27 June Thursday

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്: കരുതൽ താരമായി ടീമിനൊപ്പം ചേരാൻ ബിസിസിഐ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ന്യൂഡല്‍ഹി> ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ പന്തിനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ. ഇനി ധവാന് ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരക്കാരനാകേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും


പ്രധാന വാർത്തകൾ
 Top