Deshabhimani

ഇന്ന് സന്തോഷ കിക്കോഫ്‌ ; സന്തോഷ് ട്രോഫി ഫുട്ബോളിന് ഹെെദരാബാദിൽ തുടക്കം

വെബ് ഡെസ്ക്

Published on Dec 13, 2024, 11:05 PM | 0 min read


ഹൈദരാബാദ്‌
സന്തോഷ്‌ ട്രോഫി ഫുട്ബോളിന്റെ 78–-ാം പതിപ്പിന്‌ ഇന്ന്‌ ഹൈദരാബാദിൽ കിക്കോഫ്‌. 57 വർഷത്തിനുശേഷമാണ്‌ ഇന്ത്യൻ ഫുട്‌ബോളിന്റെ പവർഹൗസായിരുന്ന ഹൈദരാബാദ്‌ ചാമ്പ്യൻഷിപ്പിന്‌ വേദിയാകുന്നത്‌. കിരീടം തേടി 12 ടീമുകളാണ്‌ രംഗത്ത്‌. കേരളം ഉൾപ്പെടെ ഒമ്പത്‌ ടീമുകൾ യോഗ്യത കളിച്ചെത്തി. നിലവിലെ ചാമ്പ്യൻമാരായ സർവീസസ്‌, റണ്ണറപ്പായ ഗോവ, ആതിഥേയരായ തെലങ്കാന എന്നീ ടീമുകൾ നേരിട്ട്‌ ടിക്കറ്റെടുത്തു.

രാവിലെ ഒമ്പതിന്‌ നിലവിലെ ചാമ്പ്യൻമാരായ സർവീസസ്‌ കരുത്തരായ മണിപ്പുരിനെ  നേരിടുന്നതോടെ പോര്‌ തുടങ്ങും. പകൽ 2.30ന്‌ ആതിഥേയരായ തെലങ്കാന രാജസ്ഥാനെയും രാത്രി 7.30ന്‌ ബംഗാൾ ജമ്മു കശ്‌മീരിനെയും നേരിടും. ഗ്രൂപ്പ്‌ എയിലെ ആദ്യ റൗണ്ട്‌ മത്സരങ്ങളാണ്‌ ഇന്ന്‌. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ്‌ ബിയിലെ മത്സരങ്ങൾ നാളെ നടക്കും. ഡെക്കാൻ അരീനയിലെ ടർഫ്‌ സ്‌റ്റേഡിയത്തിലാണ്‌ ആദ്യഘട്ട മത്സരങ്ങൾ.

കഴിഞ്ഞ കാലങ്ങളിലെ മികവ് തുടരാനാന് സർവീസസ് ലക്ഷ്യമിടുന്നത്. അവസാന 11 സീസണിൽ ആറുതവണയും പട്ടാളക്കാരായിരുന്നു ചാമ്പ്യൻമാർ. 32 തവണ ചാമ്പ്യൻമാരായ ബംഗാൾ ഒരു വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. എട്ടുവട്ടം കിരീടം ചൂടിയ പഞ്ചാബ് ഇത്തവണയും ഇല്ല.
37 മത്സരങ്ങളാണ് ആകെ. ഗ്രൂപ്പിലെ ആദ്യ നാല്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ മുന്നേറും. 26, 27 തീയതികളിലാണ്‌ ക്വാർട്ടർ പോരാട്ടം. 29ന്‌ സെമിയും 31ന്‌ ഫൈനലും നടക്കും. അവസാന മൂന്ന് കളിയും ഗച്ചിബൗളി സ്--റ്റേഡിയത്തിലാണ്.

ഗ്രൂപ്പ്‌ എ–-സർവീസസ്‌, ബംഗാൾ, മണിപ്പുർ, തെലങ്കാന, ജമ്മു കശ്‌മീർ, രാജസ്ഥാൻ.

ഗ്രൂപ്പ്‌ ബി–-കേരളം, ഗോവ, ഡൽഹി, 
തമിഴ്‌നാട്‌, ഒഡിഷ, മേഘാലയ.


കാണാം 
എസ്‌എസ്‌ഇഎൻ ആപ്പിൽ
സന്തോഷ്‌ ട്രോഫിയിലെ എല്ലാ മത്സരങ്ങളും എസ്‌എസ്‌ഇഎൻ (SSEN) ആപ്പ്‌ വഴി കാണാം. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു ദിവസം മൂന്ന്‌ കളിയാണ്‌. രാവിലെ 9, ഉച്ചയ്‌ക്ക്‌ 2.30, രാത്രി 7.30 എന്നിങ്ങനെയാണ്‌ സമയക്രമം.

 



deshabhimani section

Related News

0 comments
Sort by

Home