തിരുവനന്തപുരം
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന വാക്കുപാലിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യയുടെ അഭിമാനതാരങ്ങളായ പി യു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മന്ത്രി വി ശിവൻകുട്ടി കൈമാറി.
എട്ടുവർഷത്തിനിടെ 710 കായികതാരങ്ങൾക്കാണ് സർക്കാർ ജോലി നൽകിയത്. 2015-–-19 കാലയളവിലെ സ്‌പോർട്‌സ് ക്വോട്ട നിയമനത്തിനുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിലൂടെ 249 താരങ്ങൾക്കുകൂടി ജോലി ലഭിക്കും. ഇതോടെ 1000 കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ ലക്ഷ്യം യാഥാർഥ്യമാകും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 580 പേർക്കാണ് ജോലി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം 2010-–-14 റാങ്ക്‌ലിസ്റ്റിലുൾപ്പെട്ട 65 പേർക്കുകൂടി നിയമനം നൽകി. 2017–-23 ൽ പൊലീസിൽ 168 പേർക്കും കെഎസ്ഇബിയിൽ 61 പേർക്കും നിയമനം നൽകി. മുൻ അത്‌ലീറ്റ് ടിയാന മേരി തോമസിന് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ ജൂനിയർ സ്‌പോർട്‌സ് ഓർഗനൈസർ തസ്‌തികയിലും സ്വാതി പ്രഭയ്‌ക്ക് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ ക്ലർക്ക് ആയും നിയമനം നൽകി. ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീതിനും പ്രത്യേകപരിഗണനയിൽ ജോലി നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..