04 June Sunday

ഗോൾ നിറയുന്നു, ‘കുഞ്ഞാറ്റ’ക്കാലിൽ ; ഇന്ത്യക്കായി എട്ട്‌ ഗോളടിച്ച്‌ ടോപ്‌സ്‌കോറർ

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023


ബാലുശേരി (കോഴിക്കോട്‌)
ഇ എം എസ് ഭവനപദ്ധതിയിൽ ലഭിച്ച കൊച്ചുവീട്ടിൽനിന്നാണ്‌ ഷിൽജി ഷാജിയെന്ന (കുഞ്ഞാറ്റ) മിടുക്കി ഫുട്‌ബോൾ മോഹങ്ങൾക്ക്‌ ബൂട്ടുകെട്ടിയത്‌.  കോഴിക്കോട്‌ ജില്ലയിലെ മലയോര ഗ്രാമമായ കക്കയത്തെ വീടിനുസമീപമുള്ള ഗ്രൗണ്ടിൽ, ഫുട്‌ബോളറായ അച്ഛൻ ഷാജി ജോസഫിനൊപ്പം പന്തുതട്ടി തുടങ്ങിയ പെൺകുട്ടി ഗോളടി മികവിൽ വിസ്‌മയമാകുകയാണ്‌. ബംഗ്ലാദേശിൽ സമാപിച്ച സാഫ്‌ കപ്പ്‌ അണ്ടർ 17 വനിതാ ഫുട്ബാളിൽ ഇന്ത്യക്കായി എട്ട്‌ ഗോളടിച്ച്‌ ടൂർണമെന്റിലെ ടോപ്‌സ്‌കോററായി.

ആദ്യകളിയിൽ നേപ്പാളിനെതിരെ ഹാട്രിക്‌ നേടി. ഭൂട്ടാനെതിരെ അഞ്ചെണ്ണം. രണ്ടെണ്ണത്തിന്‌ വഴിയും തുറന്നു. റഷ്യ ഉൾപ്പെടെ അഞ്ച്‌ രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ മൂന്നാമതായി. കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിലെ 10–-ാംക്ലാസുകാരി ഇത്തവണത്തെ പൊതുപരീക്ഷ എഴുതാതെയാണ് ദേശീയ ജേഴ്സിയണിഞ്ഞത്. പരീക്ഷ നടക്കുമ്പോഴായിരുന്നു മത്സരം.

നാലാംക്ലാസുവരെ ഓട്ടത്തിലായിരുന്നു മിടുക്ക്‌. കല്ലോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപിക സിനിയാണ് കളിക്കാരിയെ തിരിച്ചറിഞ്ഞത്‌. സ്‌കൂളിലെ ഫുട്ബോൾ പരിശീലകൻ പ്ലാത്തോട്ടത്തിൽ ബാബു ആ കളിമികവിനെ പ്രൊഫഷണലാക്കി. 2017ൽ ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് കേരള ടീമിൽ ഇടംപിടിച്ചത്‌ വഴിത്തിരിവായി. കഴിഞ്ഞവർഷം അസമിൽ അണ്ടർ 17 ദേശീയ ടൂർണമെന്റിൽ 12 ഗോളടിച്ച്‌ ദേശീയ ടീമിലെത്തി.  ജോർദാനിൽ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടുകളിയിൽ എട്ട്‌ ഗോളടിച്ചു. തൊട്ടുപുറകെ കേരള ഫുട്‌ബോൾ അസോസിയേഷന്റെ മികച്ച ഫുട്‌ബോളർക്കുള്ള പുരസ്‌കാരവും തേടിയെത്തി.  എല്ലാ കളിയിലും മികച്ച പ്രകടനമാണ്‌ ഷിൽജി കാഴ്‌ചവച്ചതെന്ന്‌ കോച്ച്‌ പി വി പ്രിയ പറഞ്ഞു. എൽസിയാണ്‌ അമ്മ. സഹോദരി ഷിൽന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top