21 February Thursday
വിജയഗോൾ ഉംറ്റിറ്റി നേടി

അഴകോടെ, ഉശിരോടെ ഫ്രാൻസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ബൽജിയത്തിനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ഫ്രഞ്ച്‌ താരങ്ങൾ

സെന്റ് പീറ്റേഴ്സ്ബർഗ്
അത്ലാന്റിക് തീരത്തെ അയൽക്കാരുടെ ഉശിരൻ പോരിൽ ഫ്രാൻസിനു ജയം. സൗഹൃദം തൊട്ടുതീണ്ടാത്ത കളിയിൽ ബൽജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രഞ്ചുകാർ ഫൈനലിൽ കടന്നു. എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെ നടന്നതിന്റെ ആഹ്ലാദം ഫ്രഞ്ച് വിജയത്തിൽ നിറഞ്ഞുനിന്നു. കരുത്തൻ എതിരാളിക്കെതിരെ ഒരു സാഹസത്തിനും നിൽക്കാതിരുന്ന ഫ്രഞ്ചുകാർ കൃത്യസമയത്ത് പ്രഹരമേൽപ്പിച്ച് ജയം സ്വന്തമാക്കി.

പതിവു പോലെ അപ്രതീക്ഷിത തന്ത്രങ്ങളുമായി ഇറങ്ങിയ ബൽജിയത്തിന് ബ്രസീലിനെതിരെ എന്ന പോലെ അത്ഭുതമൊന്നും കാണിക്കാനായില്ല. ശാസ്ത്രീയവും ഭദ്രവുമായ തന്ത്രങ്ങളുടെ പൂർണതയിൽ ഫ്രാൻസിന് ലോകകപ്പിലെ മൂന്നാം ഫൈനൽ. ഫൈനൽ സ്വപ്നം ബാക്കിയാക്കി ചുവന്ന ചെകുത്താന്മാരുടെ സുവർണ തലമുറയ്ക്കും മടക്കം.

ആക്രമണത്തിനു തന്നെയായിരുന്നു ഇരുകൂട്ടരും പദ്ധതിയിട്ടത്. എംബാപെയുടെ വേഗം മുതലെടുക്കാൻ ഫ്രാൻസ് തുടക്കത്തിൽ ശ്രമിച്ചു. എതിർ പ്രതിരോധം നിലയുറപ്പിക്കും മുമ്പ് യുവതാരത്തിന്റെ  വേഗത്തിൽ അവരെ അതിശയിപ്പിച്ച് ഒരു ഗോളായിരുന്നു ലക്ഷ്യം. ഉറുഗ്വേക്കെതിരെ പ്രയോഗിച്ച അതേ തന്ത്രം. എന്നാൽ,  ബൽജിയം പ്രതിരോധം വിട്ടുകൊടുത്തില്ല. ഒൺടോയിൻ ഗ്രീസ്മാൻ അൽപം പിന്നിലായാണ് കളിച്ചത്. ആദ്യപകുതിയിൽ ഇരുകൂട്ടർക്കും ലഭിച്ച അവസരങ്ങൾ തുല്യമായിരുന്നു. പരസ്പര ബഹുമാനം ഉണ്ടായിരുന്നുവെങ്കിലും മികച്ച ആക്രമണ നിരയുള്ള ടീമുകൾ അടങ്ങിയിരുന്നില്ല. എന്നാൽ, ഇരുഭാഗത്തെയും ഭദ്രമായ പ്രതിരോധം ഭേദിച്ച് തുറന്ന അവസരങ്ങൾ ഉണ്ടാക്കാനുമായില്ല. 

തുടക്കം പന്ത് ഫ്രാൻസിന്റെ കൈയിലായിരുന്നു. വൈകാതെ ബൽജിയവും ആക്രമിക്കാൻ തുനിഞ്ഞിറങ്ങി. ബൽജിയം ആക്രമണം ശക്തമാക്കിയതോടെ ഫ്രാൻസ് പിന്നോട്ടിറങ്ങി. അതിനിർണായക മത്സരത്തിൽ എല്ലാം മറന്നുള്ള ആക്രമണത്തിന് അവർ ഒരുക്കമല്ലായിരുന്നു. പ്രതിരോധത്തിൽ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും പതിവ് ഒത്തിണക്കം കാണിക്കാത്തതു പോലെ തോന്നി. അതോടെ പൊവാർഡും ലുക്കാസ് ഹെർണാണ്ടസും വിങ്ങിലൂടെ കയറിക്കളിക്കാൻ മടിച്ചു. 

റോബർട്ടോ മാർട്ടിനസ് തന്റെ അപ്രതീക്ഷിത തന്ത്രങ്ങൾ ഈ കളിയിലും പ്രയോഗിച്ചു. പതിവായി ഇടതു വിങ്ങിൽ കളിക്കുന്ന നാസിർ ചാഡ്ലി വലതുവിങ്ങിലാണ് ഇറങ്ങിയത്. സസ്പെൻഷനിലായിരുന്ന തോമസ് മ്യുനിറിനു പകരം മൂസ ഡെമ്പലെയെയാണ് ഇറക്കിയത്. കഴിഞ്ഞ കളിയിൽ മധ്യനിരയുടെ ഒത്തനടുക്ക് കളിച്ച ഡിബ്രയ്ൻ ഇടതുപാർശ്വത്തിലേക്കു മാറി. ശക്തമായ ആക്രമണനിരയുള്ള ഫ്രാൻസിനെതിരെയും പിന്നിൽ മൂന്നു പേർ മാത്രമായിരുന്നു. വിറ്റ്സലിനെ മധ്യനിരയുടെ പിന്നിലായി ഒത്ത മധ്യത്തിൽ നിർത്തി. റൊമേലു ലുക്കാക്കുവും ഏദൻ ഹസാർഡും മുന്നേറ്റത്തിൽ ഒന്നിച്ചു.

ആദ്യപകുതിയിൽ റോബർട്ടോ മാർട്ടിനസിന്റെ തന്ത്രം വിജയിച്ചു. ബൽജിയത്തിന്റെ പദ്ധതികൾ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാതെ ഫ്രാൻസ് കരുതലോടെയാണ് നീങ്ങിയത്. 4‐2‐3‐1 എന്ന പതിവ് ശൈലി തന്നെ തുടർന്ന ഫ്രഞ്ചുകാർ ഒരു സാഹസത്തിനും മുതിർന്നില്ല. യാൻ വെർട്ടോംഗൻ എംബാപെയെ വിടാതെ പിന്തുടർന്നതോടെ വലതുവിങ്ങിലൂടെയുള്ള ആക്രമണങ്ങൾക്ക് മൂർച്ച നഷ്ടമായി. ആദ്യ പകുതിയുടെ പാതി പിന്നിട്ടതോടെ ഗോളിനായി ഇരുകൂട്ടരും കാര്യമായ ശ്രമം തുടങ്ങി. അതോടെ പന്ത് ഇരു പകുതിയിലേക്കും കയറിയിറങ്ങി.

എൻഗോളോ കാന്റെയും പോൾ പോഗ്ബയും പ്രതിരോധത്തിൽനിന്ന് മുന്നോടുകയറിവന്നു. ഗ്രീസ്മാൻ കൈയിൽ വാങ്ങി മുന്നോട്ടുകയറി. റഷ്യയിൽ ഈ മുന്നേറ്റക്കാരൻ ഏറെയും പ്ലേമേക്കറുടെ റോളിലായിരുന്നു. കഴിഞ്ഞ കളിയിൽ സസ്പെൻഷനിലായിരുന്ന ബ്ലെയ്സ് മറ്റൂഡിക്ക് വിശ്രമം കിട്ടിയതിന്റെ ഊർജമുണ്ടായി. അത് ഇടതുവിങ്ങിലുടെയുള്ള നീക്കങ്ങൾക്ക് ഉണർവേകി. വെർട്ടോംഗന്റെ കണ്ണുവെട്ടിച്ച് എംബാപെ ചില മിന്നലോട്ടം നടത്തി. എന്നാൽ, വിൻസന്റ് കൊംപനി നയിച്ച പ്രതിരോധം ചെറുത്തുനിന്നു. ഒളിവർ ജിറുവിന് ലക്ഷ്യബോധം കുറവായിരുന്നു. കിട്ടിയ അർധാവസരങ്ങൾ ഈ അലസഗതിക്കാരൻ പുകച്ചുകളഞ്ഞു.

  ഹസാർഡും ഡിബ്രയ്നും തന്നെയായിരുന്നു ബൽജിയം മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ചത്. ഹസാർഡ് സ്വതന്ത്രനായിരുന്നു. ഡിബ്രുയ്നെയാണ് ഫ്രാൻസ് പ്രധാനമായും നോട്ടമിട്ടത്. കഴിഞ്ഞ കളിയിലെ ഫോമിനടുത്തെങ്ങുമില്ലായിരുന്നു ഈ മധ്യനിരക്കാരൻ. സ്ഥാനം മാറിയ ചാഡ്ലിക്കും തനതായ കളി പുറത്തെടുക്കാനായില്ല. ഹസർഡിന്റെ ഗോൾശ്രമങ്ങൾ ഫ്രാൻസിനെ വിറപ്പിച്ചു. ഹസാർഡിന്റെ ബോക്സിനകത്തുനിന്നുള്ള വെടിയുണ്ട കണക്കെയുള്ള അടി വരാനെയുടെ തലയിൽ തട്ടി ഉയർന്നുപോയതു കൊണ്ടു മാത്രം ഗോളായില്ല. തൊട്ടു പിന്നാലെ ഫ്രഞ്ച് വിങ്ങർ പൊവാർഡിന്റെ മികച്ച ഷോട്ട് ഗോളി തിബോ കുർട്ടോ തട്ടിയകറ്റി. ലുക്കാകുവിന് പന്ത് കിട്ടാതായത് തിരിച്ചടിയായി. ഡിബ്രുയ്നിന്റെയും ഹസാർഡിന്റെയും നീക്കങ്ങൾക്ക് കത്തിമുനയുടെ മൂർച്ച നൽകാൻ ഈ കരുത്തനു സാധിച്ചില്ല.

  രണ്ടാം പകുതിയിൽ കൂടുതൽ ആസൂത്രണത്തോടെ കളിക്കുന്ന ഫ്രാൻസിനെയാണ് കണ്ടത്. ഗ്രീസ്മാനു തന്നെയായിരുന്നു ആക്രമണത്തിന്റെ നേതൃത്വം. പോഗ്ബ കളം നിറഞ്ഞു. ആദ്യപകുതിയിൽ പ്രഭ മങ്ങിയ കാന്റെ എതിരാളികളെ ഒതുക്കാൻ തുടങ്ങി. അതോടെ പ്രതിരോധം നിലയുറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച കോർണറിൽ നിന്നായിരുന്നു ഫ്രാൻസിന്റെ ഗോൾ. വലതുപാർശ്വത്തിൽനിന്ന് ഗ്രീസ്മാൻ വളച്ചു നൽകിയ കിക്ക് മുന്നിൽ തന്നെ കയറിനിന്ന ഉംറ്റിറ്റി പോസ്റ്റിന്റെ മൂലയിലേക്കു തലകൊണ്ട് ചെത്തിയിട്ടു. ഒപ്പംനിന്ന ഉയരക്കാരനായ മൗറോ ഫെല്ലേനിക്ക് തടയാനാകുംമുമ്പ് എല്ലാം കഴിഞ്ഞു(1‐0). ഫ്രാൻസിന് നിർണായക ലീഡ്.

  പ്രതീക്ഷിച്ച പോലെ ഒരു ഗോൾ വീണതോടെ മത്സരം കടുത്തു. ലീഡ് വഴങ്ങിയെങ്കിലും അമിതപ്രതിരോധത്തിന് ഫ്രാൻസ് തയ്യാറായില്ല. അവർ കിട്ടിയ അവസരങ്ങളിൽ എതിർഗോൾമുഖത്തേക്കു കുതിച്ചു.  ബൽജിയം സമനിലയ്ക്ക് കിണഞ്ഞു ശ്രമിച്ചു. എന്നാൽ, ഫ്രഞ്ച് പ്രതിരോധം വല്ലാത്തൊരു ആത്മവിശ്വാസത്തിലായിരുന്നു. അവസാന പത്തുമിനിറ്റ് മുഴുവൻ ഫ്രഞ്ച് പകുതിയിലായിരുന്നു പന്ത്. ബൽജിയം താരങ്ങൾ കയറി നിന്നപ്പോൾ കിട്ടിയ ചില മികച്ച അവസരങ്ങൾ ഫ്രഞ്ചുകാർ ലക്ഷ്യത്തിൽ എത്തിച്ചിരുന്നെങ്കിൽ ലീഡ് ഉയരുമായിരുന്നു.
ഫ്രാൻസിന്റെ ഉംറ്റിറ്റി കളിയിലെ താരമായി.

പ്രധാന വാർത്തകൾ
 Top