06 December Friday

പിങ്കിൽ അങ്കം ; ഇന്ത്യയുടെ ആദ്യ പകൽ രാത്രി ടെസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

പിങ്ക്‌ പന്തുമായി ഇന്ത്യൻ പേസർമാരായ ഇശാന്ത്‌ ശർമ, മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌ എന്നിവർ കൊൽക്കത്ത ഈഡൻ ഗാർഡൻഡ്‌ സ്‌റ്റേഡിയത്തിൽ


കൊൽക്കത്ത
ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു വലിയ മാറ്റത്തിന്‌ ഇന്ന്‌ കൊൽക്കത്ത ഈഡൻ ഗാർഡൻസ്‌ സ്‌റ്റേഡിയം സാക്ഷിയാകുന്നു. ഇന്ത്യയുടെ ആദ്യ പകൽ രാത്രി ടെസ്‌റ്റ്‌, പിങ്ക്‌ പന്ത്‌ മത്സരം. പകൽ ഒന്നിന്‌ ബംഗ്ലാദേശുമായി ഇന്ത്യയുടെ പിങ്ക്‌ പോരാട്ടം തുടങ്ങും.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കണ്ടതല്ലാതെ പിങ്ക്‌ ടെസ്‌റ്റ്‌ നേരിട്ട്‌ അനുഭവിച്ചിട്ടില്ല ഇന്ത്യ. ബംഗ്ലാദേശും അങ്ങനെതന്നെ. കാണികൾക്ക്‌ കണ്ണിന്‌ വിരുന്നാകും. അധികൃതർക്ക്‌ കളിയിൽ എന്ത്‌ സംഭവിക്കുമെന്ന ഉൽക്കണ്ഠയുണ്ട്‌. കളിക്കാർക്ക്‌ ധാരണകളില്ല. പിച്ചും മഞ്ഞും പന്തുമൊക്കെ കളിയിൽ വലിയ സ്വാധീനമുണ്ടാക്കും. സ്‌പിന്നർമാർക്ക്‌ ഇടമില്ലാത്തതാണ്‌ പിങ്ക്‌ പന്ത്‌ കളി. പിച്ചിൽ തിരിവുണ്ടാകില്ല. തിളക്കം നഷ്ടമായാൽ എങ്ങനെ കളിക്കുമെന്നാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ ആശങ്ക. ബംഗ്ലാദേശ്‌ ബാറ്റ്‌സ്‌മാൻമാർ നിരന്തരം പരിശീലനത്തിലായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ്‌ നടക്കുന്നത്‌. ഇൻഡോറിലെ ആദ്യ ടെസ്‌റ്റിൽ ഇന്നിങ്‌സ്‌ ജയമാണ്‌ ഇന്ത്യ നേടിയത്‌. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഏറെ മുന്നിലാണ്‌ ഇപ്പോൾ ഇന്ത്യ.

പേസർ മുഹമ്മദ്‌ ഷമിയുടെ ഉശിരൻ ബൗളിങ്ങാണ്‌ ഇൻഡോറിൽ ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്‌. ബാറ്റിങ്‌നിരയിൽ  ഇരട്ടസെഞ്ചുറി നേടിയ മായങ്ക്‌ അഗർവാളും തിളങ്ങി. കൊൽക്കത്തയിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല.ബംഗ്ലാദേശ്‌ ടീമിൽ മാറ്റങ്ങളുണ്ടാകും. ഇൻഡോർ ടെസ്‌റ്റിൽ ബാറ്റിങ്‌നിര പൂർണമായും മങ്ങി. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കും തമീം ഇക്‌ബാലിന്റെ പരിക്കും ബംഗ്ലാദേശ്‌ ടീമിനെ ബാധിച്ചിട്ടുണ്ട്‌.

ടീം: ഇന്ത്യ–- രോഹിത്‌ ശർമ, മായങ്ക്‌ അഗർവാൾ, ചേതേശ്വർ പൂജാര, വിരാട്‌ കോഹ്‌ലി, അജിൻക്യ രഹാനെ, രീവന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, ഇശാന്ത്‌ ശർമ, ഉമേഷ്‌ യാദവ്‌, മുഹമ്മദ്‌ ഷമി.ബംഗ്ലാദേശ്‌–- ഷദ്‌മാൻ ഇസ്ലാം, ഇമ്രുൾ കയിസ്‌, മൊമിനുൾ ഹഖ്‌, മുഷ്‌ഫിക്കർ, മഹ്‌മദുള്ള, മുഹമ്മദ്‌ മിഥുൻ, ലിട്ടൺ ദാസ്‌, മെഹിദി ഹസൻ, തയ്‌ജുൾ ഇസ്ലാംസ്‌താഫിസുർ റഹ്‌മാൻ, അബു ജായെദ്‌,  അൽ അമീൻ ഹുസൈൻ.


പ്രധാന വാർത്തകൾ
 Top