌ബോൾ ജീവവായുവാണ്‌. എന്നും അത്‌ കൂടെയുണ്ട്‌. പ്രൊഫഷണൽ മത്സരങ്ങളിൽ കളിച്ചില്ലെന്നേയുള്ളു. അതിനാൽ ഇതൊരു മടങ്ങിവരവായൊന്നും കാണാനാകില്ല. നിറഞ്ഞ സ്‌റ്റേഡിയത്തിനുമുന്നിൽ കളിക്കുന്നത്‌ എന്നും സന്തോഷം നൽകുന്ന കാര്യമാണ്‌. സൂപ്പർ ലീഗ്‌ കേരളയിൽ കളിക്കുമ്പോൾ അഭിമാനമുണ്ട്‌. പുതിയ താരങ്ങൾക്ക്‌ സീനിയർ എന്ന നിലയിൽ വഴികാട്ടാനാകുമെന്നാണ്‌ പ്രതീക്ഷ. എന്നാലാകുന്നത്‌ ചെയ്യുക. ഞാനും അനസ്‌ എടത്തൊടികയും ഉൾപ്പെടുന്നവർ ഇതിൽ കളിക്കുന്നത്‌ അതിനാലാണ്‌.

ശരിക്കും സൂപ്പർ ലീഗ്‌
വലിയ പദ്ധതിയാണ്‌ സൂപ്പർ ലീഗ്‌. കേരളത്തിലെ പുതിയ കളിക്കാർക്ക്‌ ഈ ലീഗ്‌ നൽകുന്ന പ്രചോദനം ചെറുതല്ല. പണ്ട്‌ കേരളത്തിൽ ഒരുപാട്‌ ടൂർണമെന്റുകളുണ്ടായിരുന്നു. ഇന്ന്‌ അത്രയില്ല. സൂപ്പർ ലീഗിലൂടെ ഇതിനൊരു പരിഹാരമുണ്ടാകും. ഭാവിയിൽ ലീഗ്‌ കൂടുതൽ വിപുലമാക്കുമെന്ന്‌ പറയുന്നു. കേരളത്തിലെ കളി ലോകം മുഴുവൻ കാണുകയാണ്‌. ഇത്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകുന്നത് വലിയ അവസരമാണ്‌. മികവ്‌ തെളിയിച്ചാൽ ഐ ലീഗിലേക്കും ഐഎസ്‌എല്ലിലേക്കുമുള്ള ചവിട്ടുപടിയാകും. പിന്നാലെ ദേശീയ ടീമിലേക്കും. കളിവരട്ടെ, എല്ലാവരും കളിക്കട്ടെ.

താരങ്ങൾ കഠിനാധ്വാനികൾ
വിയർപ്പൊഴുക്കാതെ ഒരു നേട്ടവുമുണ്ടാകില്ല. സൂപ്പർ ലീഗ്‌ നൽകുന്ന വേദി നന്നായി ഉപയോഗിച്ചാൽ യുവതാരങ്ങൾക്ക്‌ വളരാം. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടവർ. പുതിയ കുട്ടികളെല്ലാം പഠിക്കാനും കളി മെച്ചപ്പെടുത്താനും ആത്മാർഥമായി ശ്രമിക്കുന്നുണ്ട്‌. പോരായ്‌മകൾ മനസ്സിലാക്കി തിരുത്താനുള്ള മനസ്സുമുണ്ട്‌. എന്ത്‌ കാര്യത്തിലും സംശയം വന്നാൽ അത്‌ ചോദിക്കാനോ തുറന്നുപറയാനോ അവർക്ക്‌ മടിയില്ല. ഈ പ്രയത്നങ്ങൾക്ക്‌ നല്ല ഫലമുണ്ടാകുമെന്ന്‌ കരുതുന്നു. സൂപ്പർ ലീഗിലൂടെ ഈ കളിക്കാരെല്ലാം ശ്രദ്ധിക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നു.

തൃശൂർ പൊളിയാണ്‌
തൃശൂർ മാജിക്‌ എഫ്‌സി കൂട്ടായ്‌മയുടെ സംഘമാണ്‌. ക്യാപ്‌റ്റനെന്ന നിലയിൽ ടീമിനെ മെച്ചപ്പെടുത്തുക എന്നതാണ്‌ ഉത്തരവാദിത്വം. എത്ര കളിയിൽ ഇറങ്ങുന്നു, എത്രസമയം കളിക്കുന്നു എന്നതിൽ ആശങ്കയില്ല. മികച്ച വിദേശതാരങ്ങളാണ്‌ ടീമിൽ. അതുപോലെ ഒരുപിടി നല്ല മലയാളി യുവതാരങ്ങളും. ഒരുമയോടെ കളിച്ച്‌ മുന്നേറുക എന്നതാണ്‌ ലക്ഷ്യം. ഒമ്പതിന്‌ കണ്ണൂർ വാരിയേഴ്‌സുമായാണ്‌ ആദ്യകളി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top