12 December Thursday

‘മാറ്റങ്ങൾക്ക്‌ 
വഴിയൊരുങ്ങും’ ; സൂപ്പർ ലീഗ്‌ കേരളയെക്കുറിച്ച്‌ സിഇഒ 
മാത്യു ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കൊച്ചി
മൂന്നുവർഷമായി മാത്യു ജോസഫ്‌ ഒരു സ്വപ്നത്തിനുപിന്നാലെയാണ്‌. കൊച്ചിയിൽ ഇന്നു രാത്രി എട്ടിന്‌ വിസിൽ മുഴങ്ങുന്നതോടെ ആ സ്വപ്നം നിറവേറും. മുഖ്യസംഘാടകനായ സിഇഒ അതേക്കുറിച്ച്‌ വിശദീകരിക്കുന്നു.

അടിമുടി മാറ്റം

കേരള ഫുട്‌ബോളിനെ അടിമുടി പ്രൊഫഷണലാക്കുന്നു എന്നതാണ്‌ പ്രധാനം. ഫുട്‌ബോളിന്‌ ഇത്രവേരുള്ള നാട്ടിൽ നല്ല ടൂർണമെന്റുകളോ സ്‌റ്റേഡിയങ്ങളോ ഇല്ല. ഐഎസ്‌എല്ലിൽ കൂടുതൽ കളിക്കാരുമില്ല. ഇതിനെല്ലാം മാറ്റം വേണം. രാജ്യാന്തരവേദികളിലേക്ക്‌ നമ്മുടെ കുട്ടികളെത്തണം. അതിനുള്ള ആദ്യപടിയാണ്‌ സൂപ്പർ ലീഗ്‌.
80 കോടി രൂപയാണ്‌ ആദ്യ സീസണിൽ ചെലവഴിക്കുന്നത്‌. കളി, സ്‌പോൺസർഷിപ്‌, സ്‌റ്റേഡിയങ്ങൾ എല്ലാം പ്രഫഷണലാകും. പുതിയ കളിക്കാർക്കുമാത്രമല്ല, വിരമിച്ചർക്കും അവസരമുണ്ടാവും. അടിത്തട്ടുമുതലുള്ള മാറ്റമാണ്‌ വരാൻ പോവുന്നത്‌.

ഒരുക്കം മൂന്നുവർഷം
എല്ലാ മേഖലയിലും വിശദപഠനം നടത്തി. മൂന്നുവർഷത്തെ തയ്യാറെടുപ്പുണ്ട്‌. കേരള സർക്കാർ, ഫുട്‌ബോൾ അസോസിയേഷൻ, സ്‌പോർട്‌സ്‌ കൗൺസിൽ, സ്‌പോൺസർമാർ എന്നിവരെല്ലാം സഹകരിക്കുന്നു. ടീം ഉടമകൾക്കും കാര്യങ്ങളറിയാം.  പൃഥ്വിരാജും ആസിഫ്‌ അലിയും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ എത്തുന്നത്‌  ജനകീയമാക്കും. ടിവിയിൽ കളി കാണാമെന്നതും ഗുണം ചെയ്യും. കേരളത്തിലെ യുവകളിക്കാർക്ക്‌ സൂപ്പർലീഗ്‌ നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല.

മികച്ച കളിക്കാരുണ്ടാകും
കേരളത്തിൽനിന്ന്‌ മികച്ച ഒരുപാട്‌ കളിക്കാരെ സംഭാവന ചെയ്യുക എന്നതാണ്‌ പ്രധാന ലക്ഷ്യം. ഫുട്‌ബോൾ ജീവനായി കൊണ്ടുനടക്കുന്നവർക്ക്‌ വരുമാനം ഉണ്ടാക്കുകയെന്നത്‌ രണ്ടാമത്തെ കാര്യം. ഇങ്ങനെ വരുമാനമാർഗം ഉണ്ടായാൽ കളി വികസിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എട്ട്‌ സ്‌റ്റേഡിയങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നു. തിരുവനന്തപുരത്തും മലപ്പുറത്തുമാണ്‌ ആദ്യ സ്‌റ്റേഡിയങ്ങൾ. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങികഴിഞ്ഞു. ബാക്കിയുള്ളതിന്റെ പ്രവർത്തനവും വെെകില്ല.


33 മത്സരങ്ങൾ
അറുപത്തഞ്ചുദിവസം നീളുന്ന ലീഗിൽ ഫൈനൽ ഉൾപ്പെടെ 33 മത്സരങ്ങളാണ്‌. ആദ്യഘട്ടത്തിൽ ഓരോ ടീമിനും പത്തു മത്സരങ്ങൾ. ഓരോ ടീമും രണ്ടുതവണ പരസ്‌പരം ഏറ്റുമുട്ടും. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായാണ്‌ ഈ പോരാട്ടങ്ങൾ. പ്രാഥമിക റൗണ്ടിൽ ആദ്യ നാല്‌ സ്ഥാനങ്ങളിൽ എത്തുന്നവർ സെമി കളിക്കും. നവംബർ അഞ്ചിന്‌ കോഴിക്കോട്ടും ആറിന്‌ മലപ്പുറത്തുമാണ്‌ സെമി. ഫൈനൽ നവംബർ പത്തിന്‌ കൊച്ചിയിൽ.

സ്റ്റാർ 
സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും
എല്ലാ മത്സരങ്ങളും തത്സമയ സംപ്രേഷണമുണ്ട്‌. സ്റ്റാർ സ്‌പോർട്‌സ്‌ ചാനലിലും ഓൺലൈൻ പോർട്ടലായ ഹോട്‌സ്റ്റാറിലും കളി കാണാം. ഗൾഫ്‌ മലയാളികൾക്ക്‌ മനോരമ മാക്‌സിലും മത്സരം ലഭ്യമാണ്‌. ഉദ്‌ഘാടനദിവസം രാത്രി എട്ടിനാണ്‌ കളി. മറ്റെല്ലാ ദിവസവും രാത്രി 7.30ന്‌.

നാല് വേദികൾ
നാല്‌ വേദികളിലായാണ്‌ മത്സരം. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയം, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം, കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ കളി. മലപ്പുറത്തും കോഴിക്കോട്ടും 11 വീതം മത്സരങ്ങൾ അരങ്ങേറും. കൊച്ചിയിൽ ആറും തിരുവനന്തപുരത്ത്‌ അഞ്ചും കളിയാണ്‌.  

ജേതാക്കൾക്ക്‌ ഒരുകോടി, റണ്ണറപ്പിന് 
50 ലക്ഷം
മഹീന്ദ്ര മുഖ്യ സ്‌പോൺസറാകുന്ന ലീഗിന്റെ ജേതാക്കൾക്ക്‌ ഒരുകോടി രൂപയാണ്‌ സമ്മാനം. റണ്ണറപ്പിന്‌ 50 ലക്ഷവും നൽകും. 99 രൂപമുതൽ കളി കാണാം. 129, 149, 199, 249, 499, 2999 രൂപയ്‌ക്കും ടിക്കറ്റുകളുണ്ട്‌. പേടിഎം വഴി ബുക്ക്‌ ചെയ്യാം (https://insider.in). മത്സരദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top