അഹമ്മദാബാദ്
ശുഭ്‌മാൻ ഗിൽ ആകെ 40 രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. മൂന്ന് വിഭാഗം ക്രിക്കറ്റിലും സെഞ്ചുറി നേടി. ടെസ്‌റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരുപോലെ മികവുകാട്ടാൻ ഇരുപത്തിമൂന്നുകാരന് കഴിയുന്നു. മൂന്ന് വിഭാഗത്തിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.
അഹമ്മദാബാദിൽ ന്യൂസിലൻഡിനെതിരെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു ഗില്ലിന്റേത്. 63 പന്തിൽ അടിച്ചുകൂട്ടിയത് 126 റൺ. ട്വന്റി 20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ. ക്ലാസിക് ബാറ്റിങ് ശൈലിക്ക് ഉടമയാണ് ഗിൽ. പതുക്കെ തുടങ്ങി ആഞ്ഞടിക്കുന്ന രീതി. അഹമ്മദാബാദിൽ ന്യൂസിലൻഡിനെതിരെ പക്ഷേ, തുടക്കത്തിൽതന്നെ സൂചന നൽകി. ആദ്യ 20 പന്തിൽ 34 റണ്ണാണ് നേടിയത്. ആറ് ഫോർ. പ്രഹരശേഷി 170. അടുത്ത 25 പന്തിൽ നേടിയത് 33 റൺ. പ്രഹരശേഷി 132. ഒരു സിക്‌സറും രണ്ട് ഫോറും. അവസാന 18 പന്തിൽ 59 റണ്ണാണ് അടിച്ചുകൂട്ടിയത്. ആറ് സിക്‌സറും നാല് ഫോറും. ബാറ്റിങ് പ്രഹരശേഷി 327.78. പേസർമാർക്കെതിരെ 41 പന്തിൽ 97 റൺ. സ്‌പിന്നർമാർക്കെതിരെ 22 പന്തിൽ 29ഉം.
2018ലെ അണ്ടർ 19 ലോകകപ്പിൽ വൈസ് ക്യാപ്‌റ്റനായിരുന്നു പഞ്ചാബുകാരൻ. അതിനുമുമ്പുതന്നെ രഞ്‌ജി ട്രോഫിയിൽ അരങ്ങേറിയിരുന്നു. ഓരോ പ്രായവിഭാഗത്തിലുമുള്ള ടൂർണമെന്റുകളിൽ റണ്ണടിച്ചുകൊണ്ടാണ് ഗിൽ സെലക്ടർമാരുടെ കണ്ണിൽപ്പെടുന്നത്. കിട്ടിയ അവസരങ്ങളിലെല്ലാം മിന്നി. ഐപിഎല്ലിലും മികവുകാട്ടി.
ഇന്ത്യൻ ടീമിലെ അരങ്ങേറ്റം മികച്ചതായിരുന്നില്ല. 2019 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ഹാമിൽട്ടണിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യക്കായി ഇറങ്ങി. പക്ഷേ, ആ കളിയിൽ ഇന്ത്യ 92 റണ്ണിനാണ് പുറത്തായത്. മൂന്നാമനായെത്തി ഒമ്പത് റണ്ണെടുത്ത് മടങ്ങി. ആ വർഷം ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരായ ചരിത്രപ്രസിദ്ധമായ മെൽബൺ ടെസ്‌റ്റിൽ ഗില്ലും ഇന്ത്യയുടെ ഗംഭീര വിജയത്തിൽ പങ്കാളിയായി. ഓപ്പണറായി എത്തിയ വലംകൈയൻ രണ്ട് ഇന്നിങ്‌സിലും മികച്ച കളി പുറത്തെടുത്തു.
ഒരു ടെസ്‌റ്റ് ബാറ്റർക്ക് വേണ്ട സാങ്കേതിക തികവും ക്ഷമയും ഗില്ലിൽ കണ്ടു. ക്യാപ്‌റ്റൻ രോഹിത് ശർമ പുതിയ ഓപ്പണറെ ടെസ്‌റ്റ് ടീമിലെ പ്രധാന അംഗമായി മനസ്സിൽകുറിച്ചു. പക്ഷേ, ടെസ്‌റ്റിൽ മാത്രമായിരുന്നില്ല ആ ചെറുപ്പക്കാരന്റെ കേളീമികവ്. ഇടവേളയ്‌ക്കുശേഷം ഏകദിന ടീമിലെത്തിയപ്പോൾ അവിടെയും മിന്നി. ഹൈദരാബാദിൽ ന്യൂസിലൻഡുമായുള്ള ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചുറിയുമായി ഞെട്ടിച്ചു. ട്വന്റി 20യിലേക്കാണ് ആ പ്രകടനം വഴിതുറന്നത്. ആദ്യ രണ്ട് കളിയിലും മങ്ങിയപ്പോൾ വിമർശിച്ചവരെ നിശബ്‌ദരാക്കിയാണ് മൂന്നാംമത്സരത്തിൽ ഗിൽ മിന്നിയത്.
വിരാട് കോഹ്‌ലിക്കുശേഷം ഇന്ത്യയുടെ റൺ യന്ത്രമായി ഗിൽ മാറുന്നു. കോഹ്‌ലി പറഞ്ഞതുപോലെ ‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇതാ ഇവിടെയാണ്’.ടെസ്‌റ്റിൽ 13 കളിയിൽ 736 റണ്ണാണ് സമ്പാദ്യം. ഒരു സെഞ്ചുറി, നാല് അരസെഞ്ചുറി.ഏകദിനത്തിൽ 21 കളിയിൽ 1254. നാല് സെഞ്ചുറി, അഞ്ച് അരസെഞ്ചുറി.ട്വന്റി 20യിൽ ആറ് കളിയിൽ 202 റൺ. ഒരു സെഞ്ചുറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..