13 December Friday

വരുമോ സഞ്‌ജു; ഇന്ത്യ–ബംഗ്ലാദേശ്‌ പരമ്പരയ്‌‌‌ക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ന്യൂഡൽഹി > വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇന്ന്‌ ഇന്ത്യ–-ബംഗ്ലാദേശ്‌ ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കം. കളിയെ വിഷവായു ബാധിക്കില്ലെന്നാണ്‌ ബിസിസിഐയുടെ വിശദീകരണം. കളിക്കാർക്കും എതിർപ്പില്ല.

ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കമാണ്‌ ഇന്ത്യക്ക്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി വിശ്രമത്തിലാണ്‌. രോഹിത്‌ ശർമയാണ്‌ ക്യാപ്‌റ്റൻ. രോഹിതിനുകീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ ഇറങ്ങുന്നു. മലയാളിതാരം സഞ്‌ജു സാംസണിലേക്കാണ്‌ കണ്ണുകൾ. സഞ്‌ജുവിന്‌ ഇടംകിട്ടുമോ എന്ന്‌ ഉറപ്പായിട്ടില്ല. ബാറ്റ്‌സ്‌മാനായാണ്‌ സഞ്‌ജുവിനെ ഉൾപ്പെടുത്തിയതെന്ന്‌ മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദ്‌ വ്യക്തമാക്കിയിരുന്നു.

വിജയ്‌ ഹസാരെ ട്രോഫിയിലെ ഉശിരൻ പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട്‌ സഞ്‌ജുവിന്‌. മൂന്നാംനമ്പരാണ്‌ സഞ്‌ജുവിനുള്ള സ്ഥാനം. നിലവിൽ ലോകേഷ്‌ രാഹുലിനാണ്‌ കൂടുതൽ സാധ്യത.  ഓൾറൗണ്ടർ ശിവം ദുബെ അരങ്ങേറിയേക്കും. വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്ത്‌ തുടരും.

ഷാക്കിബ്‌ അൽ ഹസ്സന്റെ വിലക്കിൽ തളർന്ന ബംഗ്ലാദേശ്‌ പുതിയ തുടക്കമാണ്‌ കൊതിക്കുന്നത്‌. ഓൾറൗണ്ടർ മഹ്‌മദുള്ളയാണ്‌ ക്യാപ്‌റ്റൻ. പരിചയസമ്പന്നന്മാരാണ്‌ ടീമിലേറെയും. ഡൽഹിയിൽ വിഷവായു കളിയെ എങ്ങനെ ബാധിക്കുമെന്ന്‌ കണ്ടറിയണം. 

ടീം: ഇന്ത്യ–- രോഹിത്‌ ശർമ, ശിഖർ ധവാൻ, സഞ്‌ജു സാംസൺ/ ലോകേഷ്‌ രാഹുൽ, ശ്രേയസ്‌ അയ്യർ, ഋഷഭ്‌ പന്ത്‌, ശിവം ദുബെ, ക്രുണാൾ പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, യുശ്‌വേന്ദ്ര ചഹാൽ/ രാഹുൽ ചഹാർ, ദീപക്‌ ചഹാർ, ശർദുൾ താക്കൂർ/ഖലീൽ അഹമ്മദ്‌.

ബംഗ്ലാദേശ്‌–- ലിട്ടൺ ദാസ്‌, സൗമ്യ സർക്കാർ, മുഹമ്മദ്‌ മിഥുൻ/ മുഹമ്മദ്‌ നയിം, മുഷ്‌ഫിക്കർ റഹിം, മഹ്‌മദുള്ള, മൊസദെക്‌ ഹുസൈൻ, അഫിഫ്‌ ഹുസൈൻ, അറാഫത്‌ സണ്ണി, മുസ്‌താഫിസുർ റഹ്‌മാൻ, അൽ അമീൻ ഹുസൈൻ, അബു ഹയ്‌ദെർ/ തയ്‌ജുൾ ഇസ്ലാം.


പ്രധാന വാർത്തകൾ
 Top