തിരുവനന്തപുരം
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ മത്സരിക്കുന്ന അതേ സമയം തന്നെ 100 മീറ്റർ ഹർഡിൽസിന്റെ ഫൈനൽ. ട്രിപ്പിൾ ജമ്പിൽ നാല് അവസരം കഴിഞ്ഞ് മുന്നിട്ടുനിൽക്കുന്നു (11.57മീറ്റർ). ഹർഡിൽസ് മത്സരത്തിന്റെ അനൗൺസ്മെന്റ് മുഴങ്ങി. ജമ്പിങ് പിറ്റിൽനിന്ന് നേരെ സ്റ്റാർട്ടിങ് ബ്ലോക്കിലേക്ക്. വെടി മുഴങ്ങി. സർവതും മറന്നുള്ള കുതിപ്പ്. സെക്കൻഡുകൾക്കുള്ളിൽ ഫിനിഷിങ് പോയിന്റ് കടന്നു. സ്ക്രീനിൽ ഒന്നാം സ്ഥാനക്കാരിയുടെ പേര് തെളിഞ്ഞു. ഇ എസ് ശിവപ്രിയ (14.93സെക്കൻഡ്). ട്രിപ്പിളിലും ഒന്നാമതെത്തിയതോടെ രണ്ടാമത്തെ സ്വർണവും. ആദ്യ ദിനത്തിൽ ലോങ്ജമ്പ് സ്വർണം നേടിയിരുന്നു. ഇതോടെ ഈ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ ആദ്യ ട്രിപ്പിൾ സ്വർണത്തിന് അവകാശിയായി ശിവപ്രിയ.
തൃശൂർ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. നാട്ടിക സ്പോർട്സ് അക്കാദമിയിലെ വി വി സനോജിന് (കണ്ണൻ) കീഴിലാണ് പരിശീലനം. ലോങ്ജമ്പിൽ 5.37 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. തൃപ്രയാർ ചെമ്മാപ്പിള്ളി ഇയ്യാനി പെയിന്റ് തൊഴിലാളിയായ സുധീരന്റെയും ചാന്ദിനിയുടെയും മകളാണ്. കൈനിറയെ മെഡലുമായി ബുധനാഴ്ച ചെന്നുകയറേണ്ടത് പണി തീരാത്ത വീട്ടിലേക്ക് ആണല്ലോ എന്നത് നേട്ടങ്ങൾക്കിടയിലും കുഞ്ഞുനൊമ്പരമായി അവളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. വീടിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ശിവപ്രിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..