Deshabhimani

‘പരിക്കേൽക്കാതെ’ കൊച്ചി ; ഫോഴ്‌സ കൊച്ചിയുടെ ഉയിർത്തേഴുന്നേൽപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:19 AM | 0 min read


കൊച്ചി
തോൽവിയിൽനിന്ന്‌ പരിക്കുസമയം ഫോഴ്‌സ കൊച്ചിയുടെ ഉയിർത്തേഴുന്നേൽപ്പ്‌. ഭൂരിഭാഗം നേരവും പിന്നിട്ടുനിന്നശേഷം പരിക്കുസമയം ബ്രസീലുകാരൻ ദോറിയൽട്ടൺ ഗോമസിന്റെ ഗോളിൽ കണ്ണൂർ വാരിയേഴ്‌സിനെ തളച്ചു (1–-1). പ്രഗ്യാൻ സുന്ദർ ഗോഗോയാണ്‌ കണ്ണൂരിനായി ലക്ഷ്യം കണ്ടത്‌. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഏഴ്‌ റൗണ്ട്‌ പൂർത്തിയായപ്പോൾ കലിക്കറ്റ്‌ എഫ്‌സിയാണ്‌ 13 പോയിന്റുമായി ഒന്നാമത്‌. ഇതേ പോയിന്റുള്ള കണ്ണൂർ രണ്ടാമതുണ്ട്‌. ഗോൾശരാശരിയാണ്‌ കലിക്കറ്റിന്‌ തുണയായത്‌. കൊച്ചി (10) മൂന്നാംസ്ഥാനത്തേക്കുയർന്നു.

കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആദ്യപകുതി അച്ചടക്കമുള്ള കളിയുമായി കണ്ണൂർ കളംനിറഞ്ഞു. ആക്രമിക്കുന്നതിലും പ്രതിരോധിക്കുന്നതിലും അവരിൽ ഒത്തിണക്കമുണ്ടായി. പതിനേഴാം മിനിറ്റിൽത്തന്നെ മുന്നിലെത്തുകയും ചെയ്‌തു.

ക്യാപ്‌റ്റൻ അഡ്രിയാൻ സാർഡിനെറോ പോസ്റ്റിന്‌ ഇടതുഭാഗത്തുനിന്ന്‌ ഒരുക്കിയ അവസരമാണ്‌ ഗോളിൽ കലാശിച്ചത്‌. ഗോൾമുഖത്ത്‌ ആരാലും മാർക്ക്‌ ചെയ്യപ്പെടാതെ നിന്ന പ്രഗ്യാൻ അനായാസം ഉന്നം തൊടുത്തു. പന്ത്‌ കൊച്ചിയുടെ കൊളംബിയൻ പ്രതിരോധക്കാരൻ റോഡ്രിഗസ്‌ അയാസോയുടെ കാലിൽ ഉരസി വലയിലെത്തി. റഫറി ഗോൾ പ്രഗ്യാന്റെ പേരിലാണ്‌ അനുവദിച്ചത്‌. മറുപടി കണ്ടെത്താനായി നിജോ ഗിൽബർട്ടിനും കെ പി രാഹുലിനും അവസരം ഉണ്ടായെങ്കിലും രണ്ട്‌ ശ്രമവവും കണ്ണൂർ കാവൽക്കാരൻ പി എ അജ്‌മലിന്റെ കൈകളിൽ ഒതുങ്ങി. കളിയവസാനം ഫ്ലഡ്‌ലൈറ്റ്‌ തകരാറിലായി കളി 10 മിനിറ്റോളം മുടങ്ങി.  കൊച്ചി പരിക്കുസമയം നടത്തിയ മുന്നേറ്റത്തിലാണ്‌ സമനില പിടിച്ചത്‌. ദോറിയൽടണിന്റെ ഒറ്റയാൻ കുതിപ്പ്‌ കണ്ണൂർ ഗോളി തടഞ്ഞു. റീബൗണ്ട്‌ കിട്ടിയ പന്ത്‌ എൻഗുബോ സിയാന്ത തൊടുത്തു. ഇത്‌ ടി കെ അശ്വിൻകുമാർ പ്രതിരോധിച്ചെങ്കിലും പന്ത്‌ വീണ്ടും ദോറിയൽടണിലെത്തി. ബ്രസീലുകാരന്റെ നെഞ്ചിൽത്തട്ടി പന്ത്‌ വലകടന്നു.  ശനിയാഴ്‌ച നടന്ന പോരിൽ കലിക്കറ്റ്‌, മലപ്പുറം എഫ്‌സിയെ 2–-1ന്‌ വീഴ്‌ത്തി.ലീഗിലെ എട്ടാംറൗണ്ട്‌ മത്സരങ്ങൾക്ക്‌ വെള്ളിയാഴ്‌ച തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Home