Deshabhimani

അമ്പെയ്‌ത്ത്‌ ; പിഴയ്‌ക്കാതെ മുന്നോട്ട്‌ , പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 03:53 PM | 0 min read

പാരിസ്‌
ഉന്നം പിഴയ്‌ക്കാതെ ഇന്ത്യൻ അമ്പെയ്‌ത്ത്‌ സംഘം ടീം ഇനങ്ങളിൽ ക്വാർട്ടറിൽ. പുരുഷ–-വനിതാ ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചു. പുരുഷൻമാർ യോഗ്യതാ റൗണ്ടിൽ മൂന്നാംറാങ്കുകാരായും വനിതകൾ നാലാംറാങ്കുകാരായും മുന്നേറി. മിക്‌സഡ്‌ ടീം അഞ്ചാംസ്ഥാനത്തോടെ പ്രീക്വാർട്ടറിലും ഇടംകണ്ടെത്തി. പുരുഷന്മാരിൽ തരുൺദീപ്‌ റായും ധീരജ്‌ ബൊമ്മദേവരയും പ്രവീൺ ജാദവും ഉൾപ്പെട്ട സംഘം ആകെ 2013 പോയിന്റ്‌ നേടി. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ്‌ രണ്ടാമതുമായി. ക്വാർട്ടറിൽ തുർക്കിയോ കൊളംബിയയോ ആകും എതിരാളി. 29നാണ്‌ മത്സരം.

വ്യക്തിഗത റാങ്കിങ്‌ വിഭാഗത്തിൽ ധീരജ്‌ നേട്ടമുണ്ടാക്കി. നാലാംസീഡായി. 681 പോയിന്റാണ്‌ ഇരുപത്തിരണ്ടുകാരൻ എയ്‌തിട്ടത്‌. തരുൺദീപ്‌ 14–-ാമതായി. 674 പോയിന്റ്‌. പ്രവീൺ (658) 39–-ാംസീഡിലേക്ക്‌ പിന്തള്ളപ്പെട്ടു.

വനിതകളിൽ ദീപിക കുമാരി, അങ്കിത ഭഗത്‌, ഭജൻ കൗർ എന്നിവരാണ്‌ അണിനിരന്നത്‌. 666 പോയിന്റുള്ള അങ്കിതയ്‌ക്കാണ്‌ ഉയർന്ന സീഡ്‌. 11–-ാമത്‌. ഭജനും (659) ദീപികയും (658) 22, 23 സ്ഥാനത്തായി. 28ന്‌ നടക്കുന്ന ക്വാർട്ടറിൽ ഫ്രാൻസോ നെതർലൻഡ്‌സോ എതിരാളിയാകും. അടുത്ത റൗണ്ടിൽ വ്യക്തിഗത ഇനത്തിൽ പോളണ്ടിന്റെ വയലെറ്റ മൈസോറാണ്‌ അങ്കിതയുടെ എതിരാളി. ഇന്തോനേഷ്യയുടെ സിഫിയ നുററാഫിയ കമാലിനെ ഭജൻ നേരിടും. മുൻ ലോകചാമ്പ്യനായ ദീപിക എസ്‌തോണിയയുടെ റീന പെർനാതുമായി ഏറ്റുമുട്ടും. അമ്പത്തിമൂന്ന്‌ രാജ്യങ്ങളിൽനിന്നായി 128 താരങ്ങളാണ്‌ യോഗ്യതാറൗണ്ടിൽ മത്സരിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home