റിയാദ്
സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്‌ബോൾ ലീഗുകളിലൊന്നാകുമെന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ഡിസംബറിലാണ് പോർച്ചുഗീസുകാരൻ സൗദി ക്ലബ് അൽ നാസെറിൽ ചേർന്നത്. ലയണൽ മെസി, കരിം ബെൻസെമ, ലൂക്കാ മോഡ്രിച്ച് എന്നിവരും സൗദി ലീഗിൽ കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
റൊണാൾഡോയുടെ കരാർ 2025 വരെയാണ്. ഈ സീസണിൽ അൽ നാസെറിന് പ്രധാന നേട്ടങ്ങളൊന്നുമുണ്ടായില്ല. ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് അടുത്ത സീസണിലും കളിക്കുമെന്ന് മുപ്പത്തെട്ടുകാരൻ വ്യക്തമാക്കിയത്. ഫോബ്‌സിന്റെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള കായികതാരമാണ് റൊണാൾഡോ. വൻതുകയാണ് അൽ നാസെർ പ്രതിഫലമായി നൽകുന്നത്.
റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന ബെൻസെമ സൗദി ലീഗിൽ അടുത്ത സീസണിൽ കളിക്കുമെന്നാണ് സൂചന. റയലിൽ കരാർ അവസാനിച്ചാൽ ഉടൻ മോഡ്രിച്ചും എത്തിച്ചേർന്നേക്കും. ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പിഎസ്‌ജിയിൽ മെസിയുടെ അവസാനമത്സരമാണിന്ന്. ഉടൻ പുതിയ ക്ലബ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സൗദി ക്ലബ് അൽ ഹിലാണ് പട്ടികയിൽ ആദ്യം. വൻതുകയാണ് വാഗ്‌ദാനം. യുവതാരങ്ങളും മുതിർന്ന താരങ്ങളും ഉൾപ്പെട്ട വമ്പൻ പേരുകാർ വന്നാൽ സൗദി പ്രോ ലീഗ് ഇനിയും മെച്ചപ്പെടുമെന്ന് റൊണാൾഡോ പറഞ്ഞു. ‘ഈ ലീഗ് വളരെ മികച്ചതാണ്. മികച്ച ടീമുകളുണ്ട്. മികച്ച അറബ് താരങ്ങളും. ഇനിയും ചില മേഖലകളിൽ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും റഫറീയിങ്ങും വാർ സംവിധാനവും’–- റൊണാൾഡോ പറഞ്ഞു.
ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെത്തന്നെ തുടരാനാണ് ആഗ്രഹം. ഈ ലീഗ് മികച്ചതാകും’–- മുപ്പത്തെട്ടുകാരൻ കൂട്ടിച്ചേർത്തു.
അതിനിടെ അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി മെസിക്കുമുന്നിൽ പുതിയ വാഗ്‌ദാനം വച്ചിട്ടുണ്ട്. മുൻ ക്ലബ് ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചുപറയുമ്പോഴും ചെറിയ സാധ്യത ശേഷിക്കുന്നുണ്ടെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ മയാമിയിൽ കരാറായശേഷം ബാഴ്‌സയിൽ ഒരു സീസൺ വായ്‌പാടിസ്ഥാനത്തിൽ കളിക്കാനുള്ള സാധ്യതയാണ് തേടുന്നത്. 2024ലെ കോപ അമേരിക്ക ചാമ്പ്യൻഷിപ് അമേരിക്കയിലാണ് എന്നതും ഘടകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..