കഴിഞ്ഞ കുറച്ച് സ്കൂൾ കായിക മേളകളെടുത്താൽ കൂട്ടത്തിൽ തിളങ്ങിനിൽക്കുന്ന പേരാണ് ആൻസി സോജൻ. ലോങ്ജമ്പ് പിറ്റിലെ അവളുടെ പ്രകടനം കാണാൻ ഗ്യാലറി നിറഞ്ഞിരുന്നു. സ്കൂൾ മേളകളിലെ സൂപ്പർ താരമായ ആൻസി ഇന്ന് രാജ്യാന്തര താരമായി. നിലവിൽ ബംഗളൂരുവിലെ സീനിയർ ഇന്ത്യൻ ക്യാമ്പിലാണ്.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പ് പിറ്റിലും അതേ ആവേശം കണ്ടു. ആൻസിയുടെ പരിശീലകൻ കണ്ണന്റെ ശബ്ദവും ഗ്യാലറിയിലെ കൈയടിയും മുമ്പത്തെപ്പോലെ മുഴങ്ങി. മത്സരിക്കുന്ന കുട്ടിയുടെ തലയിൽ ആൻസി അണിഞ്ഞിരുന്നതുപോലെ ചുവന്ന ബാൻഡ്. രൂപവും ഭാവവും എല്ലാം അതുപോലെ. ആൻസി വീണ്ടും മത്സരിക്കാനെത്തിയോ എന്ന് സംശയിച്ചവരുമുണ്ട്. അവരെ കുറ്റം പറയാനാകില്ല, അതേ ചോരതന്നെ. ആൻസിയുടെ അനുജത്തി അഞ്ജലിയാണ് പുതിയ താരം.
ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ 5.19 മീറ്റർ താണ്ടി അഞ്ജലി സ്വർണം നേടി. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ 10–-ാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്ഥാന ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ വെള്ളി നേടിയിരുന്നു. ട്രിപ്പിൾ ജമ്പിലും 200 മീറ്ററിലും മത്സരിക്കാനിറങ്ങും. എടപ്പിള്ളി ഇ ടി സോജന്റെയും ജാൻസിയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..