25 May Saturday

സെറീനയുടെ തോൽവിയിൽ നിന്ന്‌ നാം പഠിക്കേണ്ട പാഠം

നാസിർ കെ സിUpdated: Wednesday Sep 12, 2018

സെറീന വില്യംസ്‌ യുഎസ്‌ ഓപ്പൺ ഫൈനലിനിടെ

ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളിലൊരാളായ സെറീന വില്യംസിന്റെ യുഎസ്‌ ഓപ്പൺ ഫൈനൽ തോൽവിയും തുടർന്നുണ്ടായ വിവാദങ്ങളും ടെന്നീസ്‌ ലോകത്ത്‌ പുതിയ ചർച്ചകൾക്ക്‌ വഴിതെളിച്ചിരിക്കുകയാണ്‌. ടെന്നീസ്‌ കോർട്ടിലെ ലിംഗവിവേചനത്തിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ താരം തന്നെ രംഗത്തെത്തി. ഇപ്പോഴുയർന്നിരിക്കുന്ന വിവാദങ്ങളെക്കുറിച്ചും ടെന്നീസ്‌ കോർട്ടിലെ പെൺകരുത്തുകളെക്കുറിച്ചും നാസിർ കെ സി എഴുതുന്നു.

സ്കൂൾ വിട്ട് കഴിഞ്ഞാൽ മാഷമ്മാര് കളിക്കുന്ന കളിയായിരുന്നു ടെന്നീസ്. വീട്ടിൽച്ചെന്നിട്ട് അത്യാവശ്യമൊന്നുമില്ലാത്തതിനാൽ വായും പൊളിച്ച് നോക്കി നിൽക്കും അവരുടെ കളി. മാഷമ്മാരെ വലിയ ഇഷ്ടമില്ലാത്തതു കൊണ്ടാവണം ആ കളിയോട് വലിയ താൽപ്പര്യമൊന്നും തോന്നിയിരുന്നില്ല. ആകെ താൽപ്പര്യം തോന്നിയത് ആ മഞ്ഞപ്പന്തിൽ മാത്രമാണ്. അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.  ഒരു പക്ഷെ ടീച്ചർമാരായിരുന്നെങ്കിൽ  ഞാനാ കളി ഇഷ്ടപ്പെടുമായിരുന്നോ? അറിഞ്ഞുകൂട.  അറിയാവുന്ന ഒരു കാര്യം പല ടീച്ചർമാരോടും ഇഷ്ടമുണ്ടായിരുന്നു എന്നു മാത്രമാണ്.

കളിയോട് ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും ടെന്നീസ് വാർത്തകൾ അരിച്ചുപെറുക്കി വായിക്കുമായിരുന്നു.  മാർത്തീന നവരത്തിലോവയും സ്റ്റെഫീ ഗ്രാഫും ആയിരുന്നു അന്നത്തെ ടെന്നീസ് രാജകുമാരിമാർ. മാർത്തീന ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു എന്നത് അന്നത്തെപ്പോലെ ഇന്നും പ്രസ്താവ്യമാണല്ലോ!? അവരുടെ പ്രത്യേകമായ ഈ ലൈംഗികാഭിരുചി പരിഗണിച്ച് അവരുടെ പേര്  ‘നവ രതി ലോപ’ എന്നെഴുതി തങ്ങളുടെ ഭാഷാസിദ്ധി വെളിപ്പെടുത്തിയിരുന്നു പ്രമുഖമായ ഒരു മലയാള പത്രം. സ്റ്റഫീഗ്രാഫിന് ലോകം മുഴുവൻ ആരാധകരുണ്ടായിരുന്നു. സ്റ്റഫീയോട് ആരാധന മൂത്ത ഒരാൾ സ്റ്റഫിയുടെ കടുത്ത എതിരാളിയായി ഉയർന്നു വരികയായിരുന്ന മോണിക്ക സെലസ് എന്ന പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത് വലിയ വാർത്തയായിരുന്നു.

അമ്പയറോട്‌ കയർക്കുന്ന സെറീന വില്യംസ്‌

അമ്പയറോട്‌ കയർക്കുന്ന സെറീന വില്യംസ്‌ടെന്നീസ് വില കൂടിയ കളിയായിരുന്നു. സാധാരണക്കാരന് അപ്രാപ്യം, കളി മാത്രമല്ല കാഴ്ചയും. പിൽക്കാലത്ത് ഖത്തറിൽ വച്ചാണ് സെറീനയുടെയും ഫെഡററുടെയും നദാലിന്റെയും മുറേയുടെയും ഒക്കെ കളി കാണുന്നത്. ധ്യാനാത്മകമായ ഒരു കളിയാണത്. ആരവങ്ങളല്ല നിശ്ശബ്ദതയാണ് അതിന്റെ സൗന്ദര്യം. പന്ത് റാക്കറ്റിൽ സ്പർശിക്കുമ്പോഴുള്ള നേരിയ മുഴക്കം മാത്രം.  വചനവും ദൈവവും പോലെ അനാദിയായ ഒരു ഏകത്വം.

അന്ന കുർണിക്കോവയുടെയും മരിയ ഷെറപ്പോവയുടെയും കാലത്ത് കളിയേക്കാൾ കളിക്കാരികൾ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ സൗന്ദര്യത്തിന്റെ വിലോല ഭാവങ്ങൾ കളിയഴകിൽ തുന്നിച്ചേർക്കപ്പെട്ടു. അക്കാലത്തെ കൗമാരസ്വപ്നങ്ങളെ കുർണിക്കോവ വല്ലാതെ അലോസരപ്പെടുത്തിയെന്നു തോന്നുന്നു. അതു കൊണ്ടാവണം അന്ന കുർണിക്കോവയെന്നായിരുന്നു അക്കാലത്തിറങ്ങിയ കമ്പ്യൂട്ടർ മാൽവെയറിന്റെ പേര്. ആ പേര് കണ്ട് അതിൽ ക്ലിക്കിയവരെല്ലാം പെട്ടു. അന്ന ശരിക്കും ഒരു അലോസരമായി.

ദീർഘകാലം പുരുഷ താരങ്ങൾ കളിച്ചിട്ടും നേടിയിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന ഇന്ത്യൻ ടെന്നീസ് സാനിയ മിർസയുടെ കാലത്ത് ഒരു പോപ്പുലർ ഗെയിമായി. കളിമികവിനോടൊപ്പം വശ്യമായ സൗന്ദര്യവും ചേർന്ന് ജർമ്മനിക്ക് സ്റ്റഫീ ഗ്രാഫ് എന്നതു പോലെയായിത്തീർന്നു ഇന്ത്യക്ക് സാനിയ. ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും അവൾ വാർത്തയായി. അതിൽ സഹികെട്ട് ഞങ്ങളും ഇവിടെയുണ്ടെന്നോർക്കണം എന്ന് സൈന നേവാൾ ഒരിക്കൽ പത്രക്കാരോട് പരിഭവിച്ചു. മറ്റു ചിലർക്കുമുണ്ടായിരുന്നു പരിഭവങ്ങൾ. അത് മതനേതൃത്വത്തിനായിരുന്നു. ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കാതെ അന്യപുരുഷൻമാർക്ക് മുമ്പിൽ കളിക്കുന്ന മുസ്ലിം പെൺകുട്ടി അവരുടെ കണ്ണിലെ കരടായി. ഫത്വകൾ പലപ്പോഴും അവളെ തേടി വന്നെങ്കിലും അവൾ കാര്യമാക്കിയില്ല. ഒരു പാക്കിസ്താൻ  ക്രിക്കറ്ററുമായി പ്രണയത്തിലായതോടെ അവൾ നമ്മുടെ ദേശീയതക്ക് പുറത്താവുകയായിരുന്നു. നമ്മുടെ ദേശീയത അതിന്റെ അസ്തിത്വം കണ്ടെത്തുന്നത് പാക്കിസ്താൻ അതിരിൽ വച്ചാണല്ലോ. സിന്ധുവും സൈനയുമാണ് ഇപ്പോൾ നമ്മുടെ താരങ്ങൾ.

ഇപ്പോൾ ഇതെല്ലാം പറയാൻ ഇടവന്നത് സെറീന വില്യംസ് എന്ന ടെന്നീസ് പ്രതിഭ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ ഉണ്ടാക്കിയ നാടകീയ മുഹൂർത്തങ്ങൾ കാരണമാണ്. ലോക ടെന്നീസിലെ അതുല്യപ്രതിഭകളായ സഹോദരിമാരാണ് സെറീനയും വീനസും. ആഫ്രോ അമേരിക്കൻ പാരമ്പര്യത്തിന്റെ പതിവ് പിന്നോക്കാവസ്ഥകളെ  തരണം ചെയ്താണ് അവർ ടെന്നീസ് കോർട്ട് പിടിച്ചടക്കിയത്. പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പുകളെല്ലാം ഇവർ മാറി മാറി കൈവശംവെച്ചു. വിജയങ്ങൾ മാത്രമല്ല വീഴ്ചകളും  ധാരാളമുണ്ടായി. എന്നാൽ ഓരോ തവണയും അവർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. ഒരു പക്ഷെ കരിയറിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ് സെറീന. ഒരിടവേളക്കുശേഷം ടെന്നീസിലേക്കുള്ള അവരുടെ മടങ്ങി വരവാണിത്. ഗ്രാൻറ് സ്ലാം കിരീടനേട്ടത്തിൽ റിക്കോഡ് സ്ഥാപിക്കുകയായിരുന്നു അവരുടെ ഉന്നം. സ്വപ്നം തകർന്നതാണോ അവരെ പ്രകോപിതയാക്കിയത്? ഒരു പ്രകോപനവും പ്രതിഷേധവും ഉള്ളിൽ കിടന്ന് നീറിയിട്ടുണ്ടാവാം. അപ്പോഴും നീതിബോധം കൈവിട്ടില്ല എന്നതാണ് സെറീനയെ വ്യത്യസ്തയാക്കുന്നത്. തന്റെ സ്വപ്നം തകർത്ത നവോമി ഒസാക്ക എന്ന ജപ്പാൻകാരി പെൺകുട്ടിയെ അവൾ ചേർത്തു പിടിച്ചു. ഈ വിജയം അവൾ അർഹിക്കുന്നതാണ് എന്ന് സ്വന്തം തോൽവിക്ക് അടിവരയിട്ടു.

ആദ്യ ഗ്രാൻഡ്‌സ്ലാം നേട്ടത്തിനുശേഷം വികാരാധീനയായ നവോമി ഒസാക്കയെ ചേർത്തുപിടിക്കുന്ന സെറീന വില്യംസ്‌

ആദ്യ ഗ്രാൻഡ്‌സ്ലാം നേട്ടത്തിനുശേഷം വികാരാധീനയായ നവോമി ഒസാക്കയെ ചേർത്തുപിടിക്കുന്ന സെറീന വില്യംസ്‌

പക്ഷെ, തോൽവിയിലേക്ക് നയിച്ച ചില വിവേചനങ്ങളിലേക്ക് വിരൽ ചൂണ്ടാൻ അവൾ മടിച്ചില്ല. അവഗണിക്കാവുന്ന ചില പിഴവുകൾക്ക് പുരുഷൻമാർക്ക് ഇളവ് ലഭിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് പിഴയിടുന്നു. പണമായോ കളിയിലെ പോയിന്റായോ അവർ പിഴയൊടുക്കേണ്ടി വരുന്നു. ഇത്തവണ സെറീനയ്ക്ക് എല്ലാം ചേർത്താണ് കിട്ടിയത്. കളിയിൽ റഫറി ആരുടെയും പക്ഷം പിടിച്ചിട്ടില്ല. സാങ്കേതികമായി അയാളുടെ തീരുമാനങ്ങൾ ശരിയുമായിരുന്നു. പക്ഷെ അവഗണിക്കാവുന്ന പിഴവുകളുടെ പേരിലാണ് ഈ ശിക്ഷ എന്നാണ് സെറീനയുടെ ആരോപണം. പുരുഷൻമാരുടെ കളിയിൽ ചെറിയ പിഴവുകൾക്ക് ആരും ശിക്ഷ വിധിക്കാറില്ല എന്ന സെറീനയുടെ ആരോപണം മറ്റ് വനിതാ കളിക്കാരും ശരിവെക്കുന്നുണ്ട്. അപ്പോൾ കളി മികവുകൊണ്ട് ദീർഘകാലം കോർട്ടിനെ കീഴടക്കിയ ഒരു സ്ത്രീയുടെ പരിദേവനങ്ങളെ കണ്ടില്ലെന്ന് നടിക്കാമോ?

തോൽവി ഒരു പാഠമാണ് എന്നാണ് നാമെപ്പോഴും പറയാറുള്ളത്. എന്നാൽ തോൽവിയിൽ നിന്ന് സെറീന വില്യംസ് എന്ന കളിക്കാരിക്ക് അധികമൊന്നും പഠിക്കാനുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ സെറീനയുടെ തോൽവി നമുക്കൊരു പാഠമാണ്. എത്ര തൂത്തിട്ടും മാഞ്ഞു പോകാത്ത നമ്മുടെയുള്ളിലെ പുരുഷ ബോധത്തിന്, ഹൃദയത്തിൽ നാമിപ്പോഴും താലോലിച്ചു കൊണ്ടിരിക്കുന്ന ആ പന്നിക്കുട്ടിക്ക്, ആ മെയിൽ ഷോവനിസ്റ്റ് പന്നിക്ക്. അതിന്റെ വംശം ഇപ്പോഴും പെറ്റുപെരുകുകയാണ്.


പ്രധാന വാർത്തകൾ
 Top