Deshabhimani

ഉന്നം പിടിച്ച്‌ ഇന്ത്യ ; അമ്പെയ്‌ത്തിൽ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 10:58 PM | 0 min read


പാരിസ്‌
പ്രതീക്ഷയുടെ ഉന്നം പിടിച്ച്‌ ഇന്ത്യ ഒളിമ്പിക്‌സ്‌ കളത്തിലേക്ക്‌. പാരിസിൽ അമ്പെയ്‌ത്തിലാണ്‌ തുടക്കം. വ്യക്തിഗത ഇനത്തിൽ ആറു താരങ്ങൾ ഇന്ത്യക്കായി ഇന്നിറങ്ങും. മൂന്നുവീതം വനിതകളും പുരുഷന്മാരും. 2012 ലണ്ടൻ ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ്‌ ആറുപേരുമായി ഇന്ത്യ അമ്പെയ്‌ത്തിനിറങ്ങുന്നത്‌. ലക്ഷ്യത്തിലേക്ക്‌ അമ്പ്‌ പായിക്കാൻ മിടുക്കരുടെ നിരയാണുള്ളത്‌. വനിതകളിൽ മുൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരിയുമായിരുന്ന ദീപിക കുമാരി, അങ്കിത ഭഗത്‌, ഭജൻ കൗർ എന്നിവരാണ്‌ അണിനിരക്കുന്നത്‌. പുരുഷന്മാരിൽ തരുൺദീപ്‌ റായും ധീരജ്‌ ബൊമ്മദേവരയും പ്രവീൺ ജാദവും. ടീം ഇനത്തിൽ മൂവരും നിലവിലെ ലോക ചാമ്പ്യൻമാരാണ്‌. ഇവരിലൂടെ അമ്പെയ്‌ത്തിലെ ആദ്യ ഒളിമ്പിക്‌ മെഡൽ പ്രതീക്ഷിച്ചാണ്‌ ഇന്ത്യയുടെ വരവ്‌.

ദീപികയുടെയും തരുൺദീപിന്റെയും നാലാം ഒളിമ്പിക്‌സാണിത്‌. ധീരജും അങ്കിതയും കന്നിക്കാരാണ്‌. വ്യക്തിഗത ഇനത്തിലെ പ്രാഥമിക റൗണ്ടാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. റാങ്കിങ്‌ അനുസരിച്ചാണ്‌ മത്സരം. എല്ലാവർക്കും 72 അമ്പെയ്യാം. സ്‌കോർ നോക്കിയാണ്‌ സീഡ്‌ നിർണയിക്കുക. ഞായറാഴ്‌ചയാണ്‌ നോക്കൗട്ട്‌ റൗണ്ട്‌ തുടങ്ങുക. 53 രാജ്യങ്ങളിൽനിന്നായി 128 താരങ്ങളാണ്‌ പ്രാഥമിക റൗണ്ടിലുള്ളത്‌. പുരുഷ ടീമിനെ കൂടാതെ വ്യക്തിഗതവിഭാഗത്തിൽ ദീപികയിലും ഇന്ത്യ പ്രതീക്ഷ പുലർത്തുന്നുണ്ട്‌. മുപ്പതുകാരി നാലുതവണ ലോകചാമ്പ്യനാണ്‌. നിലവിൽ വെള്ളിമെഡൽ ജേതാവാണ്‌.

1988 സോൾമുതലാണ്‌ അമ്പെയ്‌ത്ത്‌ ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്‌. 2000ൽ സിഡ്‌നിയിൽ ഒഴികെ മറ്റെല്ലാ പതിപ്പിലും ഇന്ത്യ പങ്കെടുത്തു. ടോക്യോയിൽ ക്വാർട്ടറിൽ കടന്നതാണ്‌ മികച്ച പ്രകടനം. പുരുഷ ടീമും ദീപികയും ക്വാർട്ടറിൽ മടങ്ങി.

ഇന്ത്യ ഇന്ന്‌

അമ്പെയ്‌ത്ത്‌ വനിതാ 
വ്യക്തിഗത 
റാങ്കിങ്‌ റൗണ്ട്‌–-പകൽ 1
ദീപിക കുമാരി, അങ്കിത ഭഗത്‌, ഭജൻ കൗർ
അമ്പെയ്‌ത്ത്‌ പുരുഷ 
വ്യക്തിഗത റാങ്കിങ്‌ 
റൗണ്ട്‌–-വൈകിട്ട്‌ 5.45
തരുൺദീപ്‌ റായ്‌, 
ധീരജ്‌ ബൊമ്മദേവര, 
പ്രവീൺ ജാദവ്‌

 

പ്രതീക്ഷയുടെ അമ്പ്‌

ഡോ. സോണി ജോൺ
(ഇന്ത്യൻ അമ്പെയ്‌ത്ത്‌ 
ടീം 
 സ്‌പോർട്‌സ്‌ 
സൈക്കോളജിസ്റ്റായിരുന്നു)

അമ്പെയ്‌ത്തിൽ ലോകവേദിയിൽ ഇന്ത്യ തിളങ്ങുന്ന കാലമാണിത്‌. ലോകകപ്പിലും ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും മെഡൽ വാരി. കോമ്പൗണ്ട്‌ ഇനത്തിലാണ്‌ ഇന്ത്യയുടെ നേട്ടം. ഒളിമ്പിക്‌സിൽ റീകർവ്‌ ഇനത്തിലാണ്‌ മത്സരം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ വിഭാഗത്തിൽ അഭിമാനിക്കാവുന്ന പ്രകടനം ഇല്ല. ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌, ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭഗത്‌ എന്നിവരാണ്‌ ഇന്ത്യക്കായി അണിനിരക്കുന്നത്‌    പുരുഷന്മാരുടെ ടീം ഇനത്തിലാണ്‌ മെഡൽ പ്രതീക്ഷിക്കാവുന്നത്‌. വ്യക്തിഗത ഇനത്തിൽ ധീരജിൽ ഒരു മെഡലുകാരനുണ്ട്‌. വനിതകളിൽ ദീപിക കുമാരിയുടെ പരിചയസമ്പത്തിൽ വിശ്വാസമർപ്പിക്കാം. അമ്പെയ്‌ത്തിൽ നിർണായകഘട്ടത്തിൽ പോയിന്റ്‌ നേടുകയെന്നതാണ്‌ പ്രധാനം. ആ മിടുക്കിനെ ആശ്രയിച്ചിരിക്കും മെഡൽസാധ്യത.


 



deshabhimani section

Related News

View More
0 comments
Sort by

Home