കറാച്ചി
ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് മൂന്നു റൺ ജയം. നാലാം ട്വന്റി–20യിൽ ഒരുഘട്ടത്തിൽ ജയത്തിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ അവസാന ഓവറിലെ രണ്ടാംപന്തിൽ ഷാൻ മസൂദ് റണ്ണൗട്ടിലൂടെ വീഴ്ത്തി. ഇതോടെ ഏഴു മത്സരപരമ്പര 2–2 സമനില. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാലിന് 166 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് 19.2 ഓവറിൽ 163ന് പുറത്തായി.
അവസാന 12 പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ ഒമ്പതു റൺ മതിയായിരുന്നു ഇംഗ്ലണ്ടിന്. 18–-ാംഓവറിൽ 24 റണ്ണടിച്ചുകൂട്ടിയ ലിയാം ഡോസണായിരുന്നു ക്രീസിൽ. ഹാരിസ് റൗഫ് എറിഞ്ഞ 19–-ാംഓവറിന്റെ രണ്ടാംപന്ത് ഫോർ പായിച്ച ഡോസൺ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 10 പന്തിൽ അഞ്ചായി ചുരുക്കി. എന്നാൽ, അടുത്ത പന്തിൽ റൗഫ് ഡോസണെ (17 പന്തിൽ 34) മടക്കി. നാലാംപന്തിൽ ഒല്ലി സ്റ്റോണിന്റെ കുറ്റിയും പിഴുതു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ നാലു റൺ. മുഹമ്മദ് വസീമിന്റെ ആദ്യപന്തിൽ റീലെ ടോപ്-ലിക്ക് റണ്ണെടുക്കാനായില്ല. അടുത്ത പന്ത് തട്ടിയിട്ട ഓടിയ ടോപ്-ലിയെ റൺ പൂർത്തിയാക്കുംമുമ്പ് മസൂദ് എറിഞ്ഞിട്ടു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ഹാരിസ് റൗഫാണ് മാൻ ഓഫ് ദി മാച്ച്.
ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ബെൻ ഡക്കറ്റ് (24 പന്തിൽ 33), ഹാരി ബ്രൂക്ക് (29 പന്തിൽ 34), ക്യാപ്റ്റൻ മൊയീൻ അലി (20 പന്തിൽ 29), ഡോസൺ എന്നിവരിലൂടെയാണ് ഇംഗ്ലണ്ട് പൊരുതിയത്. പാകിസ്ഥാനുവേണ്ടി മുഹമ്മദ് റിസ്വാൻ 67 പന്തിൽ 88 റണ്ണടിച്ചു. നാളെയാണ് അടുത്തമത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..