മോസ്കോ > പോളിഷ് പ്രതിരോധത്തിലെ രണ്ടു പിഴവുകൾ സെനെഗലിന് ഒരുവട്ടം കൂടി ലോകവേദിയിൽ അട്ടിമറിക്ക് അവസരമൊരുക്കി. ആഫ്രിക്കൻ കരുത്തൻമാർ ആ അവസരം ഇരു കൈയും നീട്ടി സ്വീകരിച്ചു. എട്ടാം റാങ്കുകാരായ പോളണ്ട് മുട്ടുമടക്കി.
തിയാഗോ സിനോനെക്കിന്റെ ദാന ഗോളിലാണ് സെനെഗൽ ആദ്യം മുന്നിലെത്തിയത്. മുപ്പത്തിയേഴാം മിനിറ്റിൽ ബോക്സിന് വാരകൾ അകലെനിന്ന് ഇദ്രിസ ഗുയെ ഗോളിലേയ്ക്ക് തൊടുത്ത പന്ത് ഓടിയെത്തിയ സിനോനെക്കിന്റെ കാലിൽ തട്ടി നേരെ വലയിലേയ്ക്ക്. സെൽഫ് ഗോൾ. സെനെഗൽ മുന്നിൽ. പോസ്റ്റിന് പുറത്തേയ്ക്ക് പോയ പന്താണ് സിനോനെക്കിന്റെ കാലിൽ തട്ടി ഗോളായത്.
60ാം മിനിറ്റിൽ പോളിഷ് പ്രതിരോധത്തിന് വീണ്ടും പിഴച്ചപ്പോൾ നിയാങ്ങിലൂടെ സെനെഗൽ ലീഡ് രണ്ടാക്കി ഉയർത്തി. പോളിഷ് പ്രതിരോധനിര താരം ക്രൈഷോവ്യാക് പിന്നിലേക്ക് നൽകിയ ഒരു പാസ് സ്വീകരിക്കുന്നതിൽ സഹതാരത്തിനും പന്ത് അടിച്ചകറ്റുന്നതിൽ ഗോൾ കീപ്പർ ഷെസ്നിക്കും പിഴച്ചപ്പോൾ പന്ത് വലയിലേക്ക് ഉരുട്ടിയിടുന്ന ജോലിയേ സെനെഗലിന്റെ നിയാങിന് ഉണ്ടായിരുന്നുള്ളൂ.
തിരിച്ചടിക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന പോളണ്ട് 86ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ക്രൈഷോവ്യാക്കാണ് പോളണ്ടിനായി കോർണർ കിക്കിൽ നിന്നും ഗോൾ നേടിയത്. അവശേഷിച്ച സമയം കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുന്നതിൽ സെനെഗൽ പ്രതിരോധം വിജയിച്ചു. ആഫ്രിക്കയുടെ പ്രതീക്ഷകൾ കാത്ത് സെനെഗലിന് വിജയത്തുടക്കം.