13 November Wednesday

റാഞ്ചിയിൽ "ഡബിൾ ഹിറ്റ്‌ '; രോഹിതിന്‌ ആദ്യ ഇരട്ട സെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

റാഞ്ചി >   ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റിൽ രോഹിത്‌ ശർമയ്‌ക്ക്‌ ഇരട്ടസെഞ്ച്വറി. ആദ്യമായാണ്‌ രോഹിത്‌ ശർമ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്നത്‌.  249 പന്തുകളിൽ നിന്നാണ്‌ രോഹിത്‌ ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി പിന്നിട്ടത്‌. എൻഗിഡിയെ സിക്‌സറിന്‌ പറത്തിയാണ്‌ രോഹിത്‌ ഇരട്ടശതകം ആഘോഷിച്ചത്‌. 28 ബൗണ്ടറികളും 4 സിക്സറുകളുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംങ്‌സ്‌.

ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ച്വറി നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്റ്‌സ്‌മാനായി രോഹിത്‌. സച്ചിനും സേവാഗും ക്രിസ്‌ ഗെയിലുമാണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടം കൈവരിച്ചത്‌.


നേരത്തെ രോഹിത്‌ സെഞ്ച്വറി നേടിയതും സിക്‌സറിലൂടെയായിരുന്നു.  255 പന്തിൽ 212 റൺസ്‌ നേടി റബാൻഡയുടെ പന്തിൽ രോഹിത്‌ പുറത്തായി.


  രണ്ടാംദിനം ഉച്ചഭക്ഷണത്തിന്‌ ശേഷം ബാറ്റിങ്‌ പുനരാരംഭിച്ച ഇന്ത്യ 5 വിക്കറ്റ്‌ നഷ്‌ടത്തിൽ 386 റൺസ്‌ എന്ന നിലയിലാണ്‌. രവീന്ദ്ര ജഡേജ (22), വൃദ്ധിമാൻ സാഹ(8) എന്നിവരാണ്‌ ക്രീസിൽ.


 റാഞ്ചിയിൽ ടോസ്‌ നേടിയ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെ മികവ്‌ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ ബാറ്റേന്തിയ ഇന്ത്യക്ക്‌ ആദ്യ ദിവസം തിരിച്ചടി നേരിട്ടിരുന്നു. രോഹിതും രഹാനയുമാണ്‌ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്‌.

കഗീസോ റബാദ കൊടുങ്കാറ്റായി. മായങ്ക്‌ അഗർവാളിനെയും (10) ചേതേശ്വർ പൂജാരയെയും (0) മടക്കി വലംകൈയൻ ഇന്ത്യയെ വിറപ്പിച്ചു. പുണെയിലെ ഇരട്ടസെഞ്ചുറിയുടെ പകിട്ടുമായെത്തിയ കോഹ്‌ലിക്കും (12) പിടിച്ചു നിൽക്കാനായില്ല. ആൻറിച്ച്‌ നോർത്യെ ഇന്ത്യൻ ക്യാപ്‌റ്റനെ മടക്കി. രഹാനെയെത്തി. തുടർന്ന്‌ രക്ഷാപ്രവർത്തനം. ഇന്ത്യൻ വൈസ്‌ക്യാപ്‌റ്റൻ ക്ഷമയോടെ ബാറ്റേന്തി. അപ്പുറം രോഹിത്‌ അനായാസം റൺ കണ്ടെത്തി.

രോഹിതിന്‌ മുന്നിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ ബൗളർമാർ പതറി. പിഴവുകളില്ലാതെ അതിവേഗം റണ്ണടിച്ചു ഇന്ത്യൻ ഓപ്പണർ.


പ്രധാന വാർത്തകൾ
 Top