08 December Wednesday

വംശവെറിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാകില്ല ; മത്സരത്തിൽനിന്ന് പിന്മാറി ഡി കോക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

photo credit quinton de kock facebook


ദുബായ്‌
ക്രിക്കറ്റ്‌ കളത്തിൽ വീണ്ടും വംശീയത ചർച്ചയാകുന്നു.മുട്ടുകുത്തി പ്രതിഷേധത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ്‌ കീപ്പർ ക്വിന്റൺ ഡി കോക്ക്‌  വെസ്‌റ്റിൻഡീസിനെതിരായ മത്സരത്തിൽനിന്ന്‌ പിന്മാറി. വംശീയ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധ പ്രചാരണത്തിൽ പങ്കാളിയാകാനില്ലെന്നായിരുന്നു ഡി കോക്കിന്റെ നിലപാട്.

മത്സരത്തിനുമുമ്പ്‌ വംശീയതയ്‌ക്കെതിരെ കാൽമുട്ട്‌ കുത്തി പ്രതിഷേധമുണ്ട്‌. എല്ലാ കളിക്കാരും സാമൂഹികനീതിക്കായുള്ള ഈ പോരാട്ടത്തിൽ ഒറ്റക്കെട്ടായി പങ്കാളികളാകണമെന്ന്‌ കഴിഞ്ഞവർഷം നവംബറിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ്‌ നിർദേശിച്ചിരുന്നു. എന്നാൽ, ഡി കോക്ക്‌ ഈ നിർദേശം അംഗീകരിച്ചില്ല. പലഘട്ടങ്ങളിലും ഈ ഇരുപത്തെട്ടുകാരൻ ടീം അംഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കുകൊണ്ടില്ല. ഈവർഷം ജൂണിൽ വെസ്‌റ്റിൻഡീസുമായുള്ള പരമ്പരയ്‌ക്കിടെ ഡി കോക്ക്‌ തുറന്നടിക്കുകയും ചെയ്‌തു. തന്റെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നു പ്രതികരണം. ‘ആർക്കും നിർബന്ധിച്ച്‌ ഒരു കാര്യവും ചെയ്യിക്കാനാകില്ല. എന്റെ സ്വന്തം തീരുമാനമാണ്‌. മറ്റാർക്കും ഇടപെടാൻ അവകാശമില്ല’–- ഡി കോക്ക്‌ പറഞ്ഞു.

ട്വന്റി–-20 ലോകകപ്പിൽ എല്ലാ ടീമുകളിലെ കളിക്കാരും പ്രതിഷേധത്തിൽ പങ്കുകൊണ്ടു. ഡി കോക്ക്‌ മാത്രം പിന്മാറി. വെസ്‌റ്റിൻഡീസുമായുള്ള കളിയിൽ ഇറങ്ങില്ലെന്ന്‌ ഈ വിക്കറ്റ്‌ കീപ്പർ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുന്നുവെന്നായിരുന്നു ക്യാപ്‌റ്റൻ ടെംബ ബവുമയുടെ പ്രതികരണം. ഡി കോക്കിന്‌ പകരം ഹെൻറിച്ച്‌ ക്ലാസെൻ വിക്കറ്റ്‌ കീപ്പറായി.

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന്‌ പിന്തുണ നൽകാത്ത ഡി കോക്കിന്‌ ദക്ഷിണാഫ്രിക്കൻ ടീമിൽ ഇനി ഇടംകിട്ടാൻ സാധ്യത കുറവാണ്‌. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ കുറിപ്പിലും നടപടിയുണ്ടാകുമെന്ന സൂചനയാണുള്ളത്.  കളിക്കാരുടെ വ്യക്തിപരമായ അവകാശങ്ങളെ മാനിക്കുന്നുവെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതികരണം. 53 ടെസ്‌റ്റിലും 123 ഏകദിനത്തിലും ഇറങ്ങി. 56 ട്വന്റി–-20യും കളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top