Deshabhimani

കളിയുടെ ആകാശത്ത് മഴവില്ല് വിരിയട്ടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 01:09 AM | 0 min read

കൊച്ചി
കായിക കേരളം പുതുചരിത്രമെഴുതാൻ മണിക്കൂറുകൾ മാത്രം. ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേളയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. 17 വേദികളിലായി നടക്കുന്ന കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രധാനവേദിയായ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിൽ വൈകിട്ട്‌ നാലിന്‌ ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ഉദ്‌ഘാടനച്ചടങ്ങോടെയാണ്‌ മേളയ്‌ക്ക്‌ തുടക്കമാകുക. മാർച്ച്‌ പാസ്റ്റിലും ദീപശിഖാ റാലിയിലും 14 ജില്ലകളിൽനിന്ന്‌ 3500 കുട്ടികൾ അണിനിരക്കും.  മന്ത്രി വി ശിവൻകുട്ടി മേള ഉദ്‌ഘാടനം ചെയ്യും.

മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. സാംസ്‌കാരികസമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യും.
ഉദ്‌ഘാടനച്ചടങ്ങിനുശേഷം ബാൻഡ്‌ മാർച്ച്‌ ആരംഭിക്കും. തുടർന്ന്‌ കൊച്ചിയെ പ്രതിനിധാനം ചെയ്ത് 100 മുത്തുക്കുടകളുടെ അകമ്പടിയോടെ ക്വീനും ഫ്ലവർ ഗേൾസും മാർച്ച്‌ ചെയ്യും.
നേവൽ എൻസിസി കേഡറ്റുകളുടെ 24 കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന്‌ 1000 പേരുടെ മാസ്‌ ഡ്രിൽ, സൂംബ എന്നിവയും നടക്കും.

അത്തച്ചമയം, കൊച്ചിൻ കാർണിവൽ മാതൃകയിൽ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളിൽ 32 സ്‌കൂളുകളിൽനിന്നായി 4000 കുട്ടികൾ പങ്കെടുക്കും.  മത്സരങ്ങൾ നാളെമുതലാണ്‌. ഭിന്നശേഷി കുട്ടികളുടെ കായികമേളയും അന്നേദിവസം നടക്കും. അത്‌ലറ്റിക്‌സ്‌ ഏഴുമുതൽ 11 വരെയാണ്‌. 11ന്‌  സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്ക്ക്‌ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home