04 December Wednesday

രഞ്ജി ട്രോഫി: ആദ്യ ദിനം മഴ തടസ്സപ്പെടുത്തി, പഞ്ചാബിനെതിരെ കേരളത്തിന്‌ മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം > പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സർവതെയുടെയും ജലജ് സക്സേനയുടെയും ബൗളിങ് മികവാണ് കേരളത്തിന് മുൻതൂക്കം നല്കിയത്. ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭയ് ചൌധരിയെ മടക്കി ആദിത്യ സർവതെ മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. വൈകാതെ  ഓപ്പണർ നമൻ ധിറിനെയും ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിങ്ങിനെയും  സർവാതെ തന്നെ മടക്കി. 12 റൺസെടുത്ത പ്രഭ്സിമ്രാൻ ബൗൾഡാവുകയായിരുന്നു. നമൻ ധിർ 10 റൺസെടുത്തു.

തുടർന്നെത്തിയ അൻമോൽപ്രീത് സിങ്ങിനെയും നേഹൽ വധേരയെയും ജലജ് സക്സേന ബൗൾഡാക്കുകയായിരുന്നു. അൻമോൽപ്രീത് 28ഉം നേഹൽ വധേര ഒൻപതും റൺസെടുത്തു. തുടർന്നെത്തിയ ക്രിഷ് ഭഗത്തിന്റെയും രമൺദീപ് സിങ്ങിന്റെയും ചെറുത്തുനില്പാണ് വലിയൊരു തകർച്ചയിൽ നിന്ന് പഞ്ചാബിനെ കരകയറ്റിയത്. മഴയെ തുടർന്ന് കളി നിർത്തുമ്പോൾ ക്രിഷ് ഭഗത് ആറ് റൺസോടെയും രമൺദീപ് 28 റൺസോടെയും പുറത്താകാതെ നില്ക്കുകയാണ്.

ഫാസ്റ്റ് ബൌളറായി ബേസിൽ തമ്പിയെ മാത്രം ഉൾപ്പെടുത്തിയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് പുറമെ രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്, മൊഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ തുടങ്ങിയവരടങ്ങുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ തുടങ്ങിയവരാണ് ആദ്യ പതിനൊന്നിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top