15 May Saturday

റയൽ ക്ലാസിക് ; ബാഴ്‌സലോണയെ തകർത്ത്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

മാഡ്രിഡ്‌ > ക്ലാസികോയിൽ വീണ്ടും റയൽ മാഡ്രിഡ്‌. സാന്റിയാഗോ ബെർണബ്യൂവിൽ ബാഴ്‌സലോണയെ 2–-1ന്‌ തകർത്ത്‌ റയൽ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോൾ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. മുപ്പതു മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലിന്‌ 66 പോയിന്റായി. 29 കളിയിൽ ഇത്രതന്നെ പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ്‌ രണ്ടാമത്‌. 30 കളിയിൽ 65 പോയിന്റുമായി ബാഴ്‌സ മൂന്നാമത്‌.

കരിം ബെൻസെമയും ടോണി ക്രൂസും തൊടുത്ത ഗോളിലായിരുന്നു റയൽ ബാഴ്‌സയെ തീർത്തത്‌. ആദ്യപകുതിയിലെ മങ്ങിയ പ്രകടനത്തിനുശേഷം തെളിഞ്ഞ ബാഴ്‌സ രണ്ടാം പകുതിയിൽ ഒരെണ്ണം തൊടുത്തെങ്കിലും ആഗ്രഹിച്ച ഫലം കിട്ടിയില്ല. ഓസ്‌കാർ മിൻഗ്വേസയാണ്‌ ബാഴ്‌സയ്‌ക്കായി ഒരെണ്ണം തിരിച്ചടിച്ചത്‌. അവസാനനിമിഷം ഇലയ്‌കസ്  മോറിബയുടെ തകർപ്പൻ ഷോട്ട്‌ ക്രോസ്‌ബാറിൽ തട്ടിത്തെറിച്ചതോടെ ബാഴ്‌സയുടെ പ്രതീക്ഷ തീർന്നു. റയൽ മധ്യനിരക്കാരൻ കാസെമിറോ രണ്ടു മഞ്ഞക്കാർഡ്‌ വഴങ്ങി പുറത്തായി.

അവസാന 19 കളിയിൽ ഒരു തോൽവിയുമില്ലാതെയെത്തിയ ബാഴ്‌സയ്‌ക്ക്‌ റയൽനിരയുടെ  വേഗത്തിനു മുന്നിൽ അടിതെറ്റി. വിനീഷ്യസ്‌ ജൂനിയറും ഫെഡെറികോ വാൽവെർദെയും ബെൻസെമയും ബാഴ്‌സയുടെ യുവ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. കളി തുടങ്ങി പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോൾത്തന്നെ റയൽ ലീഡ്‌ കുറിച്ചു. ലൂകാസ്‌ വാസ്‌കേസിന്റെ കുറിയ ക്രോസിൽ പിൻകാലുകൊണ്ട്‌ തട്ടി ബെൻസെമ ബാഴ്‌സ ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർസ്‌റ്റെയ്‌ഗനെ കാഴ്‌ചക്കാരനാക്കി. ബെൻസെമയുടെ സീസണിലെ 25–-ാം ഗോളായിരുന്നു ഇത്‌.

അരമണിക്കൂർ തികയുംമുമ്പേ ബാഴ്‌സ വീണ്ടും വഴങ്ങി. ഇക്കുറി ക്രൂസിന്റെ ഫ്രീകിക്ക്‌. ക്രൂസിന്റെ കിക്ക്‌ സെർജീനോ ഡെസ്‌റ്റിന്റെ ദേഹത്തും ജോർഡി ആൽബയുടെ തലയിലും തൊട്ട്‌ വലയിൽ വീണു. പിന്നാലെ വാൽവെർദെ മികച്ച അവസരം പാഴാക്കുകയും ചെയ്‌തു. രണ്ടാംപകുതിയിൽ ബാഴ്‌സ താളം കണ്ടെത്തി. 15 മിനിറ്റിനുള്ളിൽ മിൻഗ്വേസയിലൂടെ ഒരെണ്ണം തിരിച്ചടിക്കുകയും ചെയ്‌തു. ലയണൽ മെസിയുടെ കോർണർകിക്ക് വളഞ്ഞിറങ്ങി‌ ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. മാർടിൻ ബ്രത്‌വയ്‌റ്റിനെ ഫെർലാൻഡ്‌ മെൻഡി ബോക്‌സിൽ വീഴ്‌ത്തിയതിന്‌ ബാഴ്‌സ പെനൽറ്റിക്ക്‌ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഇതിനിടെ മിൻഗ്വേസയെ വീഴ്‌ത്തിയതിന്‌ കാസെമിറോ രണ്ടാം മഞ്ഞക്കാർഡ്‌ വാങ്ങി പുറത്തായി. അവസാന ഘട്ടത്തിൽ റയൽ പ്രതിരോധം മികച്ചുനിന്നതോടെ ബാഴ്‌സയുടെ വഴിയടഞ്ഞു. റയൽ ഗോൾമുഖത്ത്‌ തിബൗ കുർടോ ഉറച്ചുനിന്നു. അവസാന മൂന്ന്‌ ക്ലാസികോയിലും റയലിനാണ്‌ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top