Deshabhimani

എട്ടാംകിരീടത്തിനായി പുറപ്പാട്‌ ; സന്തോഷ് ട്രോഫി ഫുട്ബോളിനായി കേരള ടീം ഹെെദരാബാദിലേക്ക്

വെബ് ഡെസ്ക്

Published on Dec 11, 2024, 10:39 PM | 0 min read



കൊച്ചി
അവസാന തയ്യാറെടുപ്പും പൂർത്തിയാക്കി കേരളത്തിന്റെ യുവനിര ഹൈദരാബാദിലേക്ക്‌ തിരിച്ചു. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാംകിരീടം തേടിയാണ്‌ യാത്ര. ഇന്നലെ രാത്രി കൊച്ചിയിൽനിന്ന്‌ പുറപ്പെട്ട സംഘം ഇന്ന്‌ രാത്രി ഹൈദരാബാദിലെത്തും. കാസർകോട്‌ തൃക്കരിപ്പുർ രാജീവ്‌ഗാന്ധി സിന്തറ്റിക്‌ സ്‌റ്റേഡിയത്തിലും മംഗലാപുരം യെന്നപ്പോയ യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പരിശീലനം. തുടർന്ന്‌ കൊച്ചിയിലെത്തിയ ടീം രണ്ട്‌ പരിശീലന മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ്‌. എംജി സർവകലാശാലയെ 2–-0, 2–-1നാണ്‌ ബിബി തോമസ്‌ പരിശീലിപ്പിക്കുന്ന സംഘം മറികടന്നത്‌.

ഞായറാഴ്‌ച കരുത്തരായ ഗോവയുമായി ഡെക്കാൻ അരീനയിലാണ്‌ കേരളത്തിന്റെ ആദ്യമത്സരം. 17ന്‌ മേഘാലയയെയും 19ന്‌ ഒഡിഷയെയും 22ന്‌ ഡൽഹിയെയും 24ന്‌ തമിഴ്‌നാടിനെയും നേരിടും. ഗ്രൂപ്പ്‌ ബിയിലാണ്‌ കേരളം. 14ന്‌ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസ്‌ മണിപ്പുരുമായി ഏറ്റുമുട്ടും. 31നാണ്‌ ഫൈനൽ.

യോഗ്യതാ പോരാട്ടത്തിൽ ഗോളടിച്ചുകൂട്ടി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ കേരളം ഫൈനൽ റൗണ്ടിന്‌ യോഗ്യത ഉറപ്പിച്ചത്‌. കരുത്തരായ റെയിൽവേസിനെ മറികടന്ന്‌ തുടങ്ങിയ ടീം മൂന്ന്‌ മത്സരങ്ങളിൽ 18 ഗോളടിച്ചു. ഒന്നും വഴങ്ങിയില്ല. ഗനി നിഗം, മുഹമ്മദ്‌ അജ്‌സൽ, ഇ സജീഷ്‌ എന്നിവർ അണിനിരക്കുന്ന ആക്രമണനിര മികച്ച ഫോമിലാണ്‌. മധ്യനിരയിൽ പരിചയസമ്പന്നനായ നിജോ ഗിൽബർട്ട്‌ കളി മെനയും. ക്യാപ്‌റ്റൻ ജി സഞ്ജുവും എം മനോജുമാണ്‌ പ്രതിരോധത്തിലെ കരുത്തർ. ഗോൾ വലയ്‌ക്കുമുന്നിൽ എസ്‌ ഹജ്‌മൽ മികവ്‌ തുടരുകകൂടി ചെയ്‌താൽ എട്ടാംകിരീടം സ്വപ്‌നം കണ്ടുതുടങ്ങാം. 15 പുതുമുഖങ്ങൾ അണിനിരക്കുന്ന 22 അംഗ സംഘം പൂർണ സജ്ജരാണ്‌. നിലവിൽ പരിക്കിന്റെ ആശങ്കകളില്ല.

കഴിഞ്ഞ രണ്ടുതവണയും മികച്ച നിരയായിട്ടും ക്വാർട്ടറിൽ തോറ്റു. 2022ൽ മലപ്പുറത്താണ്‌ അവസാനമായി കിരീടം ഉയർത്തിയത്‌. കഴിഞ്ഞതവണ മിസോറമിനോട്‌ ഷൂട്ടൗട്ടിലാണ്‌ വീണത്‌.  പതിനാലിന്‌ തുടങ്ങി 31ന്‌ അവസാനിക്കുന്ന ടൂർണമെന്റിൽ ആകെ 37 മത്സരങ്ങളാണുള്ളത്‌. ഗ്രൂപ്പ്‌ മത്സരങ്ങളും ക്വാർട്ടർ ഫൈനലും ഡെക്കാൻ അരീനയിലെ ടർഫ്‌ സ്‌റ്റേഡിയത്തിലും സെമിയും ഫൈനലും ഗച്ചിബൗളി സ്‌റ്റേഡിയത്തിലുമാണ്‌.

നല്ല പ്രതീക്ഷ: 
ബിബി തോമസ്
സന്തോഷ് ട്രോഫിയിൽ മികച്ച ഒരുക്കവുമായാണ് കേരളം പുറപ്പെടുന്നതെന്ന് മുഖ്യപരിശീലകൻ ബിബി തോമസ്. ‘നല്ല പ്രതീക്ഷയാണുള്ളത്. യോഗ്യതാ റൗണ്ടിനെക്കാൾ ഫെെനൽ റൗണ്ടിന് തയ്യാറെടുക്കാൻ സമയം കിട്ടി. കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യമായ സൗകര്യങ്ങളും ചെയ്തുതന്നു. ടർഫിലാണ് ഹെെദരാബാദിൽ കളി. അതിനാൽ ടർഫിലായിരുന്നു നമ്മുടെ പരിശീലനവും. കാസർകോടും മംഗലാപുരത്തുമെല്ലാം ക്യാമ്പ് നടന്നു’–ബിബി പറഞ്ഞു. രണ്ടുതവണ കർണാടകയുടെ ചുമതല വഹിച്ച ബിബി ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കോച്ചാകുന്നത്. തൃശൂർ സ്വദേശിയാണ്.

 



deshabhimani section

Related News

0 comments
Sort by

Home