12 December Thursday
കലിക്കറ്റ്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി

ആരാകും സൂപ്പർ

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

കോഴിക്കോട്‌> സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ചാമ്പ്യനെ ഇന്നറിയാം. കിരീടപ്പോരിൽ കലിക്കറ്റ്‌ എഫ്‌സിയും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ്‌ കിക്കോഫ്‌. സെപ്‌തംബർ ഏഴിന്‌ കൊച്ചിയിലാണ്‌ കേരള ഫുട്‌ബോളിനെ അടിമുടി മാറ്റാനുറച്ച്‌ പ്രഥമ സൂപ്പർ ലീഗ്‌ ആരംഭിച്ചത്‌. 32 കളി പൂർത്തിയായപ്പോൾ 81 ഗോൾ പിറന്നു. പുത്തൻ താരോദയങ്ങളും കണ്ടു.

സീസണിൽ സ്ഥിരതയാർന്ന കളി പുറത്തെടുത്ത സംഘമാണ്‌ കലിക്കറ്റിന്റേത്‌. ഒന്നാംസ്ഥാനക്കാരായി സെമിയിലെത്തി. 20 ഗോളടിച്ചപ്പോൾ പത്തെണ്ണം മാത്രമാണ്‌ വഴങ്ങിയത്‌. ഹെയ്‌തി മുന്നേറ്റക്കാരൻ കെർവൻസ്‌ ബെൽഫോർട്ട്‌, മലയാളി മധ്യനിരക്കാരൻ ഗനി അഹമ്മദ്‌ നിഗം എന്നിവരാണ്‌ കുന്തമുനകൾ. സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ 2–-1ന്‌ മറികടന്നു. കരുത്തരായ കണ്ണൂർ വാരിയേഴ്‌സിനെ രണ്ട്‌ ഗോളിന്‌ തകർത്താണ്‌ കൊച്ചി സെമിയുറപ്പിച്ചത്‌. 12 തവണ എതിർവല നിറച്ചപ്പോൾ വഴങ്ങിയത്‌ എട്ടുതവണമാത്രം. ബ്രസീൽ മുന്നേറ്റക്കാരൻ ദോറിയൽട്ടൻ ഗോമസാണ്‌ തുറുപ്പുചീട്ട്‌. ഏഴ്‌ ഗോളുമായി ഒന്നാമനാണ്‌.

ജേതാക്കൾക്ക്‌ 
ഒരുകോടിയും സഹോയും!

സൂപ്പർ ലീഗ്‌ ജേതാക്കളെ കാത്തിരിക്കുന്നത്‌ കലക്കൻ സമ്മാനങ്ങൾ. ഒരുകോടി രൂപയും എട്ടുകിലോ വെള്ളിയിൽ തീർത്ത ആനക്കപ്പും നൽകും. ‘സഹോ’ എന്നാണ്‌ ട്രോഫിക്ക്‌ നൽകിയ പേര്‌. ആന സഹ്യപർവതത്തിന്റെ പുത്രനെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ്‌ ‘സഹോ’ വിശേഷണം.

കുട്ടിയാന ഫുട്‌ബോൾ കളിക്കുന്ന മാതൃകയിലാണ്‌ രൂപകൽപ്പന. പിടിയുടെ ഭാഗം രണ്ട്‌ ചെവികളാണ്‌. തുമ്പിക്കൈക്ക്‌ ഇടയിൽ ഫുട്‌ബോളുമുണ്ട്‌. നെറ്റിപ്പട്ടത്തിൽ ജില്ലകളുടെ സംസ്‌കാരവും പാരമ്പര്യവും രേഖപ്പെടുത്തിയിരിക്കുന്നു. റണ്ണറപ്പിന്‌ 50 ലക്ഷമാണ്‌. ഐഎസ്‌എൽ ജേതാക്കൾക്ക്‌ നൽകുന്നത്‌ ആറുകോടി രൂപയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top