18 June Tuesday

ചരിത്രമെഴുതി ശ്രീലങ്ക: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ടീം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

പോര്‍ട്ട് എലിസബത്ത്> ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക. രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ശ്രീലങ്ക. ആദ്യമായാണ‌് ദക്ഷിണാഫ്രിക്കയില്‍ ഒരു ഏഷ്യൻ ടീം ടെസ്റ്റ് പരമ്പര വിജയിക്കുന്നത‌്.

ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക വെറും 128 റണ്‍സിന‌് പുറത്തായി. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയില്‍ ബാറ്റുവീശിയാണ് രണ്ട‌് വിക്കറ്റ‌് നഷ്ടത്തിൽ വിജയത്തിലെത്തിയത്.

110 പന്തുകളില്‍ നിന്ന് 13 ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 106 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 75 റണ്‍സെടുത്ത ഓഷാഡ ഫെര്‍ണാന്‍ഡോയുമാണ് 45.4 ഓവറില്‍ ലങ്കയെ ലക്ഷ്യത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 163 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം ഇന്നിങ്‌സില്‍ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.

സ്‌കോര്‍: ഒന്നാം ഇന്നിങ‌്സ‌് ദക്ഷിണാഫ്രിക്ക–-222/10 ശ്രീലങ്ക–-154/10. രണ്ടാം ഇന്നിങ്‌സ‌് ദക്ഷിണാഫ്രിക്ക–-128/10, ശ്രീലങ്ക –-197/2


പ്രധാന വാർത്തകൾ
 Top