08 November Friday

തിരുവനന്തപുരത്തിന്റെ കോട്ടയല്ല, ഇത് കാലിക്കറ്റിന്റെ കോര്‍ണര്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തിരുവനന്തപുരം > സൂപ്പര്‍ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പന്‍സും കാലിക്കറ്റ് എഫ് സിയും തമ്മിലുള്ള മത്സരത്തില്‍ കാലിക്കറ്റിന് ഒന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക ജയം. ആദ്യ പകുതിയിലായിരുന്നു കാലിക്കറ്റിന്റെ മൂന്ന് ഗോളുകളും പിറന്നത്. ഇതില്‍ രണ്ട് ഗോളുകളും പിറന്നത് കോര്‍ണര്‍ കിക്കിലൂടെയും.

13-ാം മിനിട്ടില്‍ മുഹമ്മദ് റിയാസിന്റെ വകയായിരുന്നു ആദ്യ ഗോള്‍. ഒട്ടും താമസിയാതെ 21-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹക്കുവിലൂടെ വിരുന്നുകാരുടെ രണ്ടാമത്തെ ഗോളുമെത്തി. ഗനി അഹമ്മദ് നിഗത്തിന്റെ കാലുകളില്‍ നിന്നായിരുന്നു രണ്ട് കോര്‍ണറുകളും പിറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഏര്‍ണസ്റ്റോ ബാര്‍ഫോയിലൂടെ കാലിക്കറ്റ് അവരുടെ മൂന്നാമത്തെ ഗോളും നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊമ്പന്‍സ് മത്സരത്തിലേക്ക് തിരിച്ചു വരുന്നതിനായി ശക്തമായ ശ്രമങ്ങള്‍ പുറത്തെടുത്തു തുടങ്ങി. അതിന് ഫലമെന്നോണം 47-ാം മിനുട്ടില്‍ ദാവിയിലൂടെ ആതിഥേയര്‍ അക്കൗണ്ട് തുറന്നു. എന്നാല്‍ 59-ാം മിനുട്ടില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ കാലിക്കറ്റ് അവരുടെ അവസാന ഗോളും നേടി. ബെല്‍ഫോര്‍ട്ടിന് കയ്യടി നല്‍കിയാണ് തിരുവനന്തപുരം താരത്തെ യാത്രയാക്കിയത്.

ആദ്യമായാണ് തിരുവനന്തപുരം കൊമ്പന്‍സ് അവരുടെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. 9422 കാണികള്‍ മത്സരം കാണുന്നതിനായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top