20 March Wednesday

ഇനി റഷ്യയിൽ രാത്രികളില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയം


മോസ്കോ
ഒടുവിൽ ആ ദിവസമെത്തി. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ്. ഇനി ഉറക്കമില്ലാത്ത രാത്രികൾ, റഷ്യക്ക് മാത്രമല്ല, ലോകത്തിനാകെയും.

ഇന്നു രാത്രി 8.30നാണ് കിക്കോഫ്. ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടുന്നു. അതിനുമുമ്പ് അരമണിക്കൂർ റഷ്യൻ കലാകാരന്മാരുടെ നൃത്ത‐സംഗീത വിരുന്ന്. ബ്രിട്ടീഷ് പോപ്താരം റോബി വില്യംസ് സംഘത്തെ നയിക്കും. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനചടങ്ങും ആദ്യ കളിയും. 80,000 പേർക്ക് ഇരിക്കാവുന്ന ഇതേ സ്റ്റേഡിയത്തിലാണ് ജൂലൈ 15ന് ഫൈനൽ.

32 ദിവസം 32 ടീമുകൾ 12 വേദികളിൽ പോരടിക്കും. ടീമുകളെ എട്ട് ഗ്രൂപ്പായി തിരിച്ചാണ് കളികൾ. നാളെമുതൽ മൂന്നു കളികളുണ്ടാകും. 28ന് ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകും. പ്രീ ക്വാർട്ടർ 30ന് തുടങ്ങും. ജൂലൈ ആറിനും ഏഴിനുമാണ് ക്വാർട്ടർ ഫൈനൽ. സെമിഫൈനൽ ജൂലൈ 10നും 11നും. 14ന് ലൂസേഴ്സ് ഫൈനൽ കഴിഞ്ഞ് അടുത്തദിവസം ഫൈനൽ.

ആകെ 736 കളിക്കാർ, 64 കളികൾ. സെന്റ് പീറ്റേഴ്സ് ബർഗ്, സോച്ചി, എകതെറിൻബർഗ്, കസാൻ, നിഷ്നി നൊവ്ഗൊറോദ്, റൊസ്തോവ് ഓൺ ഡോൺ, സമാറ, സറാൻസ്ക്, വൊൾഗോഗ്രേഡ്, മോസ്കോ സ്പാർട്ടക്, കാലിനിൻഗ്രേഡ് എന്നിവയാണ് മറ്റ് സ്റ്റേഡിയങ്ങൾ.

ലോകകപ്പിന്റെ ഈ 21‐ാം പതിപ്പിലും ആരാധകരുടെ പ്രിയപ്പെട്ട ടീം അഞ്ചുതവണ കിരീടം നേടിയ ബ്രസീൽതന്നെ. ഇക്കാലയളവിൽ എട്ട് രാജ്യങ്ങൾക്കു മാത്രമാണ് ലോകകപ്പ് സ്വന്തമാക്കാനായത്. ഇത്തവണയും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള ബലാബലംതന്നെ. 2002നുശേഷം ലാറ്റിനമേരിക്കയിൽനിന്നൊരു വിജയി ഉണ്ടായിട്ടില്ല. ആഫ്രിക്കയും ഏഷ്യയും സാന്നിധ്യം അറിയിച്ച് മടങ്ങും. ക്വാർട്ടർ കടക്കുകയാണ് ആഫ്രിക്കൻ ടീമുകളുടെ ലക്ഷ്യം. ഈജിപ്തിനൊപ്പം ടുണീഷ്യ, നൈജീരിയ, സെനെഗൽ, മൊറോകോ ടീമുകളാണ് ആഫ്രിക്കയിൽനിന്നുള്ളത്.  ഏഷ്യയിൽനിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഇറാൻ ടീമുകളാണ്. ആദ്യറൗണ്ടിനപ്പുറം പ്രതീക്ഷയില്ല ഈ ഏഷ്യൻസംഘങ്ങൾക്ക്.

1958ൽ ആദ്യകിരീടം നേടിയ ബ്രസീൽ 1962, 1970, 1994, 2002 വർഷങ്ങളിൽ നേട്ടം ആവർത്തിച്ചു. കഴിഞ്ഞതവണ സെമിയിൽ സ്വന്തം തട്ടകത്തിൽ ജർമനിയോടേറ്റ തോൽവിയാണ് (7‐1) ഏറ്റവും വലിയ ദുരന്തം. ആ സങ്കടം തീർക്കാനാകും നെയ്മറും സംഘവും ബൂട്ട്കെട്ടുന്നത്. നാല് കിരീടം നേടിയ ജർമനി (1954, 1974, 1990, 2014) തൊട്ടടുത്തുണ്ട്. ലോകകപ്പ് വേദികളിൽ അത്ഭുതകരമായി രൂപമാറ്റം വരും ജർമനിക്ക്്. നാല് ലോകകപ്പ് കൈവശമുള്ള ഇറ്റലിക്ക് ഇത്തവണ യോഗ്യത നേടാനായില്ല.

മെസി വിടപറയുന്നത് ലോകകപ്പുമായാകുമെന്നത് അർജന്റീനയുടെ മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരുടെ ആഗ്രഹമാണ്. 1978ലും 1986ലുമാണ് അവർക്ക് കിരീടം നേടാനായത്. പിന്നീട് ഓരോ തവണയും അവർ മോഹിപ്പിച്ച് മറഞ്ഞുകൊണ്ടിരുന്നു. 1930ലും 1950ലും ജേതാക്കളായ ഉറുഗ്വേക്കും 1966ൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനും പിന്നീട് ഈ ലോകവേദിയിൽ ഉയിർപ്പുണ്ടായില്ല. 1998ൽ ഫ്രാൻസും 2010ൽ സ്പെയ്നും സ്വർണക്കപ്പിൽ തൊട്ടു. ഇത്തവണത്തെ പോരിൽ ഇവർ രണ്ടുപേരും മുന്നിലുണ്ട്.

റഷ്യ‐2018 പുതുചരിത്രമാകും. കളിയുടെ ഒഴുക്കിനെ തടയാതെ റഫറിമാരെ സഹായിക്കാൻ വീഡിയോസംവിധാനം പ്രത്യേകതയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top