02 March Tuesday
സഞ്ജു രാജസ്ഥാൻ ക്യാപ്‌റ്റൻ, സ്‌മിത്തിനെ ഒഴിവാക്കി

‘റോയൽ’ സഞ്ജു ; രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021


മുംബൈ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ. ഐപിഎൽ അടുത്ത സീസണിലേക്കുള്ള രാജസ്ഥാൻ ടീമിനെ ഈ മലയാളി വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ നയിക്കും. സ്‌റ്റീവ്‌ സ്‌മിത്തിനെ ഒഴിവാക്കിയാണ്‌ രാജസ്ഥാൻ സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്‌. ഒരു ഐപിഎൽ ടീമിന്റെ നായകനാകുന്ന ആദ്യമലയാളിയാണ്‌ സഞ്ജു. സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളത്തെ നയിച്ചത്‌ ഈ ഇരുപത്താറുകാരനായിരുന്നു. 2013 മുതൽ രാജസ്ഥാനിലുണ്ട്‌. ഐപിഎലിലെ മികവാണ്‌ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ സഞ്ജുവിന്‌ തുറന്നത്‌. ലീഗിൽ 107 കളിയിൽ രണ്ട്‌ സെഞ്ചുറിയും 13 അരസെഞ്ചുറിയും ഉൾപ്പെടെ 2584 റൺ നേടിയിട്ടുണ്ട്‌.

ഐപിഎലിൽ അടുത്ത സീസണിലേക്കായി ടീമുകൾക്ക്‌ കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിച്ചു. ഫെബ്രുവരി 11നാകും താരലേലം. ടൂർണമെന്റ്‌ എന്ന്‌, എവിടെ നടത്തണമെന്ന കാര്യം ഉടൻ തീരുമാനിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള പരമ്പര അവസാനിച്ചാൽ ഉടനെ ഏപ്രിൽ–-മെയ്‌ മാസങ്ങളിലാകും ഐപിഎൽ. കോവിഡ്‌ വ്യാപനം കാരണം ഇത്തവണയും വേദി ദുബായ്‌യാകാൻ സാധ്യത കൂടുതലാണ്‌.

എട്ടു‌ ടീമുകളും പല വമ്പൻ താരങ്ങളെയും ഒഴിവാക്കി. ചെന്നൈ സൂപ്പർ കിങ്‌സ്‌ സുരേഷ്‌ റെയ്‌നയെ നിലനിർത്തി. ദുബായിൽ വ്യക്തിപരമായ കാരണങ്ങളാൽ റെയ്‌ന കളിച്ചിരുന്നില്ല.  മുംബൈ ഇന്ത്യൻസ്‌ ലസിത്‌ മലിംഗയെ ഒഴിവാക്കി. ലീഗിലെ എക്കാലത്തെയും മികച്ച വിക്കറ്റ്‌വേട്ടക്കാരനാണ്‌ മലിംഗ. 122 കളിയിൽ നേടിയത്‌ 170 വിക്കറ്റ്‌. നാല്‌ വട്ടം മുംബൈക്കൊപ്പം കിരീടവും നേടി. മുംബൈ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചതായി മലിംഗ അറിയിച്ചു. 

കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌ ഗ്ലെൻ മാക്‌സ്‌വെല്ലുമായി വേർപിരിഞ്ഞത്‌ ശ്രദ്ധേയമായി. രാജസ്ഥാൻ കുമാർ സംഗക്കാരയെ ടീം ഡയറക്ടറായി നിയമിച്ചു. അനിൽ കുംബ്ലെ പഞ്ചാബ്‌ പരിശീലകനായി തുടരും. അഞ്ച്‌ വർഷത്തിനിടെ ആദ്യമായാണ്‌ പഞ്ചാബ്‌ പരിശീലകനെ നിലനിർത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top