കൊച്ചി
കിരീടസ്വപ്നവുമായി കേരളം വണ്ടികയറി. സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 22 അംഗ ടീം എറണാകുളം ടൗൺ റെയിൽവേ സ്‌റ്റേഷനിൽനിന്ന് തിങ്കൾ രാത്രി ചെന്നൈ മെയിലിൽ യാത്രതിരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെത്തും. വിശ്രമത്തിനുശേഷം രാത്രി ഒഡിഷയിലേക്ക് പുറപ്പെടുന്ന ടീം നാളെ വൈകിട്ട് ഭുവനേശ്വറിലെത്തും. ബുധനാഴ്‌ചമുതൽ പരിശീലനം ആരംഭിക്കും. കിരീടം നിലനിർത്താനിറങ്ങുന്ന കേരളത്തിന് 10ന് കരുത്തരായ ഗോവയുമായാണ് ആദ്യകളി. ഭുവനേശ്വറിലെ കലിംഗ രാജ്യാന്തര സ്‌റ്റേഡിയമാണ് ടൂർണമെന്റിന് വേദിയാകുന്നത്.
പതിനഞ്ച് ദിവസത്തെ തയ്യാറെടുപ്പിനുശേഷമാണ് കേരളം ഫൈനൽ റൗണ്ടിന് പുറപ്പെട്ടത്. എറണാകുളം പനമ്പിള്ളി നഗർ മൈതാനത്തും മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിലുമായിരുന്നു പരിശീലനക്യാമ്പ്. യോഗ്യതാഘട്ടത്തിലുള്ള ടീമിൽനിന്ന് മൂന്ന് മാറ്റം വരുത്തി. പ്രതിരോധത്തിൽ ജി സഞ്ജുവും മധ്യനിരയിൽ വി അർജുനും മുന്നേറ്റത്തിൽ ഒ എം ആസിഫും പുതുതായി ഇടംപിടിച്ചു. ജെ ജെറിറ്റോ, പി അജീഷ്, എം വിഘ്‌നേഷ് എന്നിവരെ ഒഴിവാക്കി.
ടീം സർവസജ്ജമാണെന്ന് പരിശീലകൻ പി ബി രമേശ് പറഞ്ഞു. ‘കാലാവസ്ഥ അനുകൂലമാണ്. പരിക്കിന്റെ ആശങ്കകളുമില്ല, ഒരുക്കവും നന്നായി. നല്ല പ്രതീക്ഷയുണ്ട്’ –-പരിശീലകൻ കൂട്ടിച്ചേർത്തു. എന്തിനെയും നേരിടാൻ തയ്യാറുള്ള യുവനിരയാണ് ഈ ടീമിന്റെ കരുത്തെന്ന് ക്യാപ്‌റ്റനും ഗോൾകീപ്പറുമായ വി മിഥുൻ പറഞ്ഞു.
കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്‌എ) സെക്രട്ടറി പി അനിൽകുമാർ ഉൾപ്പെടെയുള്ളവർ ടീമിനെ യാത്രയാക്കാൻ എത്തിയിരുന്നു.
സെമി, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിലായതിനാൽ പാസ്‌പോർട്ടുമായാണ് ടീം പുറപ്പെട്ടത്. യോഗ്യത നേടിയാൽ ഭുവനേശ്വറിൽനിന്ന് നേരിട്ട് ഗൾഫിലേക്ക് പറക്കും. കർണാടകം, പഞ്ചാബ്, ഒഡിഷ, മഹാരാഷ്‌ട്ര എന്നീ ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..